‘ഇന്ധനം ലാഭിക്കാനാവുന്ന വഴികൾ’ മുതൽ ‘ലോക്കൽ ട്രെയിൻ വിവരങ്ങൾ’ വരെ; എല്ലാം ഇനി ഗൂഗിള്‍ മാപ്പ്‌സിലൂടെ അറിയാം.

പുതിയ അപ്‌ഡേഷന്‍ അനുസരിച്ച് രാജ്യത്തെ 3,000 നഗരങ്ങളില്‍ ലൈവ് വ്യൂ വാക്കിങ് നാവിഗേഷന്‍ ഫീച്ചര്‍ ലഭ്യമാകും.

ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പുതിയ ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്‌സ്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ബില്‍ഡിങ് ഫോര്‍ ഇന്ത്യ എന്ന പരിപാടിയില്‍ വച്ചാണ് പുതിയ ഫീച്ചറുകളെ കമ്പനി പരിചയപ്പെടുത്തിയത്. ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂ, ലൈവ് വ്യൂ വാക്കിങ്, ലെന്‍സ് ഇന്‍ മാപ്പ്സ് ഉള്‍പ്പടെയുള്ള നിരവധി ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ പൊതുഗതാഗതം, ട്രെയിന്‍ ഗതാഗതം എന്നിവയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ഗൂഗിള്‍ നടത്തിയിട്ടുണ്ട്. 

വേര്‍ ഇസ് മൈ ട്രെയിന്‍ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കും. ഇതുവഴി മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ലോക്കല്‍ ട്രെയിനുകള്‍ എവിടെയാണുള്ളതെന്ന് അറിയാന്‍ സാധിക്കും. ആന്‍ഡ്രോയിഡിലാണ് ആദ്യം ഈ ഫീച്ചറുകള്‍ ലഭ്യമാകുക. ഐഒഎസില്‍ ഉടനെ ഈ ഫീച്ചറുകള്‍ ലഭ്യമാകും. ലൈവ് വ്യൂ വാക്കിങ്, ലെന്‍സ് ഇന്‍ മാപ്പ്സ്, ഫ്യുവല്‍ എഫിഷ്യന്‍ റൂട്ടിങ്, അഡ്രസ് ഡിസ്‌ക്രിപ്റ്റേഴ്സ്, ലോക്കല്‍ ട്രെയിന്‍സ് സപ്പോര്‍ട്ട് തുടങ്ങിയ നിരവധി ഫീച്ചറുകളും ഗൂഗിള്‍ പരിചയപ്പെടുത്തി.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പുതിയ അപ്‌ഡേഷന്‍ അനുസരിച്ച് രാജ്യത്തെ 3,000 നഗരങ്ങളില്‍ ലൈവ് വ്യൂ വാക്കിങ് നാവിഗേഷന്‍ ഫീച്ചര്‍ ലഭ്യമാകും. ആന്‍ഡ്രോയിഡിലാണ് ആദ്യം ഈ ഫീച്ചര്‍ ലഭിക്കുക. ഗൂഗിള്‍ ലെന്‍സ് ഫീച്ചര്‍ മാപ്പ്സില്‍ ഈ ഫീച്ചര്‍ എത്തിയാല്‍ ഫോണിലെ ക്യാമറയുടെ സഹായത്തോടെ പ്രാദേശിക വിവരങ്ങള്‍ കണ്ടെത്താനാകും. 2024 ജനുവരിയില്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങും. ഇന്ധനം ലാഭിക്കാനാവുന്ന റൂട്ടുകള്‍ നിര്‍ദേശിക്കുന്ന ഫ്യുവല്‍ എഫിഷ്യന്റ് റൂട്ടിങ് സംവിധാനവും ഉടനെ നിലവില്‍ വരും. ഏറ്റവും മികച്ച ഇന്ധന ക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചറിലൂടെ നമുക്ക് അറിയാനാകും. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡിന്റെ അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്.

friends catering

സെഞ്ച്വറി അടിച്ച സവാളയെ റണ്ണൗട്ടാക്കി കേന്ദ്രം; വില കൂപ്പുകുത്തി.

