Pinup Kazino Qızdırılan MaşınlarPin-Up Casino slotlarının kataloqu müxtəlif modellərin qocaman seçimi ilə öyünə bilər. Content Demo…
Month: March 2023
ഏപ്രിലിൽ ബാങ്കുകൾ അടച്ചിടുക 15 ദിവസം. ഇടപാടുകൾക്കായി എത്തുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
2023 -24 സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. ബാങ്കുമായി ബദ്ധപ്പെട്ടു നിരവധി കാര്യങ്ങൾ പലർക്കും ചെയ്യാനുണ്ടാകും. ബാങ്കുകളിൽ എത്തുന്നതിന് മുൻപ് തീർച്ചയായും ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ഏപ്രിൽ മാസത്തിൽ നിരവധി അവധികളുണ്ട്. വാരാന്ത്യങ്ങൾ ഉൾപ്പെടെ മൊത്തം 15 ദിവസത്തേക്ക് ഏപ്രിലിൽ ബാങ്കുകൾ അടഞ്ഞു കിടക്കും. അതിനാൽ ഏപ്രിൽ മാസത്തിൽ ബാങ്കുകളിൽ എത്തുന്നവർ ഈ അവധി ദിവസങ്ങൾ അനുസരിച്ച് ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുക.
എല്ലാ മാസവും ഒന്നും മൂന്നും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നിരിക്കും. അതേസമയം, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്.
ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഇവ സാധാരണപോലെ പ്രവർത്തിക്കുന്നതിനാല് ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി ഇടപാടുകൾ നടത്താം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയ അവധിദിനങ്ങളുടെ പട്ടികയെ ആശ്രയിച്ചിരിക്കും ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധി എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഏപ്രിൽ മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ:
ഏപ്രിൽ 1: ഈ ദിവസം, ഇന്ത്യയിലെ എല്ലാ ബാങ്കുകളും അവരുടെ വർഷാവസാന ക്ലോസിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അടച്ചിരിക്കും, അതിൽ മുൻ സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ, ബാലൻസ് ഷീറ്റുകൾ, മറ്റ് സാമ്പത്തിക പ്രസ്താവനകൾ എന്നിവ പരിശോധിക്കും.
ഏപ്രിൽ 4: മഹാവീർ ജയന്തി
ഏപ്രിൽ 5: ബാബു ജഗ്ജീവൻ റാമിന്റെ ജന്മദിനം
ഏപ്രിൽ 7: ദുഃഖവെള്ളി
ഏപ്രിൽ 14: ഡോ. ബാബാസാഹെബ് അംബേദ്കർ ജയന്തി/ തമിഴ് പുതുവത്സര ദിനം
ഏപ്രിൽ 15: വിഷു/ബോഹാഗ് ബിഹു/ഹിമാചൽ ദിനം/ബംഗാളി പുതുവത്സര ദിനം
ഏപ്രിൽ 18: ശബ്-ൽ-ഖദ്ർ
ഏപ്രിൽ 21: ഈദ്-ഉൽ-ഫിത്തർ (റംസാൻ ഈദ്)
ഏപ്രിൽ 22: റംസാൻ ഈദ്
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കുന്ന തേക്ക് തടിയുടെ പ്രത്യേകത, 600 വർഷം വരെ ഒരു കേടും പറ്റില്ല
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്ത പദ്ധതി മുതൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വരെ ഉപയോഗിക്കുന്നത് പ്രശസ്തമായ ചന്ദ്രപൂർ തേക്ക് തടിയാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി 1,885 ക്യുബിക് അടി തേക്കുമരത്തിന്റെ ആദ്യ ലോഡ് ഇന്നലെ മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെട്ടു. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഏറെ ആവശ്യക്കാരുള്ള തേക്കാണ് ചന്ദ്രപൂർ തേക്ക്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ, ഗഡ്ചിരോളി എന്നിവിടങ്ങളിലെ ഉൾക്കാടുകളിലാണ് ഇതുള്ളത്. ഉയർന്ന ഗുണനിലവാരമുള്ള തേക്കിൻ തടിയാണിത്. എന്താണ് ചന്ദ്രപൂർ തേക്കിന്റെ പ്രത്യേകതകൾ എന്നറിയണ്ടേ ?
