ട്രെയിൻ യാത്രയിലെ സ്ഥിരം വില്ലൻ ഭക്ഷണമാണ്. കീശ കാലിയാകാതെ ഭക്ഷണം കഴിക്കൽ യാത്രകളിൽ കുറച്ച് ശ്രമകരം തന്നെയാണ്. എന്നാൽ കുറഞ്ഞ നിരക്കിൽ ഇപ്പോൾ ഭക്ഷണം ഒരുക്കുകയാണ് ഐആർസിടിസി. വെറും ഇരുപതു രൂപയ്ക്കാണ് ഐആർസിടിസി ഇക്കോണമി മീൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിലെ സാധാരണക്കാരായ യാത്രക്കാർക്ക് ഈ മീൽ വലിയ സഹായമാകുമെന്നാണ് വ്യക്തമാകുന്നത്.20 രൂപയ്ക്കു നൽകുന്ന ജനതാ മീലിൽ 7 പൂരിയും ഉരുളക്കിഴങ്ങു കറിയും അച്ചാറും ഉൾപ്പെടും. ജനത മീലിന് പുറമെ സ്നാക്ക് മീലും ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. തൈര് സാദം, സാമ്പാർ റൈസ്, ലെമൺ റൈസ്, രാജ്മ, ചോളേ ചാവൽ, കിച്ടി, പൊങ്കൽ, കുൽച, ചോലെ ബട്ടുര, പാവ് ബാജി, മസാല ദോശ എന്നിവയിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാവുന്ന തരത്തിലാണ് മീൽ ഒരുക്കിയിട്ടുള്ളത്.100 സ്റ്റേഷനുകളിലായി 150 ഓളം ഇക്കോണമി മീൽ കൊണ്ടറുകളാണ് ഐആർസിടിസി തുറന്നിരിക്കുന്നത്. ഭാവിയിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കാനും ഐആർസിടിസി തീരുമാനിച്ചിട്ടുണ്ട്.