സംസ്ഥാനത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പരീക്ഷ എഴുതുമ്പോള്‍ പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ച് പിഎസ്︋സി (PSC). പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് ഇന്‍സുലിന്‍, ഇന്‍സുലിന്‍ പെന്‍ (Insulin Pen), ഇന്‍സുലിന്‍ പമ്പ്, സിജിഎംസ് ( കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിട്ടറിങ് സിസ്റ്റം), ഷുഗര്‍ ഗുളിക, വെള്ളം എന്നിവ പരീക്ഷാ ഹാളിനുള്ളില്‍ (Exam Hall) ഇനിമുതൽ അനുവദിക്കും. അതേസമയം പ്രത്യേക പരിഗണന ആവശ്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങൾ ടൈപ്പ് വൺ പ്രമേഹ രോഗികളാണെന്ന് (diabetic patient) പ്രൊഫൈല്‍ വഴി അപേക്ഷിക്കണ്ടതുണ്ട്.

അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്ന് നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തുടര്‍ന്ന് അടുത്തുള്ള പിഎസ്︋സി ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പിഎസ്︋സി വെബ്‌സൈറ്റിലെ ‘മസ്റ്റ് നോ’ എന്ന ലിങ്കില്‍ ‘ടൈപ്പ് വണ്‍ ഡയബെറ്റിക്’ എന്ന മെനുവില്‍ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