വില കിലോയ്ക്ക് 80 മുതല്‍ 100 രൂപയ്ക്ക് മുകളില്‍ വരെ എത്തിയതിനെ തുടര്‍ന്ന് ഒരുമാസം മുമ്പ് അടുക്കളയിലും ഹോട്ടലിലും നിന്ന് പുറത്തായ സവാളയ്ക്ക് ഇപ്പോള്‍ ഫോം നഷ്ടപ്പെടുന്നു. ആഭ്യന്തര വിപണിയിലെ പൊള്ളുംവില നിയന്ത്രിക്കാനും പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാനുമായി സവാളയുടെ കയറ്റുമതിക്ക് കേന്ദ്രം പൂട്ടിട്ടതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം.
ആഭ്യന്തര വിപണിയില്‍ മൊത്ത വ്യാപാര വിലയില്‍ 50 ശതമാനം വരെ കുറവു വന്നു. ഡല്‍ഹിയില്‍ സവാള വില 80 രൂപയ്ക്ക് മുകളില്‍ എത്തിയപ്പോഴാണ് കേന്ദ്രം അടിയന്തര ഇടപെടല്‍ നടത്തിയത്. അടുത്ത മാര്‍ച്ച് വരെയാണ് സവാളയുടെ കയറ്റുമതി നിരോധനം. 
ഡിസംബര്‍ 7ന് കയറ്റുമതി നിരോധനം നടപ്പാക്കുമ്പോൾ  39-40 രൂപയായിരുന്ന വില ഇപ്പോള്‍ 20-21 രൂപയായി കുറഞ്ഞു. ഖാരിഫ് സീസണിലെ വിളവെടുപ്പ് തുടങ്ങിയതിനാല്‍ വില സ്ഥിരത തുടരാനോ താഴേക്ക് പോകാനോ ആണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്.

നിയന്ത്രണം നീക്കണമെന്ന് കര്‍ഷകര്‍
വിലയിടിവ് ഒഴിവാക്കാന്‍ കയറ്റുമതി നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയണമെന്ന് ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഖാരിഫ് സീസണില്‍ കൂടുതലായി വിളവെടുക്കുന്ന ചുവന്ന സവാളയ്ക്ക്  ഡിസംബര്‍ ആറിന് കിലോയ്ക്ക് 39.50 രൂപയായിരുന്ന വില ഇപ്പോള്‍ 21-25 രൂപയായി കുറഞ്ഞിട്ടുണ്ട്. ഡിസംബര്‍ 19 വരെയുള്ള കണക്കനുസരിച്ച് ഈ മാസം 3.66 ലക്ഷം ടണ്‍ ചുവന്ന സാവാളയാണ് മൊത്ത വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 2022 ഡിസംബറില്‍ ഇത് 3.69 ലക്ഷം ടണ്ണായിരുന്നു.
ഇനിയും ദിവസങ്ങള്‍ ശേഷിക്കെ കുടുതല്‍ സവാള വിപണിയില്‍ എത്തിയേക്കും. ലഭ്യത കൂടുന്നതോടെ വിലയിനിയും കുറഞ്ഞാല്‍ പ്രതിസന്ധിയിലാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലിവല്‍ ആവശ്യം ശക്തമായതിനാല്‍ ഉടന്‍ വിലയിടിവുണ്ടാകില്ലെങ്കിലും ക്രമേണ ഇത് കര്‍ഷകരെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ഭാഗികമായെങ്കിലും നിയന്ത്രണം നീക്കണമെന്നാണ് ആവശ്യം.
നിരോധനത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ കര്‍ഷകരും കച്ചവടക്കാരും സമരത്തിലേക്ക് നീങ്ങിയിരുന്നു. കയറ്റുമതി നിരോധനം ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണെങ്കിലും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടാത്ത സാഹചര്യത്തിലേക്ക് നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. പിന്നീട് കേന്ദ്രം പ്രശ്നത്തിലിടപെട്ട് സമരം ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
വില വര്‍ധിച്ചതിനെ തുടര്‍ന്ന് കയറ്റമുതി ചെയ്യുന്ന സവാളയ്ക്ക് 40 ശതമാനം നികുതിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമേയാണ് കയറ്റുമതി നിരോധനം.

