ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം; 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ദുബായ് പൂട്ടിട്ടു

ദുബൈ: ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് ദുബൈ പൊലീസ്. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും എതിരെ ദുബൈ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. 2023ന്റെ ആദ്യ പാദത്തില്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ 47 ശതമാനവും അറസ്റ്റ് ചെയ്തത് ദുബൈ പൊലീസാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി അടുത്തിടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 238 കിലോഗ്രാം മയക്കുമരുന്നും അറുപത് ലക്ഷത്തിലധികം ലഹരി ഗുളികകളും പിടിച്ചെടുത്തു. യുഎഇയില്‍ ഉടനീളം ഇക്കാലയളവില്‍ കണ്ടെടുത്ത നിരോധിത ലഹരി വസ്‍തുക്കളുടെ ആകെ അളവിന്റെ 36 ശതമാനം വരും ഇത്. കൊക്കെയ്‍ന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, കറുപ്പ്, കഞ്ചാവ്, ഹാഷിഷ്, മറ്റ് ഗുളികകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത ലഹരി വസ്‍‍തുക്കളില്‍ ഉള്‍പ്പെടുമെന്നും ദുബൈ പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

‘വിശ്രമിക്കാനും സൺബാത്തിനും സമയമുണ്ടോ?’ റഷ്യൻ വിദേശകാര്യമന്ത്രിയോട് എസ് ജയശങ്കർ; ചിരിപ്പിച്ച് മറുപടി

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഗോവയിലെ റിസോർട്ടിൽ വെച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. എസ്‌സിഒ യോഗത്തോടനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചർച്ചയ്‌ക്കിടെ അൽപം രസകരമായ സംഭാഷങ്ങളും ഇരുവരും തമ്മിലുണ്ടായി. ബീച്ചുകൾക്ക് പേരുകേട്ട സംസ്ഥാനമാണ് ​ഗോവ. ഇവിടെ അൽപം വിശ്രമിക്കാനും സൺബാത്തിനും സമയമുണ്ടോ എന്നാണ് ജയശങ്കർ തമാശയായി ലാവ്‌റോവിനോട് ചോദിച്ചത്.

തനിക്ക് അതിന് ഒന്നര മണിക്കൂർ സമയമുണ്ടെന്നും എന്നാൽ ഇക്കാര്യം ആരോടും പറയരുതെന്ന് എന്നുമായിരുന്നു ലാവ്‌റോവിന്റെ മറുപടി. രണ്ട് ദിവസത്തെ എസ്‌സി‌ഒ വിദേശകാര്യ മന്ത്രിതല യോഗം വ്യാഴാഴ്ചയാണ് ഗോവയിലെ ആഡംബര ബീച്ച് റിസോർട്ടിൽ ആരംഭിച്ചത്. യോഗത്തിലെ പ്രധാന ചർച്ചകൾ വെള്ളിയാഴ്ചയാകും നടക്കുക. വ്യാപാര രം​ഗത്ത് നിലവിലുള്ള അസന്തുലിതാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ ഇന്ത്യ റഷ്യക്കു മേൽ സമ്മർദം ചെലുത്തുന്നുണ്ട്.

യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ ഗണ്യമായി ഉയർന്നിരുന്നു. റഷ്യയിൽ നിന്ന് ഉയർന്ന അളവിൽ വില കുറഞ്ഞ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചതിനെത്തുടർന്നായിരുന്നു ഈ നേട്ടം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ യുക്രെയ്‌ൻ ഡ്രോണുകൾ ഉപയോഗിച്ച് ക്രെംലിൻ ആക്രമിച്ചെന്ന് റഷ്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ലാവ്‌റോവിന്റെ ഇന്ത്യാ സന്ദർശനം.

എന്താണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ?

സാമ്പത്തിക, സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഫോറമാണിത്. ഏറ്റവും വലിയ ‌അന്തർദേശീയ സംഘടനകളിലൊന്നു കൂടിയാണ് എസ്‍സിഒ. റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സ്ഥാപിച്ചത്. 2017ലാണ് ഇന്ത്യയും പാകിസ്ഥാനുംസംഘടനയിൽ സ്ഥിരാംഗങ്ങളായത്.

