സ്വര്‍ണം വാങ്ങാന്‍ നല്ല ദിനം; വിലയില്‍ ഞെട്ടിക്കുന്ന ഇടിവ്… അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്കും നേട്ടം

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുറവ് രേഖപ്പെടുത്തി. ഏറെ നാള്‍ക്ക് ശേഷമാണ് വില ഇത്രയും ഇടിയുന്നത്. പവന് 800 രൂപയുടെ കുറവാണുള്ളത്. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചന അമേരിക്കന്‍ കേന്ദ്ര ബാങ്ക് പുറത്തുവിട്ടതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വിലയില്‍കുറവ് വന്നേക്കും.പവന് 54000ത്തിന് താഴേക്ക് എത്തിയത് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തയാണ്. ഈ മാസം 20ന് പവന് 55000ത്തിന് മുകളിലായിരുന്നു വില. മൂന്നാം ദിവസം 1300 ഓളം രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം, വില കുറയുമെന്ന് കരുതി കാത്തിരിക്കുന്നത് നല്ലതല്ല. ആഗോള വിപണിയിലെ സാഹചര്യം ഏത് സമയവും മാറി മറിയാം. ഇന്നത്തെ പവന്‍, ഗ്രാം വില വിശദീകരിക്കാം.

 

 

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 53840 രൂപയാണ്. 800 രൂപ കുറഞ്ഞത് ആഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാണ്. മാത്രമല്ല, സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. സ്വര്‍ണം വില്‍ക്കാനുള്ളവര്‍ക്ക് അല്‍പ്പം കൂടി കാത്തിരിക്കാം. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയിലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 52440 രൂപയായിരുന്നു.

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വില കുറയുന്ന അവസരങ്ങളില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യാം. പിന്നീട് വില എത്ര വര്‍ധിച്ചാലും ബുക്ക് ചെയ്ത സമയത്തെ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. മാത്രമല്ല, പണിക്കൂലിയിലും ഇളവ് ലഭിച്ചേക്കാം. അഡ്വാന്‍സ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കുന്ന തുക അനുസരിച്ചാണ് കാലാവധി നിശ്ചയിക്കുക. ഇക്കാര്യങ്ങള്‍ ജ്വല്ലറി ഉടമകളുമായി വിശദമായി സംസാരിച്ച് മനസിലാക്കണം.


ഇന്ന് വന്‍ തോതില്‍ വില കുറയാനുള്ള കാരണം അമേരിക്കന്‍ കേന്ദ്ര ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ വര്‍ധനവ് വരുത്താന്‍ സാധ്യതയുണ്ട് എന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഇതോടെ സ്വര്‍ണം വിട്ട് മറ്റു നിക്ഷേപത്തിലേക്ക് ആളുകള്‍ തിരിയുമെന്നാണ് പ്രതീക്ഷ. എങ്കിലും വന്‍തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല. ബുധനാഴ്ച രാവിലെ ആഗോള സ്വര്‍ണവിപണിയില്‍ ഉണര്‍വ് പ്രകടമായിരുന്നു. വൈകുന്നേരത്തോടെ നേട്ടത്തിന്റെ തോത് കുറഞ്ഞു. ഇന്ന് രാവിലെയും നേരിയ മുന്നേറ്റം മാത്രമാണ് ആഗോള വിപണിയില്‍ കാണുന്നത്. ഇസ്രായേല്‍- ഇറാന്‍ പോരിന് സാധ്യതയില്ല എന്ന വിവരം വന്നതും നിക്ഷേപകരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. എണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി.ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 81.56 ഡോളര്‍ എന്ന നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിനും യുഎഇയുടെ മര്‍ബണ്‍ ക്രൂഡിനും വില കുറഞ്ഞിരിക്കുകയാണ്. അമേരിക്കന്‍ ഡോളര്‍ സൂചിക 104.84 എന്ന നിരക്കിലേക്ക് താഴ്ന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.28 എന്ന നിരക്കിലേക്ക് എത്തി. രൂപ നേരിയ തോതില്‍ കരുത്ത് വര്‍ധിപ്പിച്ചതും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേട്ടമാണ്.



Verified by MonsterInsights