വിദ്യാലയങ്ങളോടു ചേർന്നുള്ള ചില കടകളിലാണു മയക്കുമരുന്നു വിപണനം നടന്നിരുന്നത്. ഇതു പുറത്തു വന്നതോടെ, കടകളെ ഒഴിവാക്കി കുട്ടികളെത്തന്നെ കാരിയറാക്കുന്ന നിലയുമുണ്ട്. അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെ, തദ്ദേശഭരണ സമിതികളുടെ, വിദ്യാർത്ഥി സംഘടനകളുടെ ഒക്കെ നിരീക്ഷണം ഈ രംഗങ്ങളിൽ കാര്യമായി ഉണ്ടാവണം. മയക്കുമരുന്നിനു പിന്നിലുള്ള അന്താരാഷ്ട്ര മാഫിയകൾക്കു നമ്മുടെ സംസ്ഥാനത്തു കാലുകുത്താൻ ഇടമുണ്ടാവരുത്. അതുറപ്പാക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇവ രണ്ടും ചേരുന്നതാണ് ‘നോ റ്റു ഡ്രഗ്സ്‘ എന്ന നമ്മുടെ ക്യാമ്പയിൻ. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതി ഇതിനു മേൽനോട്ടം വഹിക്കും.
ക്യാംപെയിനിന്റെ ഭാഗമായി നവംബർ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികൾ നടക്കും. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും, എല്ലാ മനസുകളിലും ‘നോ ടു ഡ്രഗ്സ്‘ എന്ന സന്ദേശമെത്തണം. യുവാക്കൾ, വിദ്യാർഥികൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഈ ക്യാമ്പയിനിലുണ്ടാവണം. സിനിമ, സീരിയൽ, സ്പോർട്സ് മേഖലയിലെ പ്രമുഖരുടെ പിന്തുണയും ഉണ്ടാവും. നവംബർ ഒന്നിനു സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപ്പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കണം.
പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ബസ് സ്റ്റാൻഡ്, റെയിവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബുകൾ, എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്യും. ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും ക്യാമ്പയിന്റെ ഭാഗമായി ഉണ്ടാകും. വിദ്യാർഥികളുടെ നേതൃത്വത്തിൽ റോൾപ്ലേ, സ്കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റർ രചന, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. എൻ സി സി, എസ് പി സി, എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടാകും ക്യാമ്പയിൻ.
കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട ‘കരുതൽ‘ എന്ന പുസ്തകവും വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിന് ‘കവചം‘ എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചർച്ച എല്ലാമാസവും വിദ്യാലയങ്ങളിൽ സംഘടിപ്പിക്കും. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പരിശീലനവും ആരംഭിക്കും. വിമുക്തി മിഷനും എസ് സി ഇ ആർ ടിയും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ല എന്ന ബോർഡ് പ്രദർശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ് – എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ ബോർഡിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദർശിപ്പിക്കുന്നതിനു പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിമാർ, എം.പി. എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികൾ, സംഘടനകൾ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.