സമപ്രായക്കാരിൽ നിന്നുണ്ടാകുന്ന സമ്മർദം (Peer Pressure) കൗമാരകാലഘട്ടത്തിൽ കുട്ടികളിൽ രൂക്ഷമാകും. സമപ്രായക്കാരുടെ സ്വാധീനത്തിനു വഴങ്ങാനും അതിന് അനുസരിച്ച് പ്രവൃത്തിക്കാനുമുള്ള സാഹചര്യമാണ് ഇവിടെ ഉണ്ടാകുന്നത്. ഇങ്ങനെ ഉണ്ടാകുന്ന സമ്മർദത്തിലൂടെ കുട്ടി ചെയ്യുന്നത് മോശം കാര്യമാകണമെന്ന് നിർബന്ധമില്ല. എന്നാൽ ചിലപ്പോൾ കുട്ടികൾ തെറ്റായ വഴിയിലേക്ക് നയിക്കപ്പെടാനും സാധ്യതയുണ്ട്. ഇടപഴകുന്ന സമപ്രായക്കരുടെ സ്വഭാവം അനുസരിച്ചായിരിക്കും ഇത്. എന്തു തന്നെയായാലും മാതാപിതാക്കളിലും ചില സമ്മർദങ്ങൾക്ക് ഇതു കാരണമാകാം. എന്തായാലും പിയർ പ്രഷറിനെ പോസിറ്റീവ് ആയി നേരിടാൻ കുട്ടിയെ പരിശീലിപ്പിക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. അത് എങ്ങനെയെന്നു നോക്കാം.
മാതാപിതാക്കൾ കൈമാറുന്ന മൂല്യമായിരിക്കും കുട്ടികളുടെ സ്വഭാവത്തെ നിർണയിക്കുന്നത്. അതിനുശേഷമാണ് മറ്റുള്ളവരുടെ സ്വാധീനവും സമ്മർദവും വരിക. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് ആവശ്യമായ അറിവുകളും മൂല്യങ്ങലും പകർന്നു നൽകുക. യഥാർഥ സൗഹൃദം കണ്ടെത്താൻ അവരെ പഠിപ്പിക്കുക. മക്കളുടെ സുഹൃത്തുക്കൾ ആരായിരിക്കണമെന്നു മാതാപിതാക്കൾ തീരുമാനിക്കുന്നത് വിപരീത ഫലം ചെയ്യാനുള്ള സാധ്യതയുണ്ട്.
ഞാൻ ഇക്കാര്യം ചെയ്തത് അറിഞ്ഞാൽ മാതാപിതാക്കളുടെ പ്രതികരണം എന്താവുമെന്ന് ആലോചിക്കാൻ പറയുക. തന്റെ സന്തോഷവും നന്മയും ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഇക്കാര്യം അറിഞ്ഞാൽ വേദനിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുമോ എന്ന് സ്വയം ചോദിക്കാൻ അവരെ പരിശീലിപ്പിക്കണം. കുട്ടികൾ സ്വാധീനിക്കപ്പെടാൻ സാധ്യത കൂടുതലാണ്. പക്ഷേ ആ സ്വാധീനം മാതാപിതാക്കളാലുമാകാം. നിങ്ങളുടെ പ്രവൃത്തികൾ കാണുകയും അതിനാൽ അവർ സ്വാധീനിക്കപ്പെടുകുയം ചെയ്യട്ടേ. അവരെ പോസിറ്റീവായി നിലനിർത്തുന്നതും പ്രചോദിപ്പുക്കുന്നതും തെറ്റുകൾ തിരിച്ചറിയാനും തിരുത്താനും സാധിക്കുന്ന തരത്തിലാകണം മാതാപിതാക്കളുടെ പ്രവൃത്തികൾ.
മക്കളുടെ ബെസ്റ്റ് ഫ്രണ്ട് മാതാപിതാക്കളാണെങ്കിൽ കാര്യങ്ങൾ കൂടുതൽ മികച്ചതാവും. അതിന് അവരുടെ അവസ്ഥയിലേക്ക് നിങ്ങൾക്ക് എത്താനാകണം. കാര്യങ്ങൾ മനസ്സു തുറന്ന് സംസാരിക്കാനും ആശങ്കകൾ പങ്കുവയ്ക്കാനും പുതിയ കാര്യങ്ങൾ ഒന്നിച്ച് ചെയ്യാനും അവസരം ഒരുക്കുക. ഇതെല്ലാം പിയർ പ്രഷറിനെ പോസിറ്റീവായി നേരിടാൻ അവർക്ക് കരുത്തേകും.