IPL 2023: എല്‍ ക്ലാസിക്കോയില്‍ മുംബൈ തരിപ്പണം! വമ്പന്‍ ജയം കൊയ്ത് സിഎസ്‌കെ

ചെന്നൈ: ക്രിക്കറ്റ് ലോകം കാത്തിരുന്ന ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ തരിപ്പണമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ രോഹിത് ശര്‍മയെയും സംഘത്തെയും എംഎസ് ധോണിയുടെ മഞ്ഞപ്പട വാരിക്കളയുകയായിരുന്നു.

IPL 2023: ഒരു കളി പോലും നല്‍കിയില്ല, ഫ്രാഞ്ചൈസികള്‍ ‘വഞ്ചിച്ച’ മലയാളി താരങ്ങള്‍
ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഈ സീസണില്‍ മുംബൈയ്ക്കുമേല്‍ സിഎസ്‌കെയുടെ രണ്ടാം ജയം കൂടിയാണിത്. നേരത്തേ മുംബൈയിലും ധോണിപ്പട വിജയക്കൊടി പാറിച്ചിരുന്നു. ഇന്നത്തെ മല്‍സരത്തിില്‍ നേടിയ ജയത്തോടെ 13 പോയിന്റുമായി സിഎസ്‌കെ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്.

 

140 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു ചെന്നൈയ്ക്കു മുംബൈ നല്‍കിയത്. തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകളെടുത്താല്‍ മാത്രമേ മുംബൈയ്ക്കു സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഓപ്പണിങ് വിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദ്- ഡെവന്‍ കോണ്‍വേ സഖ്യം 46 റണ്‍സ് നേടിയതോടെ ചെന്നൈ പിടിമുറുക്കുകയായിരുന്നു. 44 റണ്‍സെടുത്ത കോണ്‍വേയാണ് ടോപ്‌സ്‌കോറര്‍. 42 ബോളുകള്‍ നേരിച്ച അദ്ദേഹം നാലു ഫോറുകള്‍ നേടി.

റുതുരാജ് വളരെ അഗ്രസീവ് ഇന്നിങ്‌സായിരുന്നു കളിച്ചത്. വെറും 16 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കം 30 റണ്‍സ് താരം അടിച്ചെടുത്തു. അജിങ്ക്യ രഹാനെ (21), അമ്പാട്ടി റായുഡു (12) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ശിവം ദുബെയും (26*) ആറാമനായി ക്രീസിലെത്തിയ നായകന്‍ എംഎസ് ധോണിയും (2*) ചേര്‍ന്നാണ് സിഎസ്‌കെയുടെ ജയം പൂര്‍ത്തിയാക്കിയത്. സ്‌കോര്‍: മുംബൈ എട്ടിന് 139, ചെന്നൈ 17.4 ഓവറില്‍ നാലിനു 140.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 139 റണ്‍സ് നേടിയത്. ടോപ് ഓര്‍ഡര്‍ പാളിയ മുംബൈയെ രക്ഷിച്ചത് മധ്യനിരയാണ്. യുവതാരം നെഹാല്‍ വദേര 64 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 51 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. സൂര്യകുമാര്‍ യാദവ് (26), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ബാറ്റിങ് ഓര്‍ഡറില്‍ മുംബൈ നടത്തിയ പരീക്ഷണം ഈ മല്‍സരത്തില്‍ വന്‍ ഫ്‌ളോപ്പാവുകയായിരുന്നു.

IPL 2023: അര്‍ഹിച്ച തോല്‍വി! സഞ്ജുവിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സി, പിന്നെയെങ്ങനെ ജയിക്കും?
ഓപ്പണിങില്‍ നിന്നും മാറി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള രോഹിത്തിന്റെ നീക്ക് ക്ലിക്കായില്ല. അദ്ദേഹം തുടരെ രണ്ടാം മല്‍സരത്തിലും ഡെക്കായി ക്രീസ് വിട്ടു. ഇഷാന്‍ കിഷനോടൊപ്പം ഓപ്പണ്‍ ചെയ്തത് കാമറൂണ്‍ ഗ്രീനായിരുന്നു. രണ്ടു പേരും ബാറ്റിങില്‍ ഫ്‌ളോപ്പായി. ഗ്രീന്‍ ആറും ഇഷാന്‍ ഏഴും റണ്‍സാണ് നേടിയത്. മൂന്നോവറിനുള്ളില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ മുംബൈയ്ക്കു നഷ്ടമായിരുന്നു.

ഇഷാനും രോഹിത്തും ഒരേ ഓവറിലാണ് മടങ്ങിയത്. ദീപക് ചാഹറാണ് ഇരുവരെയും പുറത്താക്കി മുംബൈയ്ക്കു ഇരട്ട പ്രഹരമേല്‍പ്പിച്ചത്. ഇതോടെ മുംബൈ മൂന്നിന് 14 റണ്‍സിലേക്കു വീണു. തുടര്‍ന്നായിരുന്നു മുംബൈയെ രക്ഷിച്ച കൂട്ടുകെട്ട്. നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച വദേരയും അഞ്ചാമനായെത്തിയ സൂര്യയും ചേര്‍ന്ന് ഫിഫ്റ്റി പ്ലസ് റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. 55 റണ്‍സാണ് ഇരുവരും ചേര്‍ന്നടുത്തത്. ഈ കൂട്ടുകെട്ട് കരുത്താര്‍ജിക്കവെയാണ് അപകടകാരിയായ സൂര്യയെ ബൗള്‍ഡാക്കി ജഡേജ സിഎസ്‌കെയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത് (നാലിന് 69).

അഞ്ചാം വിക്കറ്റില്‍ മറ്റൊരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കൂടി മുംബൈ ഇന്നിങ്‌സില്‍ കണ്ടു. വദേര- ട്രിസ്റ്റണ്‍ സ്റ്റബ്‌സ് സഖ്യം 54 റണ്‍സ് നേടിയതോടെ മുംബൈയുടെ ടോട്ടല്‍ 120 കടന്നു. 150 പ്ലസ് റണ്‍സായിരുന്നു മുംബൈ ലക്ഷ്യമിട്ടതെങ്കിലും ഡെത്ത് ഓവറുകളില്‍ ചെന്നൈയുടെ ഉജ്ജ്വല ബൗളിങ് അവരെ പിടിച്ചുകെട്ടി.

മൂന്നു വിക്കറ്റുകളടുത്ത ശ്രീലങ്കന്‍ പേസര്‍ മതീശ പതിരാനയാണ് സിഎസ്‌കെ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത്. നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്. ദീപക് ചാഹറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു.

ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നുള്ള പിച്ചിലെ ഈര്‍പ്പം കണക്കിലെടുത്താണ് ബൗളിങ് എടുക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ മുംബൈ ടീമില്‍ ചില മാറ്റങ്ങളുണ്ടായിരുന്നു. സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയക്കു പകരം രാഘവ് ഗോയല്‍ ഈ മല്‍സരത്തിലൂടെ മുംബൈയ്ക്കായി അരങ്ങേറി. പരിക്കു കാരണം തിലക് വര്‍മയ്ക്കു പുറത്തിരിക്കേണ്ടി വന്നപ്പോള്‍ പകരം ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ടീമിലേക്കു വന്നു.

Verified by MonsterInsights