കോവിഡ് ജെഎൻ.1 വകഭേദം; സാധാരണലക്ഷണങ്ങൾക്കൊപ്പം വിശപ്പില്ലായ്മയും ക്ഷീണവും അനുഭവപ്പെടാം..

കേരളത്തിലടക്കം സ്ഥിരീകരിച്ച ജെഎൻ.1 എന്ന പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാ​ഗത്തിൽ ഉൾപ്പെടുത്തി ലോകാരോ​ഗ്യസംഘടന. അതേസമയം പൊതുജനാരോ​ഗ്യത്തിന് പുതിയ വകഭേദം വലിയ ഭീഷണിയാകാനിടയില്ലെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി.പുതിയ വകഭേദം തീവ്രമാകുന്നതിൽ നിന്നും മരണനിരക്ക് കൂടാതിരിക്കാനുമുള്ള സംരക്ഷണം നൽകാൻ നിലവിലുള്ള വാക്സിന് പ്രാപ്തിയുണ്ടെന്നും ലോകാരോ​ഗ്യസംഘടന പറഞ്ഞു.

ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ജെ.എൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ അമേരിക്ക, യു.കെ, ഐസ്​ലൻഡ്, സ്പെയിൻ, പോർച്ചു​ഗൽ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ലക്സംബർ​ഗിൽ ആദ്യമായി കണ്ടെത്തിയ ജെഎൻ.1 വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമാണ്. രോ​ഗനിരക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കരുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നത് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന്(ബുധനാഴ്ച) അടിയന്തരയോഗം ചേരുന്നുണ്ട്. സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യവകുപ്പ് സെക്രട്ടറിമാർ, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുക്കും.

എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ?

തീരെ ചെറിയ ലക്ഷണങ്ങളിൽത്തുടങ്ങി മിതമായ രീതിയിലുള്ളവ വരേയാണ് ജെഎൻ.വൺ വകഭേദത്തിൽ പ്രത്യക്ഷമാകുന്നതെന്ന് ലോകാരോ​​ഗ്യസംഘടന പറയുന്നു.

പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചിലരോ​ഗികളിൽ വളരെ ലളിതമായ ശ്വസനേന്ദ്രിയ രോ​ഗലക്ഷണങ്ങളും പ്രകടമാകാറുണ്ട്. അവ നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ ഭേദമാകാറുമുണ്ട്.

friends catering

ഇവകൂടാതെ ചില പുതിയ ലക്ഷണങ്ങളും ഈ വകഭേദത്തിനൊപ്പം കാണുന്നുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. വിശപ്പില്ലായ്മ, തുടർച്ചയായ മനംപുരട്ടൽ തുടങ്ങിയവ അതിൽ ചിലതാണ്. കൂടാതെ അമിതമായ ക്ഷീണം, പേശികളുടെ ക്ഷയം തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. മറ്റു കോവിഡ് വകഭേദങ്ങളേക്കാൾ ക്ഷീണം തോന്നാമെന്നും ചെറിയ ജോലികൾ ചെയ്യുമ്പോൾപോലും അനുഭവപ്പെടുന്ന തളർച്ചയും കാണാമെന്നും പറയുന്നു.

ചില പ്രത്യേകസാഹചര്യങ്ങളിൽ ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം. ഇത് ദഹനവ്യവസ്ഥയെ ബാധിച്ചേക്കാം. ഛർദി, ഓക്കാനം തുടങ്ങിയവ ഇവരിൽ പ്രകടമാകും.

മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ജെഎൻ.1-ന് വ്യാപനശേഷി കൂടുതലായിരിക്കുമെന്നാണ് സി.ഡി.സി.(Centers for Disease Control and Prevention)യും വ്യക്തമാക്കുന്നത്. അവധിക്കാലവും കോവിഡ് വാക്സിനെടുക്കുന്നതിന്റെ നിരക്ക് കുറഞ്ഞതുമൊക്കെയാണ് രോ​ഗികൾ കൂടുന്നതിന് പിന്നിലെന്നും സി.ഡി.സി കരുതുന്നു.

കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡാറ്റ അസിസ്റ്റന്റാവാം; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം നേടാന്‍ അവസരം; ഇന്നുതന്നെ അപേക്ഷിക്കൂ.

കേരള വാട്ടര്‍ അതോറിറ്റിയില്‍ ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് ഡാറ്റ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍ (Assistant data base administrator) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഒരു ലക്ഷം രൂപ വരെ ശമ്പളം നേടാന്‍ കഴിയുന്ന മികച്ച അവസരം തന്നെയാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. കേരള പി.എസ്.സി മുഖേനയാണ് നിയമനം.”താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജനുവരി 17 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

തസ്തിക & ഒഴിവ്
കേരള ജല അതോറിറ്റിയില്‍ അസിസ്റ്റന്റ് ഡാറ്റ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍.
ആകെ 1 ഒഴിവാണുള്ളത്. കാറ്റഗറി നമ്പര്‍: 521/2023.വിദ്യാഭ്യാസ യോഗ്യത.കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടിയില്‍ എം.സി.എ/ ബി.ടെക് അല്ലെങ്കില്‍ എം.എസ്.സി ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ 02-01-1987നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,500 രൂപ മുതല്‍ 1,23,700 രൂപ വരെ ശമ്പളമായി ലഭിക്കാം.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.keralapsc.gov.in/) സന്ദര്‍ശിക്കുക.ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ക്ലിക് ചെയ്യുക.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ വിട്ടുപോയോ? സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ അവസരം.

എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ 1999 ഒക്‌ടോബർ മുതൽ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് അവസരം.
രജിസ്‌ട്രേഷൻ പുതുക്കൽ സംബന്ധിച്ച നടപടികൾ ഓൺലൈൻ പോർട്ടലിന്‍റെ (www.eemployment.kerala.gov.in) ഹോം പേജിൽ സ്‌പെഷൽ റിന്യൂവൽ ഓപ്ഷൻ വഴി ഉദ്യോഗാർഥികൾക്ക് നേരിട്ട് 2024 ജനുവരി 31 വരെ നടത്താം. ഇതുകൂടാതെ ഓഫിസിൽ നേരിട്ടു ഹാജരായും പുതുക്കൽ നടത്താം.

എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം എത്തിക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കുന്നതിനും നിശ്ചിത സമയപരിധിക്കു ശേഷം വിടുതൽ സർട്ടിഫിക്കറ്റ് ചേർത്തതുമൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി പുന:സ്ഥാപിക്കുന്നതിനും കഴിയുന്നതാണ്.

രാത്രിയിലും രാവിലെയും നേരത്തെ ഭക്ഷണം കഴിക്കുന്നത്‌ ഹൃദ്രോഗസാധ്യത കുറയ്‌ക്കും

എന്ത്‌ കഴിക്കുന്നു എന്നത്‌ പോലെ തന്നെ പ്രധാനമാണ്‌ എപ്പോള്‍ കഴിക്കുന്നു എന്നതും. രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത്‌ ഹൃദ്രോഗസാധ്യത കുറയ്‌ക്കുമെന്ന്‌ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. 
സ്‌പെയ്‌നിലെ ബാര്‍സലോണ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെയും ഫ്രാന്‍സിലെ സെന്റര്‍ ഓഫ്‌ റിസര്‍ച്ച്‌ ഇന്‍ എപ്പിഡെമോളജി ആന്‍ഡ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സിലെയും ഗവേഷകര്‍ ചേര്‍ന്നാണ്‌ പഠനം നടത്തിയത്‌. ഗവേഷണഫലം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്‌ ജേണലില്‍ പ്രസിദ്ധീകരിച്ചു.

