1.69 കോടി രൂപയുടെ പോര്‍ഷെ കാറിന് ഇഷ്ട നമ്പറിനായി 13.01 ലക്ഷം രൂപ

ഇഷ്ടപ്പെട്ട വാഹനങ്ങള്‍ പൊന്നുംവില കൊടുത്ത് വാങ്ങുന്നത് സമ്പന്നരായ ആളുകളുടെ പതിവ് ശൈലിയാണ്. കോടികള്‍ ചെലവഴിച്ച് അത്യാധുനിക രീതിയിലുള്ള ആഡംബര കാറുകള്‍ വാങ്ങുന്ന ബിസിനസുകാരില്‍ ചിലര്‍ ഇക്കാര്യം കൂടി ചെയ്യാറുണ്ട്.

ഇഷ്ടപ്പെട്ട വാഹനത്തിന് അതിലും ഇഷ്ടപ്പെട്ട നമ്പര്‍ കിട്ടാനായി എത്ര പണം വേണമെങ്കിലും മുടക്കുന്ന വാഹനപ്രേമികളുള്ള നാടുകൂടിയാണ് നമ്മുടെത്. അത്തരമൊരു വണ്ടിയും നമ്പറുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം

പുതുതായി സ്വന്തമാക്കിയ പോര്‍ഷെ കെയിന്‍ ജിടിഎസ് കാറിനായി  KL 07 DA 9999 എന്ന ഇഷ്ടനമ്പര്‍ സ്വന്തമാക്കാന്‍ 13.01 ലക്ഷം രൂപയാണ് എറണാകുളത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി ജിജി കോശി മുടക്കിയത്.

അഞ്ചു പേർ പങ്കെടുത്ത ഓൺലൈൻ ലേലത്തിൽ 12,51,000 രൂപ വരെയാണ് ജിജി വിളിച്ചത്. നേരത്തെ ഫാൻസി നമ്പർ ഫീസായി 50,000 രൂപ അടച്ചിരുന്നു. ഇതുൾപ്പെടെയാണ് ഇഷ്ട നമ്പറിന് 13,01,000 രൂപ മുടക്കുന്നത്.

 

ഇന്ത്യയില്‍ യൂസ്ഡ് കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ യൂസ്ഡ് കാറുകൾക്ക് പ്രിയമേറുന്നു. വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ രാജ്യത്തെ ജനങ്ങൾ പഴയ കാറുകൾ വിറ്റഴിച്ചത് ഏകദേശം 1250 കോടി രൂപയ്ക്കാണ്.ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പ്രീ-ഓൺഡ് കാറുകളുടെ വിൽപ്പനയിൽ വൻ കുതിച്ചുച്ചാട്ടം ഉണ്ടായതായി CARS24-ന്റെ ഡ്രൈവ് ടൈം റിപ്പോർട്ടിൽ പറയുന്നു. 2022 ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ യൂസ്ഡ് കാർ വിൽപ്പനയിൽ 100 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന രീതി പുനരാരംഭിച്ചതോടെ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ വളർച്ച രേഖപ്പെടുത്തിയിരിക്കുകയാണ്,’ കമ്പനി സഹസ്ഥാപകൻ ഗജേന്ദ്ര ജൻഗിദ് പറഞ്ഞു.

മറ്റ് ചില രസകരമായ കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ശരാശരി മൂന്ന് മണിക്കൂറാണ് കാർ വാങ്ങുന്നതിനായി ഇന്ത്യക്കാർ ഓൺലൈനിൽ ചെലവഴിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മെട്രോ നഗരങ്ങളിലും യുസ്ഡ് കാർ വിൽപ്പന വളരെ സജീവമാണ്. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത് ഡൽഹിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തൊട്ടടുത്ത സ്ഥാനത്ത് ബംഗളൂരുവാണ്. മുംബൈ, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നീ നഗരങ്ങളാണ് ഇതിനു പിന്നിലുള്ളത്. ലക്‌നൗവിലും പാട്‌നയിലും സെക്കൻഡ് ഹാൻഡ് കാറുകൾക്കും ആവശ്യക്കാർ ഏറെയാണ്. മാരുതി സ്വിഫ്റ്റാണ് ഭൂരിഭാഗം പേരും സ്വന്തമാക്കാനാഗ്രഹിക്കുന്നത്. ഹ്യുണ്ടായി ഗ്രാൻഡ് ഐ10 ആണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

