വിവാഹ ജീവിതം വിജയകരമാക്കാൻ അറിഞ്ഞിരിക്കണം ഈ സൂപ്പർ ടിപ്പുകൾ

രണ്ട് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ജനിച്ചു വളർന്ന തികച്ചും വ്യത്യസ്തരായ രണ്ടുപേർ ഒന്നായി ജീവിക്കുന്ന സാഹചര്യം പലപ്പോഴും പ്രതീക്ഷിക്കുന്നതിലുപരി പ്രശ്നങ്ങൾ നിറഞ്ഞതാവും. വിവാഹത്തിനു മുൻപ് എത്രയൊക്കെ പരസ്പരം മനസ്സിലാക്കാൻ ശ്രമിച്ചാലും ഒന്നിച്ച് ഒരു ജീവിതം ആരംഭിക്കുമ്പോൾ അന്നോളം നേരിട്ടിട്ടില്ലാത്ത പല പ്രശ്നങ്ങളും ഉടലെടുത്തെന്നു വരാം. ഇവ വേണ്ടവിധത്തിൽ കൈകാര്യം ചെയ്തു കൃത്യമായ പരിഹാരം കണ്ടെത്തി പരസ്പരം തുണയായി ജീവിക്കുന്നവർക്ക് ദാമ്പത്യ ബന്ധം  വിജയകരമായി മുന്നോട്ടു കൊണ്ടു പോകാനാവും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിവാഹബന്ധം ഒരു ബാധ്യതയായി കരുതാതെ എക്കാലവും സന്തോഷം നിലനിർത്താൻ നിങ്ങൾക്കും സാധിക്കും.

സ്നേഹം എന്നത് പ്രവൃത്തിയിൽ കാണിക്കേണ്ടതാണ്

 പലപ്പോഴും സ്നേഹമില്ല എന്നതാവും ഭാര്യ ഭർത്താക്കന്മാർ പരസ്പരം ചൂണ്ടിക്കാട്ടുന്ന പ്രധാന കുറ്റം. എന്നാൽ യഥാർത്ഥത്തിൽ മനസ്സിൽ കുന്നോളം സ്നേഹം കൂട്ടിവച്ച് അത് പ്രകടിപ്പിക്കാൻ മടിക്കുന്നതാവും കാരണവും.  നിങ്ങളുടെ പൊതുവായ സ്വഭാവം ഇതാണെങ്കിലും വിവാഹ ബന്ധത്തിലേയ്ക്ക് കടന്നശേഷം സ്നേഹം കൂടുതൽ പ്രകടിപ്പിക്കാൻ ശ്രമിക്കുക. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും നിങ്ങൾക്കൊപ്പം കൂടിയ പങ്കാളി തീർച്ചയായും നിങ്ങളുടെ സ്നേഹപ്രകടനങ്ങൾ അർഹിക്കുന്നുണ്ട്. അഭിപ്രായ ഭിന്നതകൾക്കിടയിലും പങ്കാളി നിങ്ങളിലേക്ക് കൂടുതൽ അടുക്കാൻ ഉള്ളിലെ സ്നേഹം തുറന്നു പ്രകടിപ്പിക്കുന്നതിലൂടെ മാത്രമേ സാധിക്കു.

സ്വയം തിരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുക

പങ്കാളി തന്റെ ഇഷ്ടത്തിനൊത്ത് മാറണം എന്ന് ചിന്തിക്കുന്നവരാണ് അധികവും. പല വിവാഹ ബന്ധങ്ങളിലും വിള്ളലുകൾ ഉണ്ടാക്കുന്നതും ഈ ചിന്ത തന്നെയാണ്. സ്വന്തം സ്വഭാവത്തിൽ അണുവിട മാറ്റം വരുത്താൻ തയ്യാറാകാതിരിക്കുകയും പങ്കാളി തന്റെ ഇച്ഛയ്ക്കനുസരിച്ച് പൂർണമായി മാറണമെന്ന് ശഠിക്കുകയും ചെയ്യുന്നത് വിവാഹബന്ധത്തിൽ വിപരീത ഫലം മാത്രമേ ഉണ്ടാക്കു. പങ്കാളി മാറണം എന്ന് എത്രത്തോളം നിങ്ങൾ ചിന്തിക്കുന്നോ അതേ തരത്തിൽ പങ്കാളിയുടെ ഇഷ്ടങ്ങൾക്കനുസരിച്ച് സ്വന്തം ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാനാവും എന്നും ചിന്തിച്ചു തുടങ്ങുക.

പങ്കാളി തന്നെ ബെസ്റ്റ് ഫ്രണ്ട് 

വിവാഹത്തോടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങളുണ്ടാവും. നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷവും സങ്കടവും ആദ്യം പങ്കാളിയുമായി തന്നെ പങ്കുവയ്ക്കാൻ ശ്രമിക്കുക. വിവാഹ ജീവിതത്തിന്റെ തുടക്കം മുതൽ ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നതിലുപരി പങ്കാളിയെ സുഹൃത്തായി കൂടി കണ്ടു തുടങ്ങുക.  പ്രതിസന്ധികളിൽ ഒറ്റപ്പെട്ടു പോകാതെ ഒരുമിച്ചു നേരിടാനും പരസ്പരം താങ്ങാകാനും ഈ ചിന്തയിലൂടെ സാധിക്കും.

വഴക്കുകൾ ആഗോള പ്രശ്നമല്ല

എത്രയൊക്കെ സ്നേഹത്തിൽ കഴിയുന്നവർ തങ്ങളിലും അഭിപ്രായ ഭിന്നതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന തിരിച്ചറിവും പ്രധാനമാണ്.  സ്നേഹം ഇല്ലാത്തതുകൊണ്ടാണ് പങ്കാളി താനുമായി വഴക്കുണ്ടാക്കുന്നത് എന്ന പരാതി പല കുടുംബങ്ങളിൽ നിന്നും കേട്ടുപഴകിയതാണ്. നിങ്ങളെപ്പോലെ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ പങ്കാളിക്ക് ഉണ്ടെന്ന് മനസ്സിലാക്കുകയും അത് പ്രകടിപ്പിക്കുന്നത് തെറ്റല്ല എന്ന് തിരിച്ചറിയുകയും വേണം. എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും പരസ്പര സ്നേഹത്തിനും കരുതലിനും കുറവ് വരാതിരിക്കാൻ ശ്രദ്ധിക്കുക മാത്രമാണ് വേണ്ടത്.  വഴക്കിന്റെ എണ്ണം എടുത്ത് ജീവിതം പ്രശ്നം നിറഞ്ഞതാണെന്ന് സ്വയം വിധിയെഴുതരുത് എന്ന് ചുരുക്കം.

Verified by MonsterInsights