വാക്സീനുകളെ നിഷ്പ്രഭമാക്കുന്ന പുതിയ കൊറോണ വൈറസ് റഷ്യയിലെ വവ്വാലുകളിൽ കണ്ടെത്തി

നിലവിലെ കോവിഡ് വാക്സീനുകൾ തീർക്കുന്ന പ്രതിരോധത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശേഷിയുള്ള പുതിയ തരം കൊറോണ വൈറസ് റഷ്യയിലെ വവ്വാലുകളിൽ കണ്ടെത്തിയതായി ഗവേഷണ റിപ്പോർട്ട്. ഖോസ്ത-2 എന്ന് പേരിട്ടിരിക്കുന്ന ഈ കൊറോണ വൈറസ് 2020 അവസാനത്തോടെയാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് പിഎൽഒഎസ് പാത്തജൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് പറയുന്നു.    

എന്നാൽ തുടക്കത്തിൽ ഈ കൊറോണ വൈറസ് മനുഷ്യർക്ക് അത്ര ഭീഷണി ഉയർത്തുന്നതായി ഗവേഷകർ കരുതിയിരുന്നില്ല. കൂടുതൽ ഗവേഷണങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ഈ വൈറസ് മനുഷ്യരെ ബാധിക്കുമെന്നും കോവിഡ് വാക്സിനുകൾ ഇവയ്ക്കെതിരെ നിഷ്പ്രഭമാണെന്നും കണ്ടെത്തിയിരിക്കുന്നത്.

കൊറോണ വൈറസിന്റെ ഉപവിഭാഗമായ സാർബെകോവൈറസുകളിൽ പെട്ടതാണ് ഖോസ്ത-2 എന്ന് പഠനം നടത്തിയ വാഷിങ്ടൺ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു. ഖോസ്ത-2ന് സമാനമായി ഖോസ്ത-1 സാർബെകോവൈറസിനെയും കണ്ടെത്തിയെങ്കിലും ഇത് മനുഷ്യ കോശങ്ങളെ ബാധിക്കില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ഏഷ്യയ്ക്ക് പുറത്ത് വനങ്ങളിൽ സാർബെകോവൈറസുകൾ സ്വതന്ത്രമായി പടരുന്നത് ആഗോള ആരോഗ്യത്തിനും നിലവിലെ കോവിഡ് വാക്സിൻ പ്രചാരണങ്ങൾക്കും ഭീഷണിയും വെല്ലുവിളിയും ഉയർത്തുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. 

അതേ സമയം മനുഷ്യരിൽ ഗുരുതരമായ രോഗം ഉണ്ടാക്കാൻ സാധിക്കുന്ന ജീനുകൾ ഈ വൈറസിൽ ഇല്ലെന്നാണ് ഗവേഷകർ കരുതുന്നത്. എന്നാൽ സാർസ് കോവ്-2 ജീനുകളുമായി കലർന്നു കഴിഞ്ഞാൽ ഈ അവസ്ഥയ്ക്ക് മാറ്റം വരാമെന്ന ആശങ്കയുണ്ട്. ജന്തുജന്യമായ കൂടുതൽ കൊറോണ വൈറസ് പടർച്ചകൾ തടയാൻ വേണ്ടി കൂടുതൽ വാക്സീനുകൾ ആവശ്യമാണെന്ന് വൈറോളജിസ്റ്റ് ഡോ. അരിഞ്ജയ് ബാനർജി അഭിപ്രായപ്പെടുന്നു.

Verified by MonsterInsights