മാരുതി സുസുകി 800 ആണ് ഈ വിപണിയിലെ ഏറ്റവും വില കുറഞ്ഞ കാറിനം. ബംഗളൂരുവിൽ ഇവയുടെ ശരാശരി വില 1,25000 ആണ്. മാരുതി സുസുകി ആൾട്ടോയ്ക്കും താരതമ്യേന വിലക്കുറവുണ്ട്. ഡൽഹിയിൽ ആൾട്ടോയുടെ വില 1,32000 ആണ്. അതേസമയം ഫോക്സ് വാഗൻ പോളോയാണ് ഏറ്റവും കൂടുതൽ പേർ തിരയുന്ന കാർ.

എന്നാൽ വാഹനത്തിന്റെ എഞ്ചിനിന്റെയും മറ്റ് ഭാഗങ്ങളുടെയും പ്രകടനം നിരീക്ഷിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനമായ ഓൺ-ബോർഡ് ഡയഗ്‌നോസ്റ്റിക്‌സ് സിസ്റ്റം 2 (OBD2) അവതരിപ്പിക്കുന്നതോടെ യൂസ്ഡ് കാർ വിപണിയിൽ 10 മുതൽ 15 ശതമാനം വരെ വളർച്ച കൈവരിച്ചേക്കുമെന്നാണ് കരുതുന്നത്. സെക്കൻഡ് ഹാൻഡ് കാർ വിപണിയിലും ഇതിന്റെ ഭാഗമായി മാറ്റങ്ങളുണ്ടാകും. ഇത് കാർ ഉപഭോക്താക്കൾക്ക് കാര്യക്ഷമവും വിശ്വസിക്കാവുന്നതുമായ വാഹനങ്ങളെയാകും സമ്മാനിക്കുക. അതേസമയം ഹരിത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്കും ഇന്ന് ആവശ്യക്കാരേറെയാണ്. ഇലക്ട്രിക് വാഹനങ്ങളെ കൂടാതെ സിഎൻജി കാറുകളിലേക്കും ഉപഭോക്താക്കൾ മാറുന്നുണ്ട്.

കേരളത്തില്‍ മണ്‍സൂണ്‍ കനക്കും, ജാഗ്രതാ മുന്നറിയിപ്പ്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കേരളത്തില്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ കനക്കുമെന്ന് പ്രവചനം. കാലവര്‍ഷം സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഈ മാസം പകുതിയോടെ ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ മണ്‍സൂണിന്റെ പ്രാഥമിക സൂചനകള്‍ പുറത്തുവിട്ടു തുടങ്ങി. ഇന്ത്യന്‍ ഓഷ്യന്‍ ഡൈ പോള്‍ എന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് മഴ കൂടാന്‍ കാരണമായി യൂറോപ്യന്‍ ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്.

മണ്‍സൂണ്‍ കേരളത്തില്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ അക്യുവെതര്‍ അറിയിച്ചു. കേരളത്തിന്റെ തെക്ക്, മധ്യ മേഖലകളില്‍ 90 മുതല്‍ 100 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
പോസിറ്റീവ് ഐ.ഒ.ഡി കൂടുതല്‍ മഴ നല്‍കുമെന്നും കാലവര്‍ഷം വിടവാങ്ങാന്‍ വൈകുമെന്നും പ്രാഥമിക മണ്‍സൂണ്‍ പ്രവചനം വ്യക്തമാക്കുന്നു.