2005-ൽ ഇന്ത്യയെ എസ്‌സിഒയിൽ നിരീക്ഷക‍ അം​ഗമാക്കി. യുറേഷ്യൻ മേഖലയിലെ (യൂറോപ്പും ഏഷ്യയും ചേർന്നത്) സുരക്ഷ, സാമ്പത്തിക സഹകരണം എന്നീ കാര്യങ്ങളെ സംബന്ധിക്കുന്ന എസ്‌സിഒ മന്ത്രിതല യോഗങ്ങളിൽ ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനയിലെ പ്രത്യേക വിഭാ​ഗവുമായും സംഘടനയുടെ റീജിയണൽ ആന്റി ടെററിസം സ്ട്രക്‌ചറുമായും (റാറ്റ്‌സ്) സഹകരിച്ചു പ്രവർത്തിക്കാനും ഇന്ത്യ താത്പര്യം കാണിച്ചിട്ടുണ്ട്.

ചാൾസ് രാജാവാകുന്നത് തന്റെ ‘പിംഗ് പോംഗ് ബോൾ’ കിരീടം ധരിച്ചാകുമോ?

വെയിൽസ് രാജകുമാരനായി സ്ഥാനമേൽക്കുമ്പോൾ ചാൾസ് രാജാവ് ധരിച്ചിരുന്ന ‘പിംഗ് പോംഗ് ബോൾ’ കിരീടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത്തവണ രാജാവായി അധികാരമേൽക്കുമ്പോൾ അദ്ദേഹം ഈ കിരീടം ആയിരിക്കുമോ ധരിക്കുന്നത് എന്ന തരത്തിലുള്ള ചർച്ചകളും സജീവമായിക്കഴിഞ്ഞു.

കിരീടത്തിലെ ഈ ബോൾ സ്വർണ ഫിലിഗ്രി കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. ചാൾസ് രാജാവിന്റെ നക്ഷത്രമായ സ്കോർപ്പിയോയുടെ മാതൃകയിൽ വജ്രങ്ങളും അതിനു ചുറ്റുംപതിപ്പിച്ചിട്ടുണ്ട്. വാസ്തുശില്പിയും സ്വർണപ്പണിക്കാരനുമായ ലൂയിസ് ഒസ്മാനാണ് ഈ കിരീടം രൂപകൽപന ചെയ്തത്. ഇത് സാധാരണയായി കാണപ്പെടുന്ന യാഥാസ്ഥിതിക രാജകീയ കിരീടത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

ചാൾസ് രാജകുമാരൻ 1969-ൽ വെയിൽസ് രാജകുമാരനായി സ്ഥാനമേറ്റെടുത്തപ്പോഴാണ് ഈ കിരീടം നിർമിച്ചത്. തന്റെ 21-ാം ജന്മദിനത്തിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെയായിരുന്നു കിരീടധാരണം. ഇതിനായി രാജകിരീടങ്ങൾ ഡിസൈൻ ചെയ്യുന്ന ഗരാർഡ് എന്നയാൾ ഒരു നിർദേശം മുന്നോട്ടു വെച്ചു. എന്നാലിത് വളരെ ചെലവേറിയതായിരുന്നു. ഈ സാഹചര്യത്തിലാണ് വാസ്തുശില്പിയും ചരിത്രകാരനും രത്ന വ്യാപാരിയുമായുമൊക്കെയായിരുന്ന ലൂയിസ് ഒസ്മാൻ ഈ കിരീടം നിർമിക്കാനായി മുന്നോട്ടു വന്നത്. അമിതഭാരമില്ലാത്ത, അതേ സമയം നല്ലൊരു അർത്ഥമുള്ള ഒരു കിരീടം നിർമിക്കുക എന്നതായിരുന്നു ഉസ്മാന്റെ ലക്ഷ്യം. അത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒടുവിൽ ഒസ്മാൻ ആ ഉദ്യമത്തിൽ വിജയിച്ചു.

ചാൾസ് രാജാവ് തന്റെ കിരീടധാരണത്തിന് പിംഗ് പോംഗ് കിരീടം ധരിക്കുമോ?

രാജാവായി സ്ഥാനമേൽക്കുമ്പോൾ ചാൾസ് ഈ പ്രത്യേക കിരീടം ആയിരിക്കില്ല ധരിക്കുക. പകരം, 1661-ൽ ചാൾസ് രണ്ടാമനുവേണ്ടി രൂപകൽപന ചെയ്തതും എലിസബത്ത് രാജ്ഞിയുടെ രാജകീയ ചിഹ്നത്തിൽ ഉപയോഗിച്ചതുമായ സെന്റ് എഡ്വേർഡ്സ് കിരീടമായിരിക്കും അദ്ദേഹം ഇക്കുറി ഉപയോഗിക്കുക. 1661 ലാണ് ചാൾസ് രണ്ടാമനായി ഈ കിരീടം നിർമിച്ചത്. തുടർന്നുള്ള 400 വർഷക്കാലം, എല്ലാ ഇംഗ്ലീഷ് രാജാക്കൻമാരുടെയും കിരീടധാരണത്തിന് ഇത് ഉപയോഗിച്ചിരുന്നു.

മാണിക്യം, വൈഡൂര്യം, നീലക്കല്ലുകൾ എന്നിവകൊണ്ട് അലങ്കരിച്ചിരിക്കുന്ന സെന്റ് എഡ്വേഡ്‌സ് ക്രൗണിന് 2.07 കിലോഗ്രാം ഭാരമുണ്ട്. 1661-ൽ ചാൾസ് രണ്ടാമന്റെ കിരീടധാരണത്തിനുവേണ്ടിയാണ് ഇത് നിർമിച്ചത്. 1953-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിനായാണ് സെന്റ് എഡ്വേർഡ്സ് കിരീടം അവസാനമായി ഉപയോഗിച്ചത്. പർപ്പിൾ നിറത്തിലുള്ള വെൽവെറ്റ് ക്യാപ്പും ഡയമണ്ടിൽ തീർത്ത കുരിശും കിരീടത്തിൽ ഉണ്ട്.

കിരീടധാരണ ചടങ്ങ് പൂർത്തിയായി സെന്റ് എഡ്വേർഡ് ചാപ്പലിൽ നിന്ന് പുറത്ത് വരുന്ന ചാൾസ് രാജാവ്, അതിനു ശേഷം ഇംപീരിയൽ സ്റ്റേറ്റ് ക്രൗണാകും ധരിക്കുക. സെന്റ് എഡ്വേർഡ്സ് കിരീടത്തിന്റെ പകുതിയിൽ താഴെ ഭാരമേ ഇതിനുള്ളൂ. പാർലമെന്റിന്റെ ചടങ്ങുകൾക്കും മറ്റ് ഔദ്യോഗിക ചടങ്ങുകൾക്കും രാജാവ് ധരിക്കുന്നത് ഈ കിരീടമാണ്. 1937-ൽ ജോർജ്ജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായാണ് ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ നിർമിച്ചത്. അതുവരെ ഈ സ്ഥാനത്ത് ഉപയോഗിച്ചിരുന്നത്. വിക്ടോറിയ രാജ്ഞിക്കു വേണ്ടി നിർമിച്ച കിരീടമാണ്. 2,868 വജ്രങ്ങളും മറ്റു വിലയേറിയ രത്നങ്ങളും ഈ കിരീടത്തിലുണ്ട്.

രാജകുടുംബത്തോടുള്ള ആരാധന; ചാൾസ് മൂന്നാമന്റെ കീരീടധാരണം കാണാൻ ലണ്ടനിലേയ്ക്ക് വിദേശീയരുടെ ഒഴുക്ക്

ചാൾസ് മൂന്നാമന്റെ കിരീടധാരണം കാണാൻ ലോകത്തിന്റെ നാനാദിക്കിൽ നിന്നും ആളുകൾ ലണ്ടനിലേക്ക് ഒഴുകുകയാണ്. കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി അന്താരാഷ്‌ട്ര രാജഭക്തന്മാർ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ആഘോഷിക്കുന്നത് നേരിട്ട് കാണാൻ ലണ്ടനിലