Read more at: https://janamtv.com/80845525/
ചെറുകിട സംരംഭങ്ങൾക്ക് മൂലധനം ഉറപ്പു വരുത്തുന്നതിനായി കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. 2023-2024 സാമ്പത്തിക വർഷം മുദ്ര യോജന പ്രകാരം സംസ്ഥാനത്ത് വിതരണം ചെയ്ത വായ്പകൾ റെക്കോർഡ് നിരക്കിലാണെന്ന് കണക്കുകൾ സുചിപ്പിക്കുന്നു.ഇതിനോടകം തന്നെ 19.13 ലക്ഷം അപേക്ഷകർക്ക് 17,319.95 കോടി രൂപയുടെ വായ്പകളാണ് കേരളത്തിൽ അനുവദിച്ചിരിക്കുന്നത്. ഇതിൽ 17,179.58 കോടി രൂപ വിതരണം ചെയ്തുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
2022-2023 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് വിതരണം ചെയ്ത മുദ്രാ വായ്പകളുടെ മൂല്യം 15,079 കോടി രൂപയായിരുന്നു. ഈ കാലയളവിൽ 17.81 ലക്ഷം ആളുകൾക്കാണ് മുദ്രയുടെ പ്രയോജനം ലഭ്യമായത്. മൂന്ന് വായ്പാ വിഭാഗങ്ങളാണ് പ്രധാനമായും മുദ്രയ്ക്കുള്ളത്. 50,000 രൂപ വരെ ലഭ്യമാകുന്ന ശിശു, 50,000-ന് മുകളിൽ അഞ്ച് ലക്ഷം രൂപ വരെ ലഭ്യമാകുന്ന കിഷോർ, അഞ്ച് ലക്ഷത്തിന് മുകളിൽ 10 ലക്ഷം വരെ ലഭിക്കുന്ന തരുൺ എന്നിവയാണ് മൂന്ന് വിഭാഗങ്ങൾ.
ഇവയിൽ അഞ്ച് ലക്ഷം രൂപ വരെ ലഭ്യമായേക്കാവുന്ന കിഷോർ വായ്പയ്ക്കാണ് സംസ്ഥാനത്ത് ഡിമാൻഡ് കൂടുതലുള്ളത്. 2023-2024 സാമ്പത്തിക വർഷത്തിൽ 8.05 ലക്ഷം അപേക്ഷകളാണ് കിഷോർ വിഭാഗത്തിൽ ലഭിച്ചത്. ഇതിൽ 9,123.70 കോടി രൂപ വായ്പ അനുവദിച്ചു. 9,047 കോടി രൂപയാണ് വിതരണം ചെയ്തത്. 47,293 അപേക്ഷകരാണ് തരുൺ വിഭാഗത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 4,370.32 കോടി രൂപ അനുവദിച്ചു. 4,320.15 കോടി രൂപയാണ് വിതരണം ചെയ്തത്. 10.61 ലക്ഷം അപേക്ഷകരാണ് സംസ്ഥാനത്ത് ശിശു വിഭാഗത്തിൽ ഉള്ളത്. 3,825.93 കോടി രൂപ അനുവദിച്ചതിൽ 3,812.43 കോടി രൂപ വിതരണം ചെയ്തു.
ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് മുദ്രാ വായ്പകൾ അനുവദിക്കുന്നത്. ദേശീയതലത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ വായ്പാ വിതരണം അഞ്ച് ലക്ഷം കോടി രൂപയിലേക്ക് അടുത്തു. 6.03 കോടി ആളുകൾക്കായി 4.93 കോടി രൂപ അനുവദിച്ചു. 4.85 കോടി രൂപയാണ് വിതരണം ചെയ്തത്.