ശരാശരി 42 വയസ്സ്‌ പ്രായമുള്ള 1,03,389 പേരില്‍ ഏഴ്‌ വര്‍ഷത്തോളമാണ്‌ പഠനം നടത്തിയത്‌. പഠനസമയത്ത്‌ ഇതില്‍ 2036 പേര്‍ക്ക്‌ ഹൃദ്രോഗം ബാധിക്കപ്പെട്ടു. പ്രഭാതഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം വൈകിക്കുന്നത്‌ വര്‍ദ്ധിച്ച ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു.

രാവിലെ ഭക്ഷണം കഴിക്കാന്‍ വൈകുന്ന ഓരോ മണിക്കൂറും ഹൃദ്രോഗ സാധ്യത ആറ്‌ ശതമാനം വച്ച്‌ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. രാത്രിയിലെ ഭക്ഷണം ഒന്‍പത്‌ മണിക്ക്‌ ശേഷം കഴിക്കുന്നവരില്‍ എട്ട്‌ മണിക്ക്‌ മുന്‍പ്‌ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച്‌ ഹൃദ്രോഗ സാധ്യത 28 ശതമാനം അധികമാണെന്നും ഗവേഷകര്‍ കണ്ടെത്തി. നേരത്തെ ഭക്ഷണം കഴിച്ച്‌ രാത്രി മുഴുവനുള്ള ഉപവാസത്തിന്റെ നേരം ഓരോ മണിക്കൂര്‍ വര്‍ദ്ധിക്കുന്നതും ഹൃദ്രോഗ സാധ്യത ഏഴ്‌ ശതമാനം വച്ച്‌ കുറയ്‌ക്കുന്നതായും പഠനറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

കലോറി കത്തിക്കാനും വിശപ്പ്‌ നിയന്ത്രിക്കാനുമുള്ള ശരീരത്തിന്റെ ശേഷി ശരീരത്തിലെ സ്വാഭാവിക ക്ലോക്കായ സിര്‍കാഡിയന്‍ റിഥവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. ഭക്ഷണം കഴിക്കുന്ന നേരങ്ങള്‍ ഈ റിഥവുമായി യോജിക്കാത്ത പക്ഷം കൊഴുപ്പിനെ ശേഖരിക്കുന്ന ഹോര്‍മോണുകളുടെ തോത്‌ ഉയരുകയും ഇത്‌ വഴി ഭാരവര്‍ധനയുണ്ടാകുകയും ചെയ്യും. അതേ സമയം ഭക്ഷണത്തിന്റെ സമയക്രമത്തിനൊപ്പവും നിലവാരവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പഠനറിപ്പോര്‍ട്ട്‌ ഓര്‍മ്മിപ്പിക്കുന്നു.

friends catering

യുവാക്കളില്‍ ഹൃദയാഘാത മരണങ്ങള്‍ വ്യാപകം; കരുതിയിരിക്കാം ഈ ലക്ഷണങ്ങളെ

നല്ല ആരോഗ്യവാന്മാരായ യുവാക്കളില്‍ പലരും ഹൃദയാഘാതം മൂലം പെട്ടെന്നു കുഴഞ്ഞ്‌ വീണ്‌ മരിക്കുന്ന ദാരുണ സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ഇതില്‍ സാധാരണക്കാര്‍ തൊട്ട്‌ ഫിറ്റ്‌നസ്‌ ട്രെയ്‌നറുള്ള, നിത്യേന ജിമ്മും വര്‍ക്ക്‌ഔട്ടുമൊക്കെ ചെയ്യുന്ന സെലിബ്രിറ്റികളും സിനിമ താരങ്ങളും വരെ ഉള്‍പ്പെടുന്നു. മലയാള സിനിമ നടി ലക്ഷ്‌മിക സജീവന്റെ മരണമാണ്‌ ഇത്തരത്തില്‍ ഏറ്റവും അടുത്ത്‌ നമ്മെ നടുക്കിയ ഒരു ഹൃദയാഘാത മരണം. വെറും 27 വയസ്സായിരുന്നു ലക്ഷ്‌മികയുടെ പ്രായം. പുനീത്‌ രാജ്‌കുമാര്‍, ചിരഞ്‌ജീവി സര്‍ജ. സിദ്ധാര്‍ത്ഥ ശുക്ല തുടങ്ങിയ പല സിനിമ, ടിവി താരങ്ങളുടെ അകാല മരണങ്ങളും ഹൃദയാഘാതം മൂലമായിരുന്നു.