ഇത്തവണ കാലവര്‍ഷം ശക്തിപ്പെട്ടേക്കുമെന്ന സൂചനയാണ് യൂറോപ്യന്‍ കാലാവസ്ഥാ പ്രവചന മാതൃകയായ ECMWF നല്‍കുന്നത്. കേരളത്തില്‍ അതിശക്തമായ മഴ മണ്‍സൂണില്‍ ലഭിക്കും. തെക്കന്‍ ജില്ലകളില്‍ മഴ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് സൂചന.

എന്നാല്‍ എല്‍നീനോ ഉള്ളതിനാല്‍ കേരളത്തില്‍ മഴ കുറയാനാണ് സാധ്യതയെന്ന് സമുദ്രങ്ങളെ കുറിച്ച് പഠിക്കുന്ന അമേരിക്കയുടെ ഏജന്‍സിയായ National Oceanic and Atmospheric Adminitsration (NOAA) പറയുന്നുണ്ട്. എല്‍നിനോയെ തുടര്‍ന്ന് പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് ചൂടു കൂടുന്നതാണ് എല്‍നിനോക്ക് കാരണമാകുക. അത് മണ്‍സൂണിന് കാരണമാകുന്ന വാണിജ്യ വാതത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് എന്‍.ഒ.എ.എയുടെ പ്രവചനം. 2009, 2014, 2015 എല്‍നിനോ വര്‍ഷങ്ങളായിരുന്നു. ഈ വര്‍ഷങ്ങളില്‍ കാലവര്‍ഷം സാധാരണയേക്കാള്‍ കുറഞ്ഞിരുന്നു.

ഇനി യുപിഐ വഴി ബാങ്ക് വായ്പയും, റിസര്‍വ് ബാങ്ക് പ്രഖ്യാപനം; വിശദാംശങ്ങള്‍

യുപിഐ സേവനത്തിന്റെ സാധ്യത വിപുലമാക്കാന്‍ നടപടിയുമായി റിസര്‍വ് ബാങ്ക്. യുപിഐ വഴി ബാങ്ക് വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

ബാങ്കുകള്‍ മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍ യുപിഐ വഴി നല്‍കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.

നിലവില്‍ നിക്ഷേപങ്ങള്‍ക്കാണ് പ്രധാനമായി യുപിഐ സേവനം ഉപയോഗിക്കുന്നത്. യുപിഐ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം.പണനയം പ്രഖ്യാപിച്ച്‌ കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ തീരുമാനം അറിയിച്ചത്.

യുപിഐ വഴിയും ബാങ്ക് വായ്പ ലഭ്യമാക്കാനാണ് അനുമതി. വായ്പ നേടുന്നതിന് ഉപഭോക്താക്കള്‍ സാധാരണയായി നേരിടുന്ന അമിത സമയവും കൂടുതല്‍ പ്രയത്‌നവും ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ചെലവ് കുറഞ്ഞ സംവിധാനം ആയത് കൊണ്ട് ബാങ്കുകള്‍ക്കും യുപിഐ വഴിയുള്ള വായ്പ വിതരണം സുഗമമായി നടത്താന്‍ സാധിക്കും. ഉപഭോക്താക്കളെ സംബന്ധിച്ച്‌ കുറഞ്ഞ ചെലവില്‍ വായ്പ ലഭിക്കാനുള്ള അവസരമാണ് ഇത് വഴി സാധ്യമാകുക എന്ന് വിദഗ്ധര്‍ പറയുന്നു.

