ഓണ്‍ലൈനില്‍ ടവ്വല്‍ ഓര്‍ഡര്‍ ചെയ്തു; 70കാരിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് എട്ടര ലക്ഷം രൂപ

മുംബൈ: ഓണ്‍ലൈന്‍ വഴി ടവ്വല്‍ വാങ്ങാന്‍ ശ്രമിച്ച 70കാരിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍. 8.30 ലക്ഷം രൂപയാണ് മുംബൈ മിറാ റോഡില്‍ താമസിക്കുന്ന സ്ത്രീയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തത്.
1160 രൂപക്ക് ആറ് ടവ്വലുകളാണ് ഇവര്‍ ഒരു ഇ-കൊമേഴ്സ് സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്തതെന്ന് പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴി തന്നെയാണ് പണമടച്ചത്. എന്നാല്‍ 1,169 രൂപക്ക് പകരം 19,005 രൂപയാണ് അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത്. ഉടന്‍ തന്നെ ബാങ്ക് ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചെങ്കിലും ബാങ്കുമായി ബന്ധപ്പെടാനായില്ല. താമസിയാതെ, ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ഒരാള്‍ വിളിക്കുകയും തെറ്റായ പണമിടപാട് നടന്നതില്‍ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. റീഫണ്ടിനായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനും സ്ത്രീയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം അയാള്‍ പറഞ്ഞ നിര്‍ദേശങ്ങളെല്ലാം യുവതി പാലിച്ചെങ്കിലും അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു.
കബളിക്കപ്പെട്ടെന്ന് മനസിലായതോടെ സ്ത്രീ പൊലീസിനെ സമീപിച്ചെങ്കിലും ഇതിനിടയില്‍ ഏകദേശം 8.3 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടമായി. “ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്.അജ്ഞാതർക്കെതിരെ കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്,” എംബിവിവി പൊലീസിന്‍റെ സൈബർ സെൽ ഉദ്യോഗസ്ഥൻ അറിയിച്ചു.