ഗൂഗിള്‍ ലഭ്യമാക്കിയിരിക്കുന്ന സേവനങ്ങളില്‍ ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് ഗൂഗിള്‍ ലെന്‍സ്. എന്നാല്‍ പലര്‍ക്കും ഗൂഗിള്‍ ലെന്‍സിന്റെ സാധ്യതകളെപ്പറ്റി കാര്യമായ അറിവില്ല. ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രമോ, സ്ക്രീന്‍ഷോട്ടോ ഗൂഗിള്‍ ലെന്‍സ് വഴി സെര്‍ച്ച് ചെയ്താല്‍ അവയെപ്പറ്റി ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങളെല്ലാം ഗൂഗിള്‍ നിങ്ങളുടെ മുന്നിലെത്തിക്കും. ‘ നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്ക് അത് തിരയാം’ എന്നാണ് ഗൂഗിള്‍ ലെന്‍സ് എന്ന ആശയത്തെ ഗൂഗിള്‍ വിശദീകരിക്കുന്നത് തന്നെ.
ഗൃഹപാഠം ചെയ്യുന്നതു മുതല്‍, ബോര്‍ഡിലെ അടയാളങ്ങളും, മെനുവും വരെ വിവര്‍ത്തനം ചെയ്യാനും, എന്തിനേറെ മനുഷ്യ ശരീരത്തിലെ ചര്‍മ്മത്തിന്റെ അവസ്ഥകള്‍ തിരിച്ചറിയാന്‍ വരെ ലെന്‍സിന് സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ചുണങ്ങുകൊണ്ടോ എന്തെങ്കിലും തരത്തിലുള്ള അലര്‍ജി കൊണ്ടോ ത്വക്കിന് പ്രശ്നമുണ്ടെന്ന് തോന്നിയാല്‍ നിങ്ങളുടെ ഫോണിലെ ഗൂഗിള്‍ ലെന്‍സ് ആപ് ഉപയോഗിച്ച് ആ അവസ്ഥയെ തിരിച്ചറിയാന്‍ സാധിക്കും.
ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് ചര്‍മ്മത്തിലെ അടയാളമോ മറ്റ് തരത്തിലുള്ള പ്രശ്നമോ ഫോട്ടോ എടുത്ത ശേഷം മുകളിലേക്ക് സ്വൈപ്പ് ചെയ്യുമ്പോള്‍ സമാനമായ രീതിയിലുള്ള ത്വക്കിന്റെ അവസ്ഥകളുടെ ഒരു ലിസ്റ്റും ചിത്രങ്ങളും ലഭ്യമാകും. ഇത് ഉപയോഗിച്ച് എന്താണ് പ്രശ്നം എന്ന് കണ്ടെത്തി വിദഗ്ധ സഹായം തേടാന്‍ സഹായിക്കും എന്നാണ് ഗൂഗിള്‍ പറയുന്നത്.
സമാനമായ രൂപത്തിലുള്ള ചിത്രങ്ങള്‍ കണ്ടെത്തുന്ന ഗൂഗിള്‍ ലെന്‍സിലെ സാധാരണ ഇമേജ് – റെക്കഗ്നിഷന്‍ ഫീച്ചര്‍ പോലെ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഗാലറിയില്‍ നിന്ന് ചിത്രം അപ്ലോഡ് ചെയ്തും സെര്‍ച്ച് ചെയ്യാന്‍ സാധിക്കും.എന്നാല്‍ ഒരു രോഗനിര്‍ണയത്തിന് പകരമായി ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നും പ്രശ്നത്തിനെപ്പറ്റിയുള്ള അടിസ്ഥാന ധാരണ നേടാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂ എന്നും ഗൂഗിള്‍ പങ്കുവച്ച ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട് .
ഭാഷ അറിയാത്ത സ്ഥലങ്ങളില്‍ എത്തിപ്പെട്ടാല്‍ എഴുത്തുകള്‍ ഉള്ള ബോര്‍ഡുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സ്കാന്‍ ചെയ്താല്‍ വിവര്‍ത്തനം ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. 100 ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഈ ആപ്പിന് കഴിയും.
ഗൂഗിള്‍ ബാര്‍ഡില്‍ ഗൂഗിള്‍ ലെന്‍സ് ഉള്‍പ്പെടുത്താനുള്ള നീക്കവും അടുത്തിടെ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ബാര്‍ഡില്‍ ഫോട്ടോകള്‍ ഉള്‍പ്പെടുത്താന്‍ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ഇതോടെ ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് ആയ ബാര്ഡിന് ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.