ബാങ്കുകള്‍ മുന്‍കൂട്ടി അനുവദിച്ച വായ്പ തുകയാണ് ക്രെഡിറ്റ് ലൈന്‍ വായ്പകള്‍. മുന്‍കൂട്ടി അനുവദിച്ച തുകയില്‍ ഉപയോക്താവിന് ആവശ്യമായത് മാത്രം പിന്‍വലിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനാല്‍ പിന്‍വലിച്ച തുകയ്ക്ക് മാത്രമേ പലിശ വരികയുള്ളൂ. ഇത് ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യുന്നതാണ്. അതിനാല്‍ യുപിഐ വഴി ഈ സംവിധാനം വരുന്നത് ഉപയോക്താവിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

 

സ്വർണവില എന്തായി? പുത്തൻ സാമ്പത്തിക വർഷത്തിന്റെ തുടക്കം ഇങ്ങനെ

മാർച്ച് മാസത്തെ സ്വർണവില (പവന്)

മാർച്ച് 1: 41,280
മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480
മാർച്ച് 5: 41,480
മാർച്ച് 6: 41,480
മാർച്ച് 7: 41,320
മാർച്ച് 8: 40,800
മാർച്ച് 9: 40,720 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 10: 41,120
മാർച്ച് 11: 41,720
മാർച്ച് 12: 41,720
മാർച്ച് 13: 41,960
മാർച്ച് 14: 42,520
മാര്‍ച്ച് 15: 42,440
മാർച്ച് 16: 42,840
മാര്‍ച്ച് 17: 43,040
മാര്‍ച്ച് 18: 44,240 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 19: 44,240 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 20: 43,840
മാര്‍ച്ച് 21: 44,000
മാര്‍ച്ച് 22: 43,360
മാര്‍ച്ച് 23: 43,840
മാര്‍ച്ച് 24: 44,000
മാര്‍ച്ച് 25: 43,880
മാർച്ച് 26: 43, 880
മാർച്ച് 27: 43,800
മാർച്ച് 28: 43,600
മാർച്ച് 29: 43,760
മാർച്ച് 30: 43,760
മാർച്ച് 31: 44,000

ഏപ്രിൽ മാസത്തെ സ്വർണവില (പവന്)

ഏപ്രിൽ 1: 44,000

ശനിയാഴ്ച മുതല്‍ 2000 രൂപയില്‍ കൂടുതലുള്ള UPI ഇടപാടിന് ഫീസ്;ബാധിക്കുന്നത് ആരെയെല്ലാം.. അറിയാം.

 മുൻകൂട്ടി പണം ശേഖരിച്ചശേഷം ഇടപാടുകൾ നടത്തുന്ന പ്രീപെയ്ഡ് സംവിധാനങ്ങളെ (പി.പി.ഐ.) യു.പി.ഐ. പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി. സി.ഐ.). ഇതനുസരിച്ച് ഇനിമുതൽ ഡിജിറ്റൽ വാലറ്റുകളും പ്രീപെയ്ഡ് കാർഡുകളും യു.പി.ഐ. ആപ്പുകളുമായി ബന്ധിപ്പിച്ച് ക്യു.ആർ. കോഡ് സ്കാൻചെയ്ത് വ്യാപാരികൾക്ക് പണം നൽകാനാകും. : ഇത്തരത്തിൽ 2,000 രൂപയിൽക്കൂടുതലുള്ള ഇടപാടുകൾ നടത്തുമ്പോൾ ഇന്റർചേഞ്ച് ഫീസായി 1.10 ശതമാനംവരുന്ന തുക ഈടാക്കാനും എൻ.പി.സി.ഐ. നിർദേശിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതലാണ് ഇതു പ്രാബല്യത്തിലാകുക. ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് യു.പി.ഐ. വഴി നേരിട്ട് പണം കൈമാറുന്നത് തുടർന്നും സൗജന്യമായിരിക്കും.

ആരെയെല്ലാം ബാധിക്കും?

നിലവിലെ രീതിയിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുള്ള യു.പി.ഐ. ഇടപാടിൽ ഉപഭോക്താവിന് ഒരു പൈസപോലും കൂടുതൽ നൽകേണ്ടിവരില്ല. ഇത്തരം ഇടപാടുകൾ സൗജന്യമായി തുടരും. വ്യാപാരികളുമായി ബന്ധപ്പെട്ട് നടക്കുന്ന യു.പി. ഐ. ഇടപാടുകളിൽ 99.9 ശതമാനവും ഇത്തരത്തിലുള്ളതാണ്.