‘നൂറുകണക്കിനു വർഷങ്ങളായാലും ചന്ദ്രപൂർ തേക്കിൽ ചിതലിന്റെ ആക്രമണം ഉണ്ടാകില്ല. തടിയിൽ എണ്ണയുടെ അംശം വളരെ കൂടുതലായതിനാലാണ് വർഷങ്ങളോളം ചിതലെടുക്കാത്തത്. കുറഞ്ഞത് 500 മുതൽ 600 വർഷം വരെ ഈ തടിയിൽ ചിതലിന്റെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുകയാണ് ബല്ലാർഷയിലെ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് മഹാരാഷ്ട്രയിലെ (എഫ്ഡിസിഎം) അസിസ്റ്റന്റ് മാനേജർ ഗണേഷ് മോത്കർ.
കൂടാതെ തടി വളരെ മിനുസമുള്ളതാണ്. തവിട്ട് നിറമാണ് ഈ തേക്കിൻ തടിയ്ക്ക്. കാഴ്ചയിലും വളരെ ആകർഷകമാണ്. ചന്ദ്രപൂരിലും ഗഡ്ചിരോളിയിലും കാണപ്പെടുന്ന ഈ തേക്കിന് ഒട്ടേറെ ഗുണങ്ങളുണ്ടെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
ചന്ദ്രനില് ഉടൻ 4ജി എത്തും; നോക്കിയയുമായി കൈകോര്ത്ത് മസ്കിന്റെ സ്പേസ് എക്സ്
2023 അവസാനത്തോടെ ചന്ദ്രനിൽ 4ജി നെറ്റ്വർക്ക് അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ. വരും മാസങ്ങളിൽ 4ജി നെറ്റ്വർക്ക് ലഭ്യമാക്കാൻ വേണ്ട നെറ്റ്വർക്ക് ഉപകരണങ്ങളുടെ വിക്ഷേപണ വാഹനമായി നോക്കിയ, ഇലോൺ മസ്കിന്റെ സ്പേസ്എക്സ് റോക്കറ്റ് ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നോക്കിയ ബെൽ ലാബ്സ് പ്രിൻസിപ്പൽ എൻജിനിയറായ ലൂയി മാസ്ട്രോ റൂയിസ് ഡി ടെമിനോ ഉദ്ധരിച്ച് സിഎൻബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ മാസം ആദ്യം ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2023 -ൽ ടെമിനോ പ്രോജക്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. യുഎസ് ആസ്ഥാനമായുള്ള ബഹിരാകാശ സ്ഥാപനമായ ഇൻട്യൂറ്റീവ് മെഷീൻസ് രൂപകല്പന ചെയ്ത നോവ-സി ലാൻഡറിലുള്ള ആന്റിനയുള്ള ഒരു ബേസ് സ്റ്റേഷന്റെ സഹായത്തോടെയാണ് നെറ്റ്വർക്ക് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ലാൻഡറിനും ലോഞ്ച് വെഹിക്കിളിന്റെ റോവറിനും ഇടയിൽ 4G LTE കണക്റ്റിവിറ്റി നൽകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബഹിരാകാശത്തെ അതിരൂക്ഷ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് നോക്കിയ വ്യക്തമാക്കുന്നു.
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് നെറ്റ്വർക്ക് കണക്റ്റിവിറ്റി ഉപയോഗിക്കാനാകുമെന്നു വ്യക്തമാക്കുകയാണ് നോക്കിയയുടെ ലക്ഷ്യം. 4ജി നെറ്റ്വർക്കിന്റെ സഹായത്തോടെ ബഹിരാകാശയാത്രികർക്ക് പരസ്പരം സംസാരിക്കാനും ആവശ്യമെങ്കിൽ വിദൂരമായി റോവർ നിയന്ത്രിക്കാനും കഴിയുമെന്ന് നോക്കിയ വിശ്വസിക്കുന്നു. കൂടാതെ തത്സമയ വീഡിയോ ഫൂട്ടേജും മറ്റ് ഡാറ്റയും കൺട്രോൾ സെന്ററിലേക്കും തിരിച്ചും ഷെയർ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ലാൻഡറിനെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിക്കുന്നത് സ്പേസ് എക്സ് റോക്കറ്റ് അല്ലെന്നും അന്തിമ ലാൻഡിംഗ് നടത്താൻ കമ്പനി ഒരു പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിക്കുമെന്നും ടെമിനോ വ്യക്തമാക്കി. അതേസമയം, നോക്കിയയുടെ പ്രഖ്യാപനം ടെക് മേഖലയിൽ വൻ ചർച്ചയായിട്ടുണ്ട്.
