പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം.

കോവിഡ് രോഗബാധയുടെ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത   പാലിക്കണമെന്ന്   ജില്ലാ   മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ ടി പ്രേമകുമാര്‍ അറിയിച്ചു. ഇടവിട്ട് കാണപ്പെടുന്ന മഴയും, വെയിലും   കൊതുകു വളരുന്നതിനുള്ള അനുകൂല കാലാവസ്ഥയാണ്. ഇത് കൊതുകു സാന്ദ്രത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതിനാല്‍ ഡെങ്കിപ്പനി കൂടുതല്‍  പടരുവാനുള്ള  സാധ്യത വളരെയേറുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ 50 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ശുദ്ധജലത്തില്‍  വളരുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് ഈ രോഗം പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ആരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കുക്കുവാനും  ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

കൊതുക് വളരുന്ന  സാഹചര്യങ്ങള്‍ ഒഴിവാക്കുക. ചിരട്ടകള്‍, കുപ്പികള്‍, ടയറുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന രീതിയില്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, ഫ്രിഡ്ജ് ട്രേ, ഇന്‍ഡോര്‍ പ്ലാന്റുകള്‍ വച്ചിരിക്കുന്ന പാത്രങ്ങള്‍ എന്നിവകളില്‍   കൊതുകുകള്‍ മുട്ടയിടാതിരിക്കാനായി ശ്രദ്ധിക്കണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ കൊതുകുകള്‍ മുട്ടയിടാതിരിക്കാനായി കൊതുകു വലയോ ,തുണിയോ    ഉപയോഗിച്ച് മൂടി വെക്കുക. അലങ്കാര കുളങ്ങളില്‍ ഗപ്പി, ഗംബൂസിയ തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുക, കക്കൂസിന്റെ വെന്റ് പൈപ്പുകള്‍ വലകള്‍ കൊണ്ട് കെട്ടിവയ്ക്കുക, ടാങ്കിന്റെ  സ്ലാബുകളിലെ  വിടവുകള്‍ നികത്തുക, ഓടകളിലെ മാലിന്യങ്ങള്‍ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാര്‍ഗ്ഗങ്ങളാണ് രോഗം തടയുന്നതിനായി സ്വീകരിക്കേണ്ടത്. കൊതുകുകടി യേല്‍ക്കാതിരിക്കാന്‍ കൊതുകുവല, ലേപനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് സ്വയം സംരക്ഷിക്കുവാന്‍ ശ്രദ്ധിക്കണം.

കൊതുകുമൂലമുള്ള  പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലുടനീളം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പ്ലാന്റ്റേഷന്‍  മേഖലകളിലെ പ്രത്യേക ക്യാമ്പയിന്‍, ഡ്രൈഡേ പ്രവര്‍ത്തനങ്ങള്‍, ഗൃഹസന്ദര്‍ശന ബോധവത്കരണപരിപാടികള്‍, ഹോട്ടലുകള്‍, ബേക്കറികള്‍  തുടങ്ങിയവ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രത്യേക പരിശോധനകള്‍ എന്നീ വിവിധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നു. ആരോഗ്യസേന രൂപീകരിച്ചുകൊണ്ടു  വാര്‍ഡ് തലങ്ങളില്‍ നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്തിവരുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും പകര്‍ച്ചവ്യാധികള്‍  തടയുവാനുള്ള  ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ  പൂര്‍ണ്ണസഹകരണം ഉറപ്പാക്കണമെന്നും സ്‌കൂളുകളില്‍ വെള്ളിയാഴ്ച്ച തോറും, സ്ഥാപനങ്ങളില്‍ ശനിയാഴ്ച്ചയും  ഞായറാഴ്ച്ചകളില്‍  വീടുകളിലും ശുചീകരണം നടത്തി നിര്‍ബന്ധമായും ഡ്രൈഡേ  ആചരിക്കണമെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു

ജില്ലയില്‍  എലിപ്പനിയും  കൂടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുളളത്. 24 എലിപ്പനി കേസുകളുമാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എലിപ്പനി സ്ഥിരീകരിച്ച മരണങ്ങളും എലിപ്പനി സംശയിക്കുന്ന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി മരണങ്ങള്‍ പലപ്പോഴും സംഭവിക്കുന്നത് ഉടനടി ചികിത്സ തേടാത്തതിനാലാണ്.  അതിനാല്‍  രണ്ടോ മൂന്നോ   ദിവസം കൊണ്ട് ഭേദമാകാത്ത പനിയും, പേശിവേദനയും, ആവര്‍ത്തിച്ചുവരുന്ന പനിയും വരികയാണെങ്കില്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കേണ്ടതാണ്. മലിന ജലവുമായോ മറ്റു മാലിന്യം നിറഞ്ഞ സാഹചര്യങ്ങളുമായോ ഇടപഴകിയിട്ടുണ്ടെങ്കില്‍ അതും ഡോക്ടറോട് പറയേണ്ടതാണ്. എന്നാല്‍ മാത്രമെ ഡോക്ടര്‍ക്ക് എലിപ്പനി സംശയിക്കാന്‍ സാധിച്ച് പെട്ടന്ന് തന്നെ ചികിത്സ തുടങ്ങാന്‍ സാധിക്കുകയുളളു.  തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാത്തതുമൂലം ചികിത്സ ആരംഭിക്കുവാന്‍ വൈകുകയും ലക്ഷണങ്ങള്‍ ഗുരുതരമാകുകയും പിന്നീട് മരണം സംഭവിക്കുകയും ആണ് ചെയ്യുന്നത്. 

 എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി. എലി മൂത്രം വഴി മണ്ണിലും വെളളത്തിലും എത്തുന്ന രോഗാണുക്കള്‍ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ വഴിയോ, കണ്ണിലേയും വായിലേയും ശ്ലേഷ്മ സ്തരങ്ങള്‍ വഴിയോ ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാക്കുന്നത്. ക്ഷീണത്തോടെയുളള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ കണ്ണില്‍ ചുവപ്പ്, മൂത്രകുറവ്, മഞ്ഞപ്പിത്ത 

ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. ഓടകളിലും തോടുകളിലും  വയലുകളിലും കുളങ്ങളിലും വെളളക്കെട്ടു കളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലും മീന്‍ പിടുത്തത്തില്‍ ഏര്‍പ്പെടുന്നവരിലും തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു. പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാവുന്ന രോഗമായ എലിപ്പനി മൂലം മരണങ്ങള്‍ ഉണ്ടാകുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

ഇവ കൂടാതെ, മഴക്കാലത്ത് വയറിളക്ക രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. വയറിളക്കം പിടിപെട്ടാല്‍ ഉടനെ തന്നെ ചികിത്സ തേടണം. ആരംഭത്തില്‍ തന്നെ  പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ആഹാരം കഴിക്കുന്നതിനു മുന്‍പും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും  സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം. വയറിളക്ക രോഗമുള്ള വ്യക്തികള്‍ ഉപയോഗിക്കുന്ന ശൗചാലയം, ശരിയായ രീതിയില്‍ അണുനശീകരണം നടത്താതെ, രോഗമില്ലാത്തവര്‍ ഉപയോഗിക്കുന്നത് രോഗ പകര്‍ച്ച വേഗത്തിലാക്കും. സാലഡുകള്‍ തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍  ശുദ്ധജലത്തില്‍ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ആഹാരസാധനങ്ങളും മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കൃത്യമായ ഇടവേളകളില്‍ കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്. പാരിസ്ഥിതിക ശുചിത്വം, ഭക്ഷ്യ ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പാലിച്ചുകൊണ്ട് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ഏവരും സഹകരിക്കേണ്ടതാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)

http://www.globalbrightacademy.com/about.php
Verified by MonsterInsights