ഉള്ളി വില കുറയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ, ഇന്ത്യ കയറ്റുമതി നിരോധനം നീക്കി.

ഇന്ത്യ ഉള്ളി കയറ്റുമതി നിരോധനം നീക്കിയതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് ഗൾഫിലെ പ്രവാസികൾ. നേരത്തേ ഭാഗിക കയറ്റുമതിക്ക് അനുമതി നൽകിയിരുന്നെങ്കിലും വില കാര്യമായി കുറഞ്ഞിരുന്നില്ല. നാട്ടിൽ ഒരു കിലോ സവാളയ്ക്ക് 35 രൂപയാണെങ്കിൽ ഗൾഫിൽ 170 രൂപയാണ് (7.50 ദിർഹം) ഇപ്പോഴത്തെ വില. ഉൾപ്രദേശങ്ങളിലേക്ക് എത്തുമ്പോൾ വീണ്ടും കൂടും.

ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന സമയത്ത് മറ്റു രാജ്യങ്ങളിലെ ഉള്ളിയുടെ വിലയും വർധിച്ചിരുന്നു. ഉപാധികളോടെ കയറ്റുമതി പുനഃസ്ഥാപിച്ചതോടെ, മറ്റിടങ്ങളിൽ നിന്നെത്തിക്കുന്ന ഉള്ളിയുടെ വില കുറഞ്ഞിരുന്നു. എങ്കിലും ഇന്ത്യൻ ഉള്ളിയുടെ വിലയിൽ മാറ്റമുണ്ടായില്ല. നിരോധനത്തിനു മുൻപ് കിലോയ്ക്ക് 2 ദിർഹത്തിൽ (45 രൂപ) താഴെയായിരുന്ന ഉള്ളി വില. നിരോധനം ഏർപ്പെടുത്തിയതോടെ വില 13 ദിർഹം വരെ (295 രൂപ) ഉയർന്നിരുന്നു.

2023 ഡിസംബറിൽ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം മാർച്ച് വരെയായിരുന്നെങ്കിലും പിന്നീട് പല തവണയായി നീട്ടുകയായിരുന്നു. അതിനിടെ ബഹ്റൈൻ, യുഎഇ ഉൾപ്പെടെ ചില രാജ്യങ്ങളുടെ അഭ്യർഥന പ്രകാരം ഭാഗികമായി കയറ്റുമതി അനുവദിച്ചിരുന്നു.

നിരോധനം പൂർണമായി നീക്കിയതോടെ ഇന്ത്യൻ ഉള്ളി വിപണി കീഴടക്കുമെന്നും വില കുറയുമെന്നും വ്യാപാരികൾ പറയുന്നു. എന്നാൽ, കൂട്ടിയ വേഗത്തിൽ വില കുറയ്ക്കാൻ പലരും മടിക്കുകയാണെന്നാണ് ഉപഭോക്താക്കളുടെ പരാതിപ്പെട്ടു. തുർക്കി, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉള്ളി ലഭ്യമാണെങ്കിലും ഗുണനിലവാരം കുറവാണ്. അതിനാൽ ഇന്ത്യൻ ഉള്ളിക്കാണ് ഡിമാൻഡ്.

Verified by MonsterInsights