അടുത്തിടെ നോക്കിയ അറുപത് വർഷം പഴക്കമുള്ള ബ്രാൻഡ് ലോഗോ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടെലികോം മേഖലയിൽ മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പുതിയ മാറ്റം. ”നോക്കിയ” എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ നീല നിറം പൂർണ്ണമായി ഉപേക്ഷിച്ചു, പകരം നിരവധി നിറങ്ങളുടെ ഒരു സംയോജനമാണ് പുതിയ ലോഗോയിലുള്ളത്.
‘സ്മാർട്ട്ഫോൺ വിപണിയുമായി ഞങ്ങൾക്ക് ബന്ധമുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഞങ്ങൾ ഒരു ടെക്നോളജി ബിസിനസ്സ് കമ്പനിയാണ്,” നോക്കിയയുടെ ചീഫ് എക്സിക്യൂട്ടീവ് പെക്ക ലൻഡ്മാർക്ക് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പ്രതിസന്ധിയിലായിരുന്ന കമ്പനിയിൽ 2020ൽ ചുമതലയേറ്റ ലൻഡ്മാർക്ക് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ലക്ഷ്യം വച്ചത്. കമ്പനി റീസെറ്റ് ചെയ്യുക, വളർച്ചയുടെ വേഗത കൂട്ടുക, ലാഭം വർധിപ്പിക്കുക എന്നതായിരുന്നു അത്.
കൂടുമത്സ്യ കൃഷിയിലൂടെ എട്ടു മാസം കൊണ്ട് മൂന്നു ലക്ഷം; വരുമാനത്തിൽ കേരളം മുന്നില്
തീരപ്രദേശ ജലാശയങ്ങളിലെ കൂടുകൃഷി സംരംഭങ്ങളിൽ മികച്ച വരുമാനമുണ്ടാക്കുന്നത് കേരളത്തിലെ മത്സ്യകർഷകരാണെന്ന് പഠനം. സംസ്ഥാനത്തെ ഇത്തരത്തിലുള്ള 40 ശതമാനത്തോളം സംരംഭങ്ങൾ ഒരു യൂണിറ്റിൽ നിന്നും രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ വരുമാനം നേടുന്നുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനം പറയുന്നു.
എന്നാൽ, കടലിൽ നടത്തുന്ന കൂടുകൃഷിയിൽ ഉയർന്ന വരുമാനം നേടുന്നത് ആന്ധ്രപ്രദേശിലെ കർഷകരാണ്. ഓരോ വർഷവും ചുഴലിക്കാറ്റും മറ്റ് പ്രതികൂല കാലാവസ്ഥയും കാരണം മത്സ്യബന്ധന ദിനങ്ങൾ കുറയുമ്പോൾ കൂടുമത്സ്യകൃഷി, കടൽപായൽ കൃഷി തുടങ്ങിയ മാരികൾച്ചർ സംരംഭങ്ങൾ അധികവരുമാനത്തിനുള്ള മികച്ച അവസരമാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്.