പല കാരണങ്ങള്‍ കൊണ്ട്‌ യുവാക്കളില്‍ ഹൃദയാഘാത മരണം സംഭവിക്കാറുണ്ടെന്ന്‌ സ്‌പര്‍ഷ്‌ ഹോസ്‌പിറ്റലിലെ അഡ്വാന്‍സ്‌ഡ്‌ ഹാര്‍ട്ട്‌ ഫെയിലര്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ട്രാന്‍സ്‌പ്ലാന്റ്‌ കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ. പി. അശോക്‌ കുമാര്‍ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഹൃദയത്തിലെ രക്തധമനികള്‍ ബ്ലോക്കാകുന്ന കൊറോണറി ആര്‍ട്ടറി രോഗമാണ്‌ സര്‍വസാധാരണമായ കാരണങ്ങളില്‍ ഒന്ന്‌. രക്തധമനികളുടെ ഭിത്തികളില്‍ കൊഴുപ്പും കൊളസ്‌ട്രോളും മറ്റ്‌ വസ്‌തുക്കളും അടിയുന്ന അതെറോസ്‌ക്ലിറോസിസ്‌ ആണ്‌ മറ്റൊരു കാരണം.

ഹൃദയതാളത്തിന്‌ വരുന്ന പ്രശ്‌നങ്ങളും ജനിതക കാരണങ്ങളും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തിനു പിന്നിലുണ്ടാകാം. ജന്മനാലുള്ള ഹൃദയതകരാറുകളാകാം മറ്റൊരു കാരണം. ഹൃദയപേശികളെ കട്ടിയാക്കുന്ന കാര്‍ഡിയോമയോപതിയും ചിലപ്പോള്‍ ഹൃദയാഘാതത്തിന്‌ കാരണമാകാം. പുകവലി, മദ്യപാനം, സംസ്‌കരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളുടെ അമിതഉപയോഗം, അലസ ജീവിതശൈലി എന്നിവയും ഹൃദ്രോഗപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകാം. അമിത വണ്ണവും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്‌.

വിദേശികളെ അപേക്ഷിച്ച്‌ ഇന്ത്യക്കാര്‍ക്ക്‌ ഹൃദ്രോഗം നേരത്തെ തന്നെ വരാനുള്ള സാധ്യത അധികമാണെന്നും ഡോ. അശോക്‌ ചൂണ്ടിക്കാട്ടി. നെഞ്ച്‌ വേദന, നെഞ്ചിന്‌ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്‌. പലരും വയറിന്റെ പ്രശ്‌നമായി കണ്ട്‌ നെഞ്ച്‌ വേദനയെ അവഗണിക്കാറുണ്ട്‌. നെഞ്ചെരിച്ചില്‍, കഴുത്ത്‌ വേദന, ഇടത്‌ കൈയ്‌ക്ക്‌ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. ക്രമം തെറ്റിയ ശ്വാസവും കിതപ്പും ഹൃദയാഘാതം വരാന്‍ പോകുന്നതിന്റെ ലക്ഷണമാകാം. തലകറക്കം, ബോധം കെടല്‍ , ഓക്കാനം, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തോട്‌ അനുബന്ധിച്ച്‌ വരാറുണ്ട്‌. ഇത്തരം ലക്ഷണങ്ങളെ കരുതിയിരുന്ന്‌ അടിയന്തിരമായി വൈദ്യസഹായം തേടുന്നത്‌ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ സഹായിക്കും. 

