ദോഹ: യുറുഗ്വയെ രണ്ട് ഗോളിന് തകർത്ത് പോർച്ചുഗൽ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. രണ്ട് ഗോളുകളുമായി കളം നിറഞ്ഞ ബ്രൂണോ ഫെര്‍ണാണ്ടസാണ് പോർച്ചുഗലിന്റെ വിജയശില്‍പി.
ഇതോടെ രണ്ട് വിജയങ്ങളുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചില്‍ നിലവില്‍ ഒന്നാമതാണുള്ളത്. ആദ്യ മത്സരത്തില്‍ ഘാനയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റൊണാൾഡോയും സംഘവും തകര്‍ത്തത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ഘാനയാണ് പട്ടികയില്‍ രണ്ടാമത്. അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമേതെന്ന് വ്യക്തമാവൂ.
12ാം മിനിറ്റില്‍ യുറുഗ്വായ് പ്രതിരോധനിരക്കാരന്‍ ജിമിനസ്സ് ഉഗ്രന്‍ ഹെഡ്ഡറുതിര്‍ത്തു. പക്ഷേ ഹെഡ്ഡര്‍ ഗോള്‍ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. പിന്നീട് പോര്‍ച്ചുഗല്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തി. 18ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയെടുത്ത ഫ്രീകിക്ക് യുറഗ്വായന്‍ പ്രതിരോധമതിലില്‍ തട്ടി പുറത്തേക്ക് പോയി. 32ാം മിനിറ്റില്‍ മുന്നിലെത്താന്‍ യുറുഗ്വായ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാല്‍ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ബെന്റന്‍ക്കര്‍ തൊടുത്തുവിട്ട ഷോട്ട് പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ സേവ് ചെയ്തു. യുറുഗ്വായ് ഗോളടിക്കാന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം ഭേദിക്കാനായില്ല. മറുവശത്ത് ക്രിസ്റ്റിയാനോയും യുറുഗ്വായ് പെനാല്‍റ്റി ബോക്‌സില്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ യുറുഗ്വായ് ഞെട്ടി. സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. ഇടത് വിങ്ങില്‍ നിന്നുള്ള ബ്രൂണോയുടെ കിടിലന്‍ ഷോട്ട് ഗോളിയേയും മറികടന്ന് വലയിലേക്ക് പതിച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും തലയില്‍ കൊള്ളാതെയാണ് പന്ത് വലയിലെത്തിയത്. ആദ്യം ഗോള്‍ ക്രിസ്റ്റിയാനോയുടെ പേരിലാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പരിശോധനകള്‍ക്ക് ശേഷം ഔദ്യോഗികമായി ഫിഫ ഗോള്‍ സ്‌കോറര്‍ ബ്രൂണോ ഫെര്‍ണാണ്ടസാണെന്ന് അറിയിക്കുകയായിരുന്നു.
ലീഡ് നേടിയ ശേഷവും പോര്‍ച്ചുഗല്‍ ആക്രമണം തുടര്‍ന്നു. റൂബന്‍ നെവസിന് പകരം റാഫേല്‍ ലിയോയെ കളത്തിലിറക്കിയാണ് പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങള്‍ക്ക് ശക്തി കൂട്ടിയത്. സമനിലയ്ക്കായി യുറുഗ്വായും ശ്രമിച്ചുകൊണ്ടിരുന്നു. സൂപ്പര്‍താരം സുവാരസിനേയും മാക്സി ഗോമസിനേയും യുറുഗ്വായ് മൈതാനത്തിറക്കി. 75ാം മിനിറ്റില്‍ മാക്സി ഗോമസിന്റെ ഉഗ്രന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. തൊട്ടടുത്ത മിനിറ്റുകളില്‍ സുവാരസിനും അരസ്‌കാറ്റയ്ക്കും പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് മികച്ച അവസരങ്ങള്‍ കിട്ടി. പോര്‍ച്ചുഗീസ് പ്രതിരോധത്തെ പിളര്‍ന്ന് വാല്‍വെര്‍ദേ നല്‍കിയ പാസ് സ്വീകരിച്ച് അരസ്‌കാറ്റ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പറെ മികടക്കാനായില്ല. ഡീഗോ കോസ്റ്റ മികച്ച സേവുമായി പോര്‍ച്ചുഗലിന്റെ രക്ഷകനായി.
90ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് പെനാല്‍റ്റി കിട്ടി. പോര്‍ച്ചുഗല്‍ മുന്നേറ്റങ്ങള്‍ പ്രതിരോധിക്കുന്നതിനിടയില്‍ പന്ത് ഡിഫെന്‍ഡറുടെ കൈയില്‍ തട്ടുകയായിരുന്നു. വാര്‍ പരിശോധനകള്‍ക്ക് ശേഷം റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് അനായാസം വലകുലുക്കി. അവസാന മിനിറ്റുകളില്‍ ബ്രൂണോയ്ക്ക് മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാനായില്ല.