രണ്ടായിരം രൂപ നോട്ടുകൾ നിയമപരമായി തുടരും. ഇപ്പോഴും ജനങ്ങളുടെ കൈവശം രണ്ടായിരം രൂപ നോട്ടുകളുണ്ടെന്ന് ആർബിഐ. 2.7 ശതമാനം നോട്ടുകളാണ് കൈവശമുള്ളത്. ബാക്കി പ്രചാരത്തലുണ്ടായിരുന്ന നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തി.
രാജ്യത്ത് രണ്ടായിരം രൂപ നോട്ടുകൾ നിയമപരമായി തുടരും. 2,000 രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. എന്നാൽ ബാക്കി നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ട്. ഈ വർഷം മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകൾ രാജ്യത്ത് നിയമപരമായി തുടരുമെന്നാണ് ആർബിഐ അറിയിച്ചത്.
2,000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിൽ
2,000 രൂപ നോട്ടുകളുടെ 2.7 ശതമാനം ഇപ്പോഴും പ്രചാരത്തിലുണ്ടെന്നും ഇവ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉള്ള സമയപരിധി രണ്ട് മാസത്തിന് ശേഷവും പ്രചാരത്തിലുണ്ടെന്നും കേന്ദ്ര ബാങ്ക് അറിയിച്ചു. പൊതുജനങ്ങൾക്ക് ഉയർന്ന മൂല്യമുള്ള 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ഉള്ള അവസാന ദിവസം ഒക്ടോബർ ഏഴ് ആണെന്നായിരുന്നു ബാങ്ക് അറിയിച്ചിരുന്നത്.
ആർബിഐ നോട്ട് പിൻവലിക്കാൻ തീരുമാനിച്ച 2023 മെയ് 19 ന് വ്യാപാരം അവസാനിക്കുമ്പോൾ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. നവംബർ 30 വരെ ഇത് 9,760 കോടി രൂപയാണ്. ആർബിഐ സൂചിപ്പിക്കുന്നു. ആർബിഐയുടെ 19 ഓഫീസുകളിൽ ഇപ്പോൾ 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും, മാറ്റി എടുക്കുന്നതിനും അവസരമുണ്ട്.
ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ എന്താണ്?
രാജ്യത്തുള്ളവർക്ക് രാജ്യത്തെ ഏത് തപാൽ ഓഫീസിൽ നിന്നും 2000 രൂപ നോട്ടുകൾ ആർബിഐ ഓഫീസുകളിലേക്ക് അയച്ച് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്യാം. നോട്ടുകൾ കൈമാറുന്നതിനും നിക്ഷേപിക്കുന്നതിനും പൊതുജനങ്ങൾക്ക് സമയം നൽകുന്നതിനുള്ള അവസാന തീയതിയായി സെപ്റ്റംബർ 30 ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. അവസാന നിമിഷത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ നേരത്തെ ആളുകൾ മുന്നോട്ട് വരണമെന്ന് ആർബിഐ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് 2023 ഒക്ടോബർ ഏഴു വരെ കാലാവധി നീട്ടി നൽകുകയായിരുന്നു. 2016 നവംബറിൽ ആണ് പുതിയ 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. പിന്നീട് അച്ചടി നിർത്തുകയായിരുന്നു. മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകൾ നിയമപരമായി തുടരുമെന്നാണ് ആർബിഐ ഒടുവിൽ അറിയിച്ചിരിക്കുന്നത് .