വിമാനങ്ങളെപ്പോലെ റോക്കറ്റും റൺവേയിൽ തിരിച്ചിറക്കുന്ന പരീക്ഷണം വിജയം; ആദ്യ രാജ്യമായി ഇന്ത്യ

തിരുവനന്തപുരം: വിമാനങ്ങളെപ്പോലെ റോക്കറ്റും റൺവേയിൽ തിരിച്ചിറക്കുന്ന ഐഎസ്ആർഒയുടെ പരീക്ഷണം വിജയകരം. ഉപയോഗം കഴിഞ്ഞ റോക്കറ്റുകളെ റൺവേയിൽ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്‍റെ ലാൻഡിങ് പരീക്ഷമാണ് വിജയകരമായത്. ഐസഎ്ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) ഇന്നു രാവിലെയാണ് പരീക്ഷണപ്പറക്കൽ നടത്തിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്ടറിൽ നാലര കിലോമീറ്റർ ഉയരത്തിൽ കൊണ്ടുപോയി റൺവേയിൽ ഓട്ടണോമസ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. രാവിലെ 7.10ന്, ആർഎൽവി വഹിച്ചുകൊണ്ട് ഇന്ത്യൻ എയർഫോഴ്സിന്റെ ചിനൂക്ക് ഹെലികോപ്റ്റർ ആകാശത്തേക്ക് പറന്നുയർന്നത്.

സമുദ്രനിരപ്പിൽനിന്ന് നാലര കിലോമീറ്റർ ഉയരത്തിൽ ആർഎൽവിയുടെ മിഷൻ മാനേജ്മെന്റ് കംപ്യൂട്ടർ കമാൻഡിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനം, വേഗം, ഉയരം, ബോഡി റേറ്റ് തുടങ്ങിയ 10 പിൽബോക്സ് മാനദണ്ഡങ്ങൾ പാലിച്ച ശേഷം ഇന്റഗ്രേറ്റഡ് നാവിഗേഷൻ, ഗൈഡൻസ് ആൻഡ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് റൺവേയിൽ ഇറങ്ങിയത്. ബഹിരാകാശത്തു പോയ ശേഷം തിരിച്ചെത്തുന്ന വാഹനത്തിന്റെ എല്ലാ അവസ്ഥകളും സജ്ജമാക്കിയാണ് ആർഎൽവി ഓട്ടണോമസ് ലാൻഡിങ് നടത്തിയത്.

ബഹിരാകാശ വാഹനങ്ങളുടെ ചെലവ് കുറയ്ക്കുന്ന ഗവേഷണങ്ങളിലെ പുതിയ നാഴികക്കല്ലാണ് ആർഎൽവി. 2016 മേയിൽ ആർഎൽവി ടിഡി ഹെക്സ് വാഹനം ബംഗാൾ ഉൾക്കടലിനു മുകളിലെ സാങ്കൽപ്പിക റൺവേയിൽ ലാൻഡിങ് നടത്തിയിരുന്നു.

Verified by MonsterInsights