പുതിയ സംവിധാനമായ ഡിജിറ്റൽ വാലറ്റിൽനിന്നുള്ള 2,000 രൂപയിൽ കൂടിയ ഇടപാടുകൾക്കാണ് ഫീസുള്ളത്. ഇത് വ്യാപാരിയിൽനിന്നാണ് ഈടാക്കുക. വാലറ്റിൽ പണം നിറയ്ക്കുമ്പോൾ ബാങ്കുകൾക്ക് പണം നൽകണമെന്നതിനാൽ പി.പി. ഐ. സേവനദാതാക്കളെയും ഇതു ബാധിക്കാം

എന്താണ് പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രുമെന്റ്സ് ?

ബാങ്ക് അക്കൗണ്ടിൽനിന്ന് നിശ്ചിത തുക മാറ്റിസൂക്ഷിക്കാൻകഴിയുന്ന മൊബൈൽ ആപ്പുകൾ, നിശ്ചിത തുക ചാർജുചെയ്ത് ഉപയോഗിക്കുന്ന മാഗ്നെറ്റിക് സ്ട്രിപ് കാർഡുകൾ (പ്രീപെയ്ഡ് കാർഡ്) തുടങ്ങിയവയാണ് പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രുമെന്റ്സ് (പി.പി.ഐ.) എന്നറിയപ്പെടുന്നത്.

ഇവയെ യു.പി.ഐ. പ്ലാറ്റ്ഫോമിലാക്കുന്നതിനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിൽനിന്ന് വ്യാപാരികൾക്ക് 2,000 രൂപയിൽക്കൂടുതൽ വരുന്ന തുക കൈമാറുമ്പോൾ, വ്യാപാരികൾ വാലറ്റ് ഇഷ്യു ചെയ്യുന്ന കമ്പനിക്ക് 1.10 ശതമാനം ഇന്റർചേഞ്ച് ഫീസ് നൽകണം.

ഈ വാലറ്റിലേക്ക് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കൈമാറുമ്പോൾ 0.15 ശതമാനം വരുന്ന തുക ഫീസായി വാലറ്റ് ഇഷ്യുചെയ്യുന്ന കമ്പനി ബാങ്കിനും നൽകേണ്ടിവരും. വാലറ്റ് ഇഷ്യു ചെയ്യുന്ന കമ്പനികൾക്ക് അധികവരുമാനം കൊണ്ടുവരുന്നതാണ് തീരുമാനം. വാലറ്റിൽ പണം നിറയ്ക്കുന്നതിന് പണം ലഭിക്കുന്നതിനാൽ ബാങ്കുകൾക്കും നേട്ടമാകും.

ആദ്യം ആക്ടീവ ഇലക്ട്രിക്, പുറകെ 10 ‘ഇ’ സ്കൂട്ടറുകൾ; രണ്ടു കൽപിച്ച് ഹോണ്ട.

രാജ്യമാകെ ഇലക്ട്രിക്ക് വാഹന വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇരുചക്ര വാഹന മേഖലയിലാണ് ഇതു കൂടുതലായും ദൃശ്യമാകുന്നത്.ഇപ്പോഴിതാ ഈ മേഖലയിലെ പുതുമോടികളെ ഞെട്ടിച്ചുകൊണ്ട് ഇലക്ട്രിക്ക് വാഹനം നിര്‍മ്മിക്കാൻ പോകുകയാണ് ഇരുചക്ര വാഹന ലോകത്തെ അതികായനും ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡുമായ ഹോണ്ട ടൂ-വീലർ ഇന്ത്യ. കമ്പനി 2023 മാർച്ച് 29-ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായുള്ള പ്ലാൻ വെളിപ്പെടുത്തും. 2024 മാർച്ചോടെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ആദ്യ ഇലക്ട്രിക് സ്‍കൂട്ടറിന്റെ പ്രധാന വിശദാംശങ്ങൾ പുറത്തിറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ വിപണിയിൽ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ഓഫർ ആക്ടിവയെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം അവസാനത്തോടെ കമ്പനി ഇത് കൺസെപ്റ്റ് രൂപത്തിൽ വെളിപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ഇലക്ട്രിക് സ്‍കൂട്ടറിൽ ജനപ്രിയ മോഡലായ ആക്ടിവയുടെ നെയിംപ്ലേറ്റ് കമ്പനി ഉപയോഗിച്ചാല്‍ എതിരാളികള്‍ക്ക് തുടക്കത്തില്‍ തന്നെ വലിയ ക്ഷീണമായിരിക്കും സംഭവിക്കുക. കാരണം ഇലക്ട്രിക്ക് സ്‍കൂട്ടറുമായി ജനങ്ങളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ എത്താൻ ഈ നീക്കം ഹോണ്ടയെ സഹായിക്കും. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിപണനത്തിനായി ഹോണ്ടയ്ക്ക് അധിക തുക ചെലവഴിക്കേണ്ടിയും വരില്ല. ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാവ് 2025-ഓടെ രണ്ട് ഇലക്ട്രിക് സ്‍കൂട്ടറുകൾ ആഗോളതലത്തിൽ അവതരിപ്പിക്കും. ആക്ടിവ ഇ-സ്‍കൂട്ടർ അതിലൊന്നായിരിക്കും.

ഹോണ്ട ജപ്പാനുമായി സഹകരിച്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ ആദ്യ ഇവി സജ്ജമാകുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) എംഡിയും സിഇഒയുമായ അതുഷി ഒഗാറ്റ വ്യക്തമാക്കി. 2024 മാർച്ചോടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹോണ്ട പദ്ധതിയിട്ടിട്ടുണ്ടെന്നും ഒഗാറ്റ വെളിപ്പെടുത്തി.

പുതിയ ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടറിന് ഫ്ലോർബോർഡിന് കീഴിൽ സ്ഥാപിച്ചിട്ടുള്ള ഒരു നിശ്ചിത ബാറ്ററി പാക്കും പിൻ ചക്രത്തിൽ ഒരു ഹബ് മോട്ടോറും ലഭിക്കാൻ സാധ്യതയുണ്ട്. സ്വന്തമായി വികസിപ്പിച്ച ഇലക്ട്രിക് മോട്ടോറും നിശ്ചിത ബാറ്ററി പാക്കും ഉപയോഗിച്ചാണ് ആക്ടിവ ഇലക്ട്രിക്ക് ഊർജം പകരുന്നത്. എന്നിരുന്നാലും, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളിലും ഹോണ്ട പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു.

ഹോണ്ട 2025-ഓടെ ആഗോളതലത്തിൽ 10 പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.  ഭാവി ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ ഒന്നിന്‍റെ ഡിസൈൻ സ്കെച്ചുകളും അടുത്തിടെ ചോർന്നിരുന്നു. 2025ഓടെ കമ്പനി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 10 ഇലക്ട്രിക് ബൈക്കുകളിൽ ഒന്നാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഇന്ത്യ അതിവേഗ 6G കമ്മ്യൂണിക്കേഷനിലേക്ക്, നടപ്പിലാവുക ഈ വര്‍ഷം: 5G-യെക്കാള്‍ 100 മടങ്ങ് വേഗത.

2030-ഓടെ അതിവേഗ 6G കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുമായി ഇന്ത്യ.

ഇതോടൊപ്പം രാജ്യത്ത് അടുത്ത തലമുറ സാങ്കേതികവിദ്യയുടെ ഗവേഷണത്തിനും വിന്യാസത്തിനും പണം കണ്ടെത്തുന്നതിനും ധനസഹായം നല്‍കുന്നതിനുമായി ഭാരത് 6G പദ്ധതി രൂപീകരിച്ചെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ പുതിയ വിഷന്‍ ഡോക്യുമെന്റില്‍ പറയുന്നത്.

ഇന്ത്യയുടെ 6G പദ്ധതി രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുക.

കൂടാതെ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാനും സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, 6G ഉപയോഗത്തിനുള്ള സ്പെക്‌ട്രം തിരിച്ചറിയല്‍, ഉപകരണങ്ങള്‍ക്കും സിസ്റ്റങ്ങള്‍ക്കുമായി ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സര്‍ക്കാര്‍ ഒരു അപെക്‌സ് കൗണ്‍സിലിനെ നിയമിച്ചിട്ടുമുണ്ട്.

സാങ്കേതികമായി, 6G ഇന്ന് നിലവിലില്ലെങ്കിലും, 5G-യെക്കാള്‍ 100 മടങ്ങ് വേഗതയുള്ള ഇന്റര്‍നെറ്റ് വേഗത വാഗ്ദ്ധാനം ചെയ്യുന്ന ഒരു മികച്ച സാങ്കേതികവിദ്യയാണ് ഇത്.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍, കമ്ബനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുടെ ഗവേഷണത്തിനും വികസനത്തിനും 6G സാങ്കേതികവിദ്യകളുടെ രൂപകല്‍പ്പനയ്ക്കും വികസനത്തിനും അപെക്സ് കൗണ്‍സില്‍ സഹായവും ധനസഹായവും നല്‍കും. ബൗദ്ധിക സ്വത്തവകാശം, ഉല്‍പന്നങ്ങള്‍, താങ്ങാനാവുന്ന 6G ടെലികോം സൊല്യൂഷനുകള്‍ എന്നിവയുടെ മുന്‍നിര ആഗോള വിതരണക്കാരനാകാന്‍ ഇന്ത്യയെ പ്രാപ്തമാക്കാനും മുന്‍കൂര്‍ തിരിച്ചറിയാനും ഇത് ലക്ഷ്യമിടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കും

