തനിയെ ലോറിയിൽനിന്ന് ഇറങ്ങി; ആകാശത്തേയ്‌ക്ക് വെടി വെച്ച് ഉൾക്കാട്ടിലേയ്‌ക്ക് കയറ്റിവിട്ടു; അരിക്കൊമ്പൻ ഇനി പെരിയാർ കടുവ സങ്കേതത്തിൽ

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടു. ഇതോടെ അരിക്കൊമ്പൻ ദൗത്യം പൂർണ വിജയമായി. പുലർച്ചെ നാലരയോടെ ആയിരുന്നു അരിക്കൊമ്പനെ കാട്ടിലേയ്‌ക്ക് തുറന്നുവിട്ടത്. നിലവിൽ അരിക്കൊമ്പന് ആരോഗ്യപ്രശനങ്ങൾ ഒന്നുമില്ലെന്ന് വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പൻ ഒന്നര കിലോമീറ്റർ ഉള്ളിലേയ്‌ക്ക് കയറിപ്പോയെന്നും റേഡിയോ കോളറിലെ ആദ്യ സിഗ്നലുകളിൽ നിന്നും ഇക്കാര്യം വ്യക്തമായെന്നും പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഷുഹൈബ് പറഞ്ഞു.

മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. കുങ്കിയാനകളുടെ സഹായമില്ലാതെയാണ് ആനയെ തിരികെ ഇറക്കിയതെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. പ്രവേശന കാവടത്തിൽ നിന്നും 17.5 കിലോമീറ്റർ അകലെയാണ് കൊമ്പനെ തുറന്നു വിട്ടത്. മഴയായതിനാൽ റോഡ് മോശം ആയിരുന്നു. അതുകൊണ്ടാണ് ദൗത്യത്തിന് കൂടുതൽ സമയമെടുത്തത്. ഒപ്പം കാട്ടിൽ ഇറക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും കൂടുതൽ സമയം ആവശ്യമായി വന്നു.

പെരിയാർ കടുവ സങ്കേതത്തിലേയ്‌ക്കുള്ള യാത്രയിൽ അരിക്കൊമ്പൻ സഞ്ചരിച്ചിരുന്ന ലോറി പലയിടത്തും റോഡിൽ നിന്നും തെന്നി മാറി. ജെസിബിയുടെ സഹായത്തോടെയാണ് പലസ്ഥലത്തും ലോറി തിരികെ റോഡിൽ കയറ്റിയത്. യാത്രയിൽ കൊമ്പന്റെ മയക്കം വിട്ടു തുടങ്ങിയിരുന്നു. സ്ഥലത്ത് എത്തിയപ്പോൾ കയറുകളും പുറകു ഭാഗത്തെ തടികളും അഴിച്ചു മാറ്റിയ ശേഷം ഒരു ആന്റി ഡോസ് കൊടുക്കുകയും ചെയ്തിരുന്നു. അല്പ സമയം കഴിഞ്ഞപ്പോഴാണ് അരിക്കൊമ്പൻ തനിയെ ലോറിയിൽ നിന്നും ഇറങ്ങിയത്. ആകാശത്തേക്ക് വെടിവെച്ച് ഉൾവനത്തിലേക്ക് കയറ്റിവിട്ടുവെന്നും ദൗത്യ സംഘം പറഞ്ഞു.