ഒരു കൂടുകൃഷി യൂണിറ്റിൽ നിന്ന് മാത്രം എട്ട് മാസംവരെ നീണ്ടുനിൽക്കുന്ന ഒരു സീസണിൽ 3 ലക്ഷം രൂപവരെ തീരദേശവാസികൾക്ക് അധികവരുമാനം നേടാം. മീനും കടൽപായലും കക്കവർഗങ്ങളും സംയോജിതമായി കൃഷിചെയ്യുന്ന രീതിയായ ഇംറ്റയുടെ ഒരു യൂണിറ്റിൽ നിന്നും ഇതിൽ കൂടുതൽ വരുമാനമുണ്ടാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
കേരളത്തിലെ മൂന്ന് ജില്ലകളിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ ആറ് തീരദേശ സംസ്ഥാനങ്ങളിലെ 159 മാരികൾച്ചർ സംരംഭങ്ങളുടെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക ഘടകങ്ങൾ പരിശോധിച്ചുനടത്തിയ പഠനമാണിത്.
സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ ഷിനോജ് പാറപ്പുറത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം ഫ്രണ്ടിയർ ഇൻ സസ്റ്റയിനബിൾ ഫുഡ് സിസ്റ്റം എന്ന അന്തർദേശീയ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാക് വംശജൻ ഹംസ യൂസഫ് സ്കോട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക്
പാക് വംശജനായ ഹംസ യൂസഫിനെസ്കോട് ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണല് പാര്ട്ടി (എസ് എന് പി) പ്രധാനമന്ത്രി സ്ഥാനത്തേക്ക് (സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ) തിരഞ്ഞെടുത്തു. 37 കാരനായ അദ്ദേഹം രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നേതാവാകുന്ന ആദ്യത്തെ മുസ്ലീം നേതാവു കൂടിയാണ്. ഇതു കൂടാതെ പടിഞ്ഞാറൻ യൂറോപ്പിലെ ഒരു രാജ്യത്തെ നയിക്കുന്ന ആദ്യത്തെ മുസ്ലീമും ഇദ്ദേഹമാണ്. സ്കോട്ട്ലൻഡിന് പൂർണ സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പു വിജയത്തിനു ശേഷമുള്ള പ്രസംഗത്തിൽ ഹംസ യൂസഫ് പറഞ്ഞു.
“ഇന്ന് ഒരു വ്യക്തമായ സന്ദേശം നൽകിയതിൽ നാമെല്ലാവരും അഭിമാനിക്കണം. നിങ്ങളുടെ തൊലിയുടെ നിറമോ, നിങ്ങളുടെ വിശ്വാസമോ, നാമെല്ലാവരും വീട് എന്ന് വിളിക്കുന്ന രാജ്യത്തെ നയിക്കുന്നതിന് ഒരു തടസമേയല്ല”, ഹംസ യൂസഫ് പറഞ്ഞു. സ്കോട്ട്ലൻഡിന്റെ നേതാവെന്ന നിലയിൽ, ജീവിതച്ചെലവ് കുറക്കുന്നതിലും പാർട്ടിയിലെ ഭിന്നതകൾ അവസാനിപ്പിക്കുന്നതിലും സ്വാതന്ത്ര്യത്തിനായി ഒരു പുതിയ മുന്നേറ്റം നടത്തുന്നതിലും താൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പ്രസംഗത്തിനിടെ കുടുംബത്തിലെ പൂർവികരെ യൂസഫ് സ്മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കണ്ണീർ തുടക്കുന്നതും കാണാമായിരുന്നു.
കേറ്റ് ഫോർബ്സിനെയും ആഷ് റീഗനെയും പിന്തള്ളിയാണ് ഹംസ യൂസഫ് നിക്കോള സ്റ്റർജിയന്റെ പിൻഗാമിയായി എസ്എൻപി നേതൃസ്ഥാനത്തേക്ക് എത്തിയത്. സ്കോട്ടിഷ് പാർലമെന്റിന്റെ അംഗീകാര വോട്ടു കൂടി നേടിയാൽ അർദ്ധ സ്വയംഭരണ സർക്കാരിന്റെ (semi-autonomous government) തലവനായി അദ്ദേഹം ചുമതലയേൽക്കും.
സ്വവർഗാനുരാഗികളും ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ താൻ പോരാടുമെന്നും തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ഹംസ യൂസഫ് പറഞ്ഞു.