ജില്ലാ വ്യവസായ നിക്ഷേപക സംഗമം
കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിക സ്ഥലം പ്രയോജനപ്പെടുത്തി ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലയിലെ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം മട്ടന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ രംഗത്തെ ഇൻക്യുബേറ്ററുകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവ നടത്തുന്ന കണ്ടുപിടിത്തങ്ങളുടെ വ്യവസായ ഉൽപാദനത്തിന് കോളജുകളിലെ ഇൻഡസ്ട്രിയൽ പാർക്കുകളിൽ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. അതിന് സമാനമായ മറ്റ് വ്യവസായങ്ങൾക്കും ആ സ്ഥലം ഉപയോഗിക്കാം. കുട്ടികൾക്ക് ക്ലാസിന് ശേഷമുള്ള സമയം ഇവിടെ ജോലി ചെയ്യാം. പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നതെങ്കിൽ അതിന് ക്രെഡിറ്റ് കൊടുക്കാം. ഈ വർഷം തന്നെ ഇത് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംജി യൂനിവേഴ്‌സിറ്റിയുടെ ഇരുപതേക്കറിലായിരിക്കും ആദ്യത്തെ പാർക്ക് നടപ്പിലാക്കാൻ പോവുന്നത്. 38 കോളജുകൾ ഇതിനകം തന്നെ ഇതിന് തയ്യാറായി സർക്കാറിനെ സമീപിച്ചതായും മന്ത്രി പറഞ്ഞു.
ഇനി വ്യവസായ വികസനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലം ഉത്തരകേരളമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിശടയുണ്ട്. സ്ഥലവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. കേരളത്തിൽ ആദ്യത്തെ സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കിനുള്ള അനുമതി നൽകിയത് കണ്ണൂരിലാണ്. സംസ്ഥാനത്ത് എട്ട് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി. വ്യവസായം ശക്തിപ്പെടാതെ കേരളത്തിന്റെ നേട്ടങ്ങൾ നിലനിർത്തുക ദുഷ്‌കരമാണ്. സംരംഭക വർഷം നല്ല ആത്മവിശ്വാസം നൽകി. 17.3 ശതമാനമാണ് നമ്മുടെ വ്യവസായ വളർച്ച. മൊത്തം സാമ്പത്തിക വളർച്ച 12 ശതമാനമാണ്. കേരളത്തിൽ മൊത്തം സാമ്പത്തിക വളർച്ചയുടെ മുകളിലേക്ക് വ്യവസായ വളർച്ച അപൂർവ്വമായേ വന്നിട്ടുള്ളൂ. ഉത്പാദന മേഖല 18.9 ശതമാനം വളർന്നു. ഒരു കുതിപ്പിനുള്ള പരിസരം ഒരുങ്ങിയിട്ടുണ്ട്.
ഉദ്യോഗസ്ഥ രംഗത്തും ട്രേഡ് യൂനിയൻ രംഗത്തും മാറ്റം വന്നിട്ടുണ്ട്. എല്ലാ കാലത്തും തലയിൽ ചുമടെടുക്കാൻ പറ്റില്ല. ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സംരക്ഷിച്ചുകൊണ്ടുതന്നെ പുതിയ രീതികൾ കൊണ്ടുവരണം. അതിന് വേണ്ട പരിശീലനം നൽകണം. ട്രേഡ് യൂനിയനുകൾ റിക്രൂട്ടിംഗ് ഏജൻസിയല്ല. തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ നിയമപരമായ അവകാശങ്ങൾക്ക് വേണ്ടി നിൽക്കാനും ട്രേഡ് യൂനിയനുകൾക്ക് അവകാശമുണ്ട്. പക്ഷേ, ആര് പണിയെടുക്കണം, ആരെ എടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ഥാപനം നടത്തുന്നവർക്കുള്ളതാണ്. ഇതാണ് സർക്കാറിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. നിയമപരമായ വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.
കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യപ്രഭാഷണം നടത്തി. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, എ ബി സി ഗ്രൂപ്പ് ഫൗണ്ടർ ആൻഡ് എംഡി മുഹമ്മദ് മദനി എന്നിവർ വിശിഷ്ടാതിഥികളായി. നഗരസഭാ കൗൺസിലർ വി എൻ മുഹമ്മദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ്, കെഎസ്എസ്ഐഎ കണ്ണൂർ പ്രസിഡൻറ് ജീവരാജ് നമ്പ്യാർ, തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ, കിൻഫ്ര സോണൽ മാനേജർ കെ എസ് കിഷോർകുമാർ, ഉപജില്ലാ വ്യവസായ ഓഫീസർ കെ കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
കണ്ണൂരിന്റെ സംരംഭ സാധ്യതകൾ എന്ന വിഷയം മലബാർ ഫർണിച്ചർ കൺസോർഷ്യം എംഡി കെ പി രവീന്ദ്രൻ അവതരിപ്പിച്ചു. സംരംഭക വർഷത്തിന്റെ ഭാഗമായി കണ്ണൂരിലേക്ക് കടന്നു വരുന്ന പുതിയ പ്രൊജക്ടുകളെക്കുറിച്ച് എഎസ് ഷിറാസ് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം സംരംഭക നിക്ഷേപകർ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുമായും ബാങ്കുകളുടെ പ്രതിനിധികളുമായും മുഖാമുഖം നടത്തി.

തൃശ്ശൂരിൽ അപ്പാർട്ട്‌മെന്റുകൾക്കും വില്ലകൾക്കും വെടിക്കെട്ട് ഓഫറുകൾ

Verified by MonsterInsights