ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. ഉച്ചയ്ക്ക് 12.30നും ഒരുമണിക്കും ഇടയിൽ ഉള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. രാത്രി ഹരിവരാസനം പാടി നടയടക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.
അതേസമയം, ശബരിമലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നട വരുമാനമാണ് ഇത്തവണ ലഭിച്ചത്. 222.98 കോടി രൂപയാണ് നടവരുമാനമായി ലഭിച്ചത്. ഇതിനുമുമ്പത്തെ ഏറ്റവും വലിയ വരുമാനം ലഭിച്ചത് 2017ലായിരുന്നു. അന്ന് 164 കോടിയായിരുന്നു വരുമാനം.

ഈ സീസണിൽ ഇതുവരെയായി 29 ലക്ഷത്തിലേറെ തീർത്ഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 70.10 കോടി രൂപ കാണിക്കയായുംലഭിച്ചു. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്.
കൃത്യമായി 222,98,70,250 രൂപ നടവരുമാനവും 70,10,81,986 രൂപ കാണിക്കയുമായി ലഭിച്ചു. അരവണയ്ക്കും അപ്പത്തിനും എത്രവരവ് ഉണ്ടായെന്ന് ദേവസ്വം ബോർഡ് വെളിപ്പെടുത്തിയില്ല.