മൂന്ന് സ്ഥാനാർത്ഥികൾ തമ്മിലുള്ള മത്സരം സ്കോട്ടിഷ് നാഷണല് പാര്ട്ടിയിലെ ആഴത്തിലുള്ള ഭിന്നത കൂടിയാണ് തുറന്നുകാട്ടിയത്. എസ്എൻപിയുടെ നേതൃസ്ഥാനം ഏറ്റെടുത്തതോടെ ഹംസ യൂസഫിന് മുന്നിലുള്ളത് കല്ലും മുള്ളും നിറഞ്ഞ വഴിയാണ്. ഇംഗ്ലണ്ടുമായുള്ള സ്കോട്ട്ലൻഡിന്റെ മൂന്ന് നൂറ്റാണ്ടുകൾ നീണ്ട ഐക്യം അവസാനിപ്പിക്കുക എന്നതാണ് പാർട്ടിയുടെ പ്രഖ്യാപിത നയം. സ്കോട്ട്ലാൻഡിന് സ്വാതന്ത്ര്യം നേടാനുള്ള വോട്ടെടുപ്പ് ബ്രിട്ടീഷ് സർക്കാർ ആവർത്തിച്ച് നിരസിച്ചതിനെത്തുടർന്നാണ് ഹംസ യൂസഫിന്റെ മുൻഗാമി നിക്കോള സ്റ്റർജിയൻ സ്ഥാനമൊഴിഞ്ഞത്.
പാക് കുടിയേറ്റക്കാരുടെ മകനാണ് ഹംസ യൂസഫ്. അദ്ദേഹത്തിന്റെ പിതാവ് പാക്കിസ്ഥാനിലും അമ്മ കെനിയയിലെ പഞ്ചാബി വംശജരുടെ കുടുംബത്തിലുമാണ് ജനിച്ചത്. ഗ്ലാസ്ഗോയിലെ ഒരു സ്വകാര്യ സ്കൂളിൽ പഠനമാരംഭിച്ച അദ്ദേഹം ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്ന് രാഷ്ട്രീയം പഠിച്ചിറങ്ങി. സ്കോട്ട്ലൻഡിലെ മുൻ പ്രഥമ മന്ത്രി അലക്സ് സാൽമണ്ടിന്റെ സഹായി ആകുന്നതിന് മുമ്പ് അദ്ദേഹം ഒരു കോൾ സെന്ററിലും ജോലി ചെയ്തിരുന്നു. 2011-ൽ സ്കോട്ടിഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് അദ്ദേഹം ഇംഗ്ലീഷിലും ഉറുദുവിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു. തൊട്ടടുത്ത വർഷം, അദ്ദേഹം സ്കോട്ടിഷ് മന്ത്രിസഭയിൽ പ്രവേശിച്ചു. ഏറ്റവുമൊടുവിൽ രാജ്യത്തിന്റെ ആരോഗ്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
2010ൽ മുൻ എസ്എൻപി പ്രവർത്തകയയ ഗെയ്ൽ ലിത്ഗോയെ ഹംസ യൂസഫ് വിവാഹം കഴിച്ചെങ്കിലും ഏഴുവർഷത്തിനുശേഷം ഇരുവരും വിവാഹമോചനം നേടി. 2019 ലാണ് അദ്ദേഹം തന്റെ രണ്ടാം ഭാര്യ നാദിയ എൽ-നക്ലയെ വിവാഹം ചെയ്തത്.
ശനിയാഴ്ച മുതല് 2000 രൂപയില് കൂടുതലുള്ള UPI ഇടപാടിന് ഫീസ്;ബാധിക്കുന്നത് ആരെയെല്ലാം.. അറിയാം.
