സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. അടുത്തിടെ, ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) കമ്പനിയിൽ ഓഡിറ്റ് നടത്തിയതായും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പൂർണമായും പാലിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതായും സ്പൈസ് ജെറ്റ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇങ്ങനൊരു ഓഡിറ്റ് നടന്നിട്ടില്ലെന്ന് ഐസിഎഒ വ്യക്തമാക്കി.
”നിങ്ങൾ സുരക്ഷിതമായ കൈകളിലാണ്. ഞങ്ങളല്ല ഇതു പറയുന്നത്, ഐസിഎഒ ഇവിടെ ഓഡിറ്റ് നടത്തുകയും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്”, എന്നും സ്പൈസ് ജെറ്റ് യാത്രക്കാരെ അറിയിച്ചിരുന്നു. എന്നാൽ ഏതെങ്കിലും രാജ്യത്തെ എയർലൈനോ എയർപോർട്ടോ ഓഡിറ്റ് ചെയ്യുന്നത് തങ്ങളുടെ ജോലിയുടെ ഭാഗമല്ലെന്ന് ഐസിഎഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.

സിവിൽ ഏവിയേഷനു വേണ്ടിയുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഈ ഏജൻസിയുടെ ചുമതല. ”ഐസിഎഒ പല സൈറ്റുകളിലും സന്ദർശനങ്ങൾ നടത്താറുണ്ട്. ഇത്തരം സന്ദർശനങ്ങളിൽ ഒന്നും ഓഡിറ്റോ പരിശോധനയോ നടന്നിട്ടില്ല എന്ന് വ്യക്തമാക്കാൻ ഐസിഎഒ ആഗ്രഹിക്കുന്നു” എന്നും വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.നവംബർ മാസമാണ് സ്പൈസ്ജെറ്റിൽ സന്ദർശനം നടത്തിയതെന്നും സുരക്ഷ സംബന്ധിച്ച പരിശോധനകൾ ഉണ്ടായിട്ടില്ലെന്നും ഐസിഎഒയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിരവധി സാങ്കേതിക പ്രശ്നങ്ങളും സുരക്ഷാ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഈ വർഷമാദ്യം, സ്പൈസ് ജെറ്റിനെ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) തങ്ങളുടെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.