മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബിൽ തുക ഓൺലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയം. മീറ്റർ റീഡർ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപയോക്താക്കൾക്ക് അനായാസം ബിൽ തുക അടയ്ക്കാൻ സാധിക്കും. ഡെബിറ്റ് / ക്രെഡിറ കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേയ്ടിഎം തുടങ്ങിയ ഭാരത് ബിൽ പേആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും. യാത്ര ചെയ്യാൻ പ്രയാസമുള്ളവർക്കും ഓൺലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും പദ്ധതി സഹായമാണ്.
കനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബിൽ പേയ്മെന്റ് സേവനത്തിന് സർവീസ് ചാർജോ അധിക തുകയോ നൽകേണ്ടതില്ല. കെഎസ്ഇബിയെ സംബന്ധിച്ച് റീഡിങ് എടുക്കുന്ന ദിവസം തന്നെ ബിൽ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്. നവംബർ 15 മുതൽ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂർ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയമായതിനാൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണു കെഎസ്ഇബി ലക്ഷ്യമിടുന്നത്.