മുൻകൂട്ടി പണം ശേഖരിച്ചശേഷം ഇടപാടുകൾ നടത്തുന്ന പ്രീപെയ്ഡ് സംവിധാനങ്ങളെ (പി.പി.ഐ.) യു.പി.ഐ. പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി. സി.ഐ.). ഇതനുസരിച്ച് ഇനിമുതൽ ഡിജിറ്റൽ വാലറ്റുകളും പ്രീപെയ്ഡ് കാർഡുകളും യു.പി.ഐ. ആപ്പുകളുമായി ബന്ധിപ്പിച്ച് ക്യു.ആർ. കോഡ് സ്കാൻചെയ്ത് വ്യാപാരികൾക്ക് പണം നൽകാനാകും. : ഇത്തരത്തിൽ 2,000 രൂപയിൽക്കൂടുതലുള്ള ഇടപാടുകൾ നടത്തുമ്പോൾ ഇന്റർചേഞ്ച് ഫീസായി 1.10 ശതമാനംവരുന്ന തുക ഈടാക്കാനും എൻ.പി.സി.ഐ. നിർദേശിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതലാണ് ഇതു പ്രാബല്യത്തിലാകുക. ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് യു.പി.ഐ. വഴി നേരിട്ട് പണം കൈമാറുന്നത് തുടർന്നും സൗജന്യമായിരിക്കും.
ആരെയെല്ലാം ബാധിക്കും?
പുതിയ സംവിധാനമായ ഡിജിറ്റൽ വാലറ്റിൽനിന്നുള്ള 2,000 രൂപയിൽ കൂടിയ ഇടപാടുകൾക്കാണ് ഫീസുള്ളത്. ഇത് വ്യാപാരിയിൽനിന്നാണ് ഈടാക്കുക. വാലറ്റിൽ പണം നിറയ്ക്കുമ്പോൾ ബാങ്കുകൾക്ക് പണം നൽകണമെന്നതിനാൽ പി.പി. ഐ. സേവനദാതാക്കളെയും ഇതു ബാധിക്കാം
എന്താണ് പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രുമെന്റ്സ് ?
ഇവയെ യു.പി.ഐ. പ്ലാറ്റ്ഫോമിലാക്കുന്നതിനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിൽനിന്ന് വ്യാപാരികൾക്ക് 2,000 രൂപയിൽക്കൂടുതൽ വരുന്ന തുക കൈമാറുമ്പോൾ, വ്യാപാരികൾ വാലറ്റ് ഇഷ്യു ചെയ്യുന്ന കമ്പനിക്ക് 1.10 ശതമാനം ഇന്റർചേഞ്ച് ഫീസ് നൽകണം.
ഈ വാലറ്റിലേക്ക് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കൈമാറുമ്പോൾ 0.15 ശതമാനം വരുന്ന തുക ഫീസായി വാലറ്റ് ഇഷ്യുചെയ്യുന്ന കമ്പനി ബാങ്കിനും നൽകേണ്ടിവരും. വാലറ്റ് ഇഷ്യു ചെയ്യുന്ന കമ്പനികൾക്ക് അധികവരുമാനം കൊണ്ടുവരുന്നതാണ് തീരുമാനം. വാലറ്റിൽ പണം നിറയ്ക്കുന്നതിന് പണം ലഭിക്കുന്നതിനാൽ ബാങ്കുകൾക്കും നേട്ടമാകും.
കലാസ്വാദകർക്കായി പുതിയ ഇടം
കലാസ്വാദകർക്കായി അത്യാധുനിക സാംസ്ക്കാരിക നിലയമെന്ന ആശയവുമായി നിതാ അംബാനി കൾച്ചറൽ സെന്റർ ഇന്ന് മുംബൈയിൽ ആരംഭിക്കും. സംഗീതം, നാടകം, ഫൈൻ ആർട്സ്, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാനും അത് അസ്വദിക്കാനുമുള്ള അവസരം ഇവിടെ ഉണ്ടാകും.
നിതാ അംബാനി കൾച്ചറൽ സെന്റർ തുറക്കുന്നത് പ്രമാണിച്ച് മൂന്ന് ബ്ലോക്ക്ബസ്റ്റർ ഷോകൾക്കൊപ്പം ‘സ്വദേശ്’ എന്ന പേരിൽ പ്രത്യേകമായി തയ്യാറാക്കിയ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്സ്പോസിഷൻ അവതരിപ്പിക്കും – ‘ദി ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷൻ’ എന്ന മ്യൂസിക്കൽ തിയേറ്റർ; ‘ഇന്ത്യ ഇൻ ഫാഷൻ’ എന്ന പേരിൽ ഒരു കോസ്റ്റ്യൂം ആർട്ട് എക്സിബിഷനും ‘സംഗം/കോൺഫ്ലുക്സ്’ എന്ന പേരിൽ ഒരു വിഷ്വൽ ആർട്ട് ഷോയും ഉണ്ടാകും.
