നെഞ്ചോട് ചേർന്ന് കിടന്നിരുന്ന സ്വർണം മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. കാരണം റോക്കറ്റ് പോലെ കുതിച്ച് പൊങ്ങുകയാണ് സ്വർണവില. 50,000 രൂപയും കടന്ന് 53,000 രൂപയിലേക്കെത്തിയിരിക്കുന്നു പവന്റെ വില. ഏപ്രിൽ മാസം മാത്രം ഏകദേശം 2880 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതേ മുന്നേറ്റം തുടർന്നാൽ വൈകാതെ പവന്റെ വില 75,000 രൂപയിലെത്തും.
52,960 രൂപയായിരുന്നു സംസ്ഥാനത്ത് ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില. അതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. എന്നാൽ 24 മണിക്കൂർ പിന്നിടുമ്പോൾ സ്വർണവില വീണ്ടും കുതിക്കുകയാണ്. 800 രൂപയാണ് വെള്ളിയാഴ്ച പവന് കൂടിയത്.
53,760 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6,720 രൂപ. സംസ്ഥാനത്ത് സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.
ആഭരണം വാങ്ങുമ്പോൾ കീശ കീറും
നിലവിലെ സ്വർണ വില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞത് 57,500 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. പവന്റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 57,500 കടക്കുന്നത്.
ചുട്ടുപൊള്ളുന്ന വില
2024ൽ ശരവേഗത്തിൽ മുന്നോട്ട് കുതിക്കുകയാണ് സ്വർണവില. ഈ വർഷം ഇതുവരെ 6920 രൂപയാണ് പവന് കൂടിയത്. ജനുവരി 1-ന് 46840 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു പവന്റെ വില. ഏറിയും കുറഞ്ഞും മുന്നോട്ട് പോയ വില ജനുവരി 31-ആം തീയ്യതി 46400 രൂപയിൽ എത്തി. ഫെബ്രുവരി 15-ആം തീയ്യതിയാണ് സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 45,520 രൂപയായിരുന്നു അന്നത്തെ വില.
പവന്റെ വില 48,000 കടക്കുന്നത് മാർച്ച് 7-ആം തീയ്യതിയാണ്. 21-ആം തീയ്യതി 49,440 രൂപയിലേക്കെത്തി. മാർച്ച് 29-ആം തീയ്യതിയാണ് സ്വർണവില അരലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില മുന്നോട്ട് തന്നെ കുതിച്ചു.
തീ വിലയ്ക്ക് കാരണം
അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് സ്വർണവില സർവ്വകാല റെക്കോർഡിലേക്കുയരുന്നത്. ഇത് ആഗോള വൻകിട നിക്ഷേപകരേയും ചെറുകിട നിക്ഷേപകരേയും സ്വർണത്തിലുള്ള നിക്ഷേപ താൽപര്യം വർധിപ്പിച്ചു. അതോടൊപ്പം സിറിയ, ഇസ്രായേല്‍, ഇറാന് എന്നീ രാജ്യങ്ങളെ ബന്ധപ്പെടുത്തി നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് വിപണിയെ അസ്വസ്ഥമാക്കുന്ന പുതിയ ഘടകം. മറ്റൊന്ന് ചൈനയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി എന്നതാണ്. ചൈനയിലെ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതാണ് പൊടുന്നനെയുള്ള വില വര്‍ധനവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണികളിലെ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവയ്ക്കും. ആഗോള മാറ്റങ്ങള്‍ ഡോളറിലാണ്. ഇതു രൂപയിലേയ്ക്ക് മാറ്റമ്പോള്‍ വലിയ ചലനങ്ങള്‍ക്കു വഴിവയ്ക്കുന്നു. ഡോളറിനെതിരേ രൂപ തുടരുന്ന മോശം പ്രകടനവും വെല്ലുവിളി തന്നെ.
സ്വർണ വില നിശ്ചയിക്കുന്നത് എങ്ങനെ..?
സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാൽ സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഭീമ ജുവലറി ചെയര്‍മാന്‍ഡോ.ബി. ഗോവിന്ദന്‍നയിക്കുന്ന ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍മര്‍ച്ചന്റ്സ് അസോസിയേഷനാണ് കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.