ആഗോളതലത്തിൽ ഒരു മികച്ച അവധിക്കാല ടൂറിസ്റ്റ് കേന്ദ്രമായി മാറാൻ ശ്രമിക്കുകയാണ് സൗദി അറേബ്യ. ചൈനയിൽ നിന്നാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സൗദിയിലേക്ക് എത്തുന്നതെന്നാണ് കണക്കുകൾ നൽകുന്ന സൂചന. സൗദി അറേബ്യ അടുത്തിടെ ചൈനയിൽ ആദ്യമായി ഒരു റോഡ്‌ഷോ സംഘടിപ്പിക്കുകയും ബെയ്ജിംഗ്, ഷാങ്ഹായ്, ഗ്വാങ്‌ഷു എന്നിവിടങ്ങളിൽ വിവിധ പ്രമോഷൻ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു. ഈ പരിപാടികളിൽ സൗദി അറേബ്യയെ ഒരു അവധിക്കാല ടൂറിസ്റ്റ് കേന്ദ്രമായാണ് അവതരിപ്പിച്ചത് എന്ന് സിജിടിഎൻ പുറത്തുവിട്ട ഒരു റിപ്പോർട്ട് പറയുന്നു.
സൗദി അറേബ്യ ചൈനീസ് സഞ്ചാരികളെ ആകർഷിക്കാനാണ് ശ്രമിക്കുന്നത്, 2030 ഓടെ ബെയ്ജിംഗിൽ നിന്ന് 3.9 ദശലക്ഷം യാത്രക്കാർ സൗദി അറേബ്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ട്രാവൽ ഏജൻസികളും ഹോട്ടലുകളും എയർലൈനുകളും പരിപാടിയിൽ പങ്കെടുക്കുകയും ചൈനീസ് യാത്രക്കാർക്ക് അനുയോജ്യമായ അവധിക്കാല കേന്ദ്രമായി സൗദിയെ ഉയർത്തി കാണിക്കുകയും ചെയ്തു.
2019ൽ സൗദി അറേബ്യ വിനോദസഞ്ചാര പദ്ധതികൾ ആരംഭിച്ചപ്പോൾ ഇഷ്യൂ ചെയ്ത ടൂറിസ്റ്റ് വിസകളുടെ എണ്ണത്തിൽ ചൈനയാണ് ഒന്നാമത്. 2019ൽ 100,000 ചൈനീസ് യാത്രക്കാരാണ് സൗദിയിലേക്ക് പറന്നത്. സൗദി അറേബ്യക്ക് കഴിഞ്ഞ വർഷം 93.5 മില്യൺ വിനോദസഞ്ചാരികളെയാണ് ആകെ ലഭിച്ചത്.
ചൈനയ്ക്കും സൗദിക്കുമിടയിൽ സൗജന്യ സ്റ്റോപ്പ് ഓവർ പ്രോഗ്രാമും നേരിട്ടുള്ള വിമാന സർവീസുകളും സൗദി ആരംഭിക്കാൻ പോകുന്നു എന്നാണ് റിപ്പോർട്ട്. ബെയ്ജിംഗിൽ നിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാനം ഈ വർഷം ആരംഭിക്കും. സാഹസികത മുതൽ സംസ്കാരം, പൈതൃകം, പ്രകൃതി എന്നിങ്ങനെ വൈവിധ്യമാർന്ന അനുഭവമാണ് സൌദി വാഗ്ദാനം ചെയ്യുന്നത്. 10,000-ലധികം പുരാവസ്തു പ്രദേശങ്ങളും യുനെസ്കോ ലോക പൈതൃകങ്ങളായി പ്രഖ്യാപിച്ച ആറ് സ്ഥലങ്ങളും ഇവിടെ ഉണ്ട്.
വിദേശ യാത്രക്കാർക്കുള്ള അപേക്ഷാ പ്രക്രിയ സൗദി ലളിതമാക്കുകയും, 2019 ൽ ഇ-വിസ പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തിരുന്നു. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസത്തിനും മൂന്ന് ദിവസം മുമ്പ് യോഗ്യരായ പൗരന്മാർക്ക് അവരുടെ വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കോവിഡ് മഹാമാരിക്ക് മുമ്പ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹജ്ജ് കർമ്മങ്ങൾക്കായി എത്തുന്ന 2.6 ദശലക്ഷം തീർഥാടകരിൽ നിന്ന് സൗദി പ്രതിവർഷം 12 ബില്യൺ ഡോളർ വരുമാനം നേടിയിരുന്നു.