ഇവയെല്ലാം ചേർന്ന് ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യങ്ങളുടെ വൈവിധ്യവും ലോകത്തിൽ അവ ചെലുത്തുന്ന സ്വാധീനം അവതരിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ തുറക്കുന്നത്.
“ഈ സാംസ്കാരിക കേന്ദ്രത്തിന് ജീവൻ നൽകിയത് ഒരു വിശുദ്ധ യാത്രയാണ്.സിനിമ, സംഗീതം, നൃത്തം, നാടകം, സാഹിത്യം, നാടോടിക്കഥകൾ, കലകൾ, കരകൗശലങ്ങൾ, ശാസ്ത്രം, ആത്മീയത എന്നിവയിൽ നമ്മുടെ കലാ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ഇടം സൃഷ്ടിക്കുയെന്ന ആഗ്രഹമാണ് സഫലമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചത് ഞങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു ഇടമായിരിക്കും നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ”– ഉദ്ഘാടനത്തിന് മുന്നോടിയായി നിതാ അംബാനി പറഞ്ഞു. പുതിയ കൾച്ചറൽ സെന്റർ തുറക്കുന്നത് പ്രമാണിച്ച് കഴിഞ്ഞ ദിവസം രാമനവമിയോട് അനുബന്ധിച്ച് നിത അംബാനി പ്രത്യേക പൂജയും വഴിപാടുകളും നടത്തി.
കുട്ടികൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഈ സാംസ്ക്കാരിക കേന്ദ്രത്തിൽ പ്രവേശനം സൗജന്യമായിരിക്കും. സ്കൂൾ, കോളേജ് വിദ്യാർഥികളെ ഉൾപ്പെടുത്തിയുള്ള പരിപാടികളും മത്സരങ്ങളും പ്രദർശനങ്ങളും, കലാ അധ്യാപകർക്കുള്ള അവാർഡുകൾ എന്നിവയ്ക്കും നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ നേതൃത്വം നൽകും.
കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കി
*ഗർഭിണികൾ, പ്രായമായവർ, ജീവിതശൈലി രോഗമുള്ളവർ എന്നിവർക്ക് മാസ്ക് നിർബന്ധം
*ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം
*സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് വിലയിരുത്തി
സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസുകൾ വർധിക്കുന്നത് മുന്നിൽ കണ്ടുള്ള സർജ് പ്ലാനുകൾ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആർസിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികൾ എന്നിവർ കോവിഡ് രോഗികൾക്കായി പ്രത്യേകം കിടക്കകൾ മാറ്റിവയ്ക്കണം. ആവശ്യകത മുന്നിൽ കണ്ട് പരിശോധനാ കിറ്റുകൾ, സുരക്ഷാ സാമഗ്രികൾ എന്നിവ സജ്ജമാക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷൻ വാർഡുകളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതാണ്. പൂർത്തിയാക്കാനുള്ള ഐസൊലേഷൻ വാർഡുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനും മന്ത്രി നിർദേശം നൽകി.
സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരും, ഗർഭിണികളും, പ്രായമായവരും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതിൽ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ് അധികവും. ഐസിയുവിൽ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരിൽ പ്രമേഹവും, രക്താതിമർദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗർഭിണികളും, കുട്ടികളും മാസ്ക് കൃത്യമായി ധരിക്കണം. ഇവർ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
സംസ്ഥാനത്ത് ഫെബ്രുവരിയിൽ കേസുകൾ തീരെ കുറവായിരുന്നു. എന്നാൽ മാർച്ചോടെ നേരിയ വർധനവുണ്ടായി. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം പാടില്ല. ജനിതക പരിശോധനയ്ക്ക് അയച്ചതിൽ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്. ജനിതക പരിശോധന വർധിപ്പിക്കാനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.