friends catering

ഗൂഗിള്‍ ക്രോം, എഡ്ജ് ബ്രൗസറുകളില്‍ സുരക്ഷാപ്രശ്‌നങ്ങള്‍; മുന്നറിയിപ്പുമായി കേന്ദ്രം

ജനപ്രിയ വെബ് ബ്രൗസറുകളായ ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും ഉപഭോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കപ്പെടാന്‍ ഇടയാക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഉപഭോക്താവിന്റെ കംപ്യൂട്ടറിലേക്ക് കടന്നുകയറാനും വിവരങ്ങള്‍ ചോര്‍ത്താനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കുന്ന പ്രശ്‌നങ്ങളാണിവയെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

സിഐവിഎന്‍ 2023 0361 വള്‍നറബിലിറ്റി നോട്ടിലാണ് ഗൂഗിള്‍ ക്രോമിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സിഐവിഎന്‍ 20230362 ലാണ് എഡ്ജ് ബ്രൗസറുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്.

അടിയന്തിരമായി സുരക്ഷാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സേര്‍ട്ട് ഇന്‍ നിര്‍ദേശിക്കുന്നത്. ഗൂഗിള്‍ ക്രോമിന്റെ വി120.0.6099.62 ലിനക്‌സ്, മാക്ക് വേര്‍ഷനുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും 120.0.6099.62/.63 വിന്‍ഡോസ് പതിപ്പുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. മൈക്രോസോഫ്റ്റ് എഡ്ജിന്റെ 120.0.2210.61 വേര്‍ഷന് മുമ്പുള്ളവ ഉപയോഗിക്കുന്നവരും ഭീഷണി നേരിടുന്നു.

ബ്രൗസറുകളുടെ വിവിധ ഫീച്ചറുകളുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. ഈ ദൗര്‍ബല്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്താനും കംപ്യൂട്ടറിനെ ആക്രമിക്കാനുമുള്ള ശ്രമങ്ങള്‍ ഹാക്കര്‍ക്ക് നടത്താം.കഴിഞ്ഞ ദിവസം വിവിധ സാംസങ് സ്മാര്‍ട്‌ഫോണുകളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും സേര്‍ട്ട് ഇന്‍ മുന്നറിയിപ്പ് പുറത്തുവിട്ടിരുന്നു.

friends catering

സമ്മര്‍ദ്ദം കോവിഡിനേക്കാള്‍ വലിയ മഹാമാരി; പ്രശ്‌നങ്ങള്‍ പലത്‌…

നമ്മുടെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളോടും വെല്ലുവിളികളോടും ഭീഷണികളോടുമുള്ള ശരീരത്തിന്റെ ജൈവികമായ പ്രതികരണത്തെയാണ്‌ സമ്മര്‍ദ്ദം എന്ന്‌ വിളിക്കുന്നത്‌. ശാരീരികമായും മാനസികമായും നാം സാഹചര്യങ്ങളോടു പ്രതികരിക്കാറുണ്ട്‌. പഠനം, കരിയര്‍, ജോലി, സാമ്പത്തികം, വ്യക്തിജീവിതം എന്നിവയെ ചുറ്റിപ്പറ്റിയെല്ലാം നമുക്ക്‌ സമ്മര്‍ദ്ദം അനുഭവപ്പെടാം. പലതരത്തിലുള്ള രാസപ്രവര്‍ത്തനങ്ങളും ഹോര്‍മോണല്‍ മാറ്റങ്ങളും സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ശരീരത്തില്‍ ഉണ്ടാകാറുണ്ട്‌. ചെറിയ തോതിലുള്ള സമ്മര്‍ദ്ദമൊക്കെ ഗുണപ്രദമാണെങ്കിലും ഇത്‌ സ്ഥിരമാകുന്നത്‌ ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗ പ്രശ്‌നങ്ങള്‍, പക്ഷാഘാതം, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവ സമ്മര്‍ദ്ദം മൂലമുണ്ടാകാമെന്ന്‌ മുലുന്ദ്‌ ഫോര്‍ട്ടിസ്‌ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ്‌ സൈക്യാട്രിസ്റ്റ്‌ ഡോ. സഞ്‌ജയ്‌ കുമാവത്‌ പറയുന്നു. എന്‍ഡോക്രൈന്‍ സംവിധാനത്തെ ബാധിച്ച്‌ പ്രമേഹം, തലവേദന, ആര്‍ത്തവ പ്രശ്‌നങ്ങള്‍, ലൈംഗിക ഉദ്ദീപനക്കുറവ്‌, അസംതൃപ്‌തി പോലുള്ള പല പ്രശ്‌നങ്ങളിലേക്കും സമ്മര്‍ദ്ദം നയിക്കാമെന്ന്‌ ഡോ. സഞ്‌ജയ്‌ ചൂണ്ടിക്കാട്ടി.

