2040 ഓടെ കൊച്ചി മുങ്ങിയേക്കുമെന്ന പഠന റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് 2040 ആകുമ്പോഴേക്കും കടൽ നിരപ്പുയരുന്നത് മൂലം മുംബൈ, ചെന്നൈ, പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5% വരെയും കരഭൂമി മുങ്ങിയേക്കുമെന്നാണ് പഠന റിപ്പോർട്ട് വന്നിട്ടുള്ളത്. ബെംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി (സിഎസ്‌ടിഇപി) നടത്തിയ പഠനത്തിൽ മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5% വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

അതേസമയം തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെ 15 തീരദേശ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ മുംബൈയിലാണ് ഭീഷണി കൂടുതലുള്ളതെന്നും കണ്ടെത്തലിൽ പറയുന്നു. 1987– 2021 കാലത്ത് സമുദ്രനിരപ്പ് ഏറ്റവും കൂടുതൽ ഉയർന്നത് മുംബൈയിൽ ആയിരുന്നു (4.44 സെ.മീ). മറ്റിടങ്ങളിൽ ഇങ്ങനെ: വിശാഖപട്ടണം – 2.38 സെ.മീ., കൊച്ചി – 2.21 സെ.മീ, ചെന്നൈ –0.67 സെ.മീ. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം എന്നിവയുടെ വിപത്ത് ചെറുതായിരിക്കില്ലെന്നും പഠനം ഓർമ്മിപ്പിക്കുന്നുണ്ട്. 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് ഉയരാനുള്ള സാധ്യത: മുംബൈ– 76.2 സെ.മീ., കോഴിക്കോട്– 75.1 സെ.മീ., കൊച്ചി– 74.9 സെ.മീ., തിരുവനന്തപുരം– 74.7 സെ.മീ എന്നിങ്ങനെയാണ്.
