തോടുകൾ വറ്റി; മേടച്ചൂടിൽ ദാഹിച്ച് നാട്

വൈകുന്നേരങ്ങളിൽ പെയ്യുന്ന മഴ, നാടിന്റെ ദാഹം ശമിപ്പിക്കുന്നതിനോ ചൂട് കുറയ്ക്കുന്നതിനോ പര്യാപ്തമാകുന്നില്ല. മേടച്ചൂടിൽ വെന്തുരുകുന്ന നാട് ദാഹിച്ച് വലയുകയാണ്.

കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥ. കുറവിലങ്ങാട് പഞ്ചായത്തിൽ ഒൻപത്, 11, 12, 13, 14 വാർഡുകളിൽ ടാങ്കർ ലോറികളിൽ ജലവിതരണം തുടങ്ങി. നാടിന് മാതൃകയായി പ്രവർത്തിക്കുന്ന ചെറുകിട ശുദ്ധജല വിതരണ പദ്ധതികളുടെ സ്രോതസ്സുകൾ കൂടി വറ്റിത്തുടങ്ങി. ഇതോടെ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പലസ്ഥലത്തും ചെറുകിട വിതരണ പദ്ധതികളുടെ കിണറുകൾ വറ്റി വീടുകളിലെ കിണറുകളിലും ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണ്. മിക്കവീടുകളിലും കുടിവെള്ളം പണം കൊടുത്തു വാങ്ങുകയാണ്. ശുദ്ധജല ക്ഷാമം രൂക്ഷമാകുമ്പോഴും ജല അതോറിറ്റി നടപ്പാക്കുന്ന 23 കോടി രൂപയുടെ ജലവിതരണ പദ്ധതി പാതിവഴിയിൽ മുടങ്ങിയ അവസ്ഥയിലാണ്. ജലജീവൻ മിഷൻ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലും.

കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലും ശുദ്ധജല ക്ഷാമം ഉണ്ട്. ഉഴവൂർ, വെളിയന്നൂർ, കാണക്കാരി പഞ്ചായത്തുകളിൽ ജല ജീവൻ മിഷൻ പദ്ധതി പൂർണ തോതിൽ നടപ്പാക്കിയതിനാൽ കാര്യമായ പ്രശ്നമില്ല. എന്നാൽ ജലവിതരണത്തിൽ പലസ്ഥലത്തും നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ പഞ്ചായത്തുകളിലും തോടുകൾ വറ്റി വരണ്ടു. കാർഷിക മേഖലയിലെ ദുരിതത്തിനും അറുതിയില്ല. ഭേദപ്പെട്ട മഴയുടെ വരവ് വൈകുന്നത് ഗുരുതര പ്രതിസന്ധിയിൽ എത്തിക്കുമെന്ന് കർഷകർ പറയുന്നു. പച്ചക്കറിക്കൃഷി ഉൾപ്പെടെ പ്രതിസന്ധിയിലാണ്. ഏത്തവാഴ കർഷകർ പതിനായിരക്കണക്കിന്രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഏത്തവാഴക്കൃഷി ആണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. കടുത്ത ചൂടിൽ വാഴകൾ ഒടിഞ്ഞുവീഴുന്നു. ചിലസ്ഥലങ്ങളിൽ നേരിയ മഴ പെയ്തതും വാഴ കൃഷിക്ക് ദോഷകരമായി. മൂപ്പ് എത്തുന്നതിന് മുൻപ് വാഴക്കുലകൾ ഒടിഞ്ഞു പോകുകയാണ്. പച്ചക്കറി കർഷകർ ഇപ്പോൾ അച്ചിങ്ങപ്പയർ, പടവലം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പക്ഷേ, ചൂടിന്റെ ആധിക്യംമൂലം പൂക്കൾ കരിഞ്ഞുണങ്ങുകയാണ്. 

Verified by MonsterInsights