ഇക്കാരണങ്ങളാല്‍ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിന്‌ ആദ്യം സമ്മര്‍ദ്ദമുണ്ടാക്കുന്ന കാരണങ്ങളെ കൃത്യമായി കണ്ടെത്തണം. ഇതില്‍ ഒഴിവാക്കാന്‍ പറ്റുന്നവ ഒഴിവാക്കുകയും ഒഴിവാക്കാന്‍ പറ്റാത്തവ അമിത സമ്മര്‍ദ്ദം ഉണ്ടാക്കാത്ത രീതിയില്‍ മാറ്റിയെടുക്കുകയും വേണം. സമ്മര്‍ദ്ദമുണ്ടാക്കുന്ന ചില കാര്യങ്ങള്‍ ജീവിതത്തില്‍ പില്‍ക്കാലത്ത്‌ അനുകൂലഫലങ്ങള്‍ ഉണ്ടാക്കുന്നവയായിരിക്കും. അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ശ്രമിക്കേണ്ടതാണ്‌. ഉദാഹരണത്തിന്‌ പഠിക്കാന്‍ വേണ്ടി വീട്ടില്‍ നിന്ന്‌ മാറി നില്‍ക്കേണ്ടി വരുന്നത്‌ ചില യുവാക്കള്‍ക്ക്‌ സമ്മര്‍ദ്ദം ഉണ്ടാക്കാറുണ്ട്‌. എന്നാല്‍ നിങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഇത്‌ എത്രത്തോളം പ്രധാനമാണെന്ന്‌ ചിന്തിച്ചാല്‍ സമ്മര്‍ദ്ദം കുറേയൊക്കെ നിശ്ചയദാര്‍ഢ്യത്തിന്‌ വഴിമാറും. സമ്മര്‍ദ്ദം താങ്ങാനാവാതെ വരുന്നവര്‍ ഇതിന്‌ സൈക്യാര്‍ടിസ്റ്റിനെയോ സൈക്കോളജിസ്‌റ്റിനെയോ കണ്ട്‌ പ്രഫഷണല്‍ സഹായം തേടാന്‍ മറക്കരുത്‌.

friends catering

3500ൽ അധികം ഒഴിവുകൾ,80ലധികം കമ്പനികൾ; എറണാകുളത്ത് മെഗാ ജോബ് ഫെയർ 23 ന്

ഉദ്യോഗ് 23 എന്ന മെഗാ ജോബ് ഫെയര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജിന്റെ സഹകരണത്തോടെ മഹാരാജാസ് കോളേജില്‍ ഡിസംബര്‍ 23ന് ‘ഉദ്യോഗ് 23 എന്ന മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 80 ല്‍ അധികം പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ 3500 ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ. ഡിപ്ലോമ, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.ടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.empekm.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജില്‍ ഹാജരാകണം. രജിസ്‌ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.


friends catering
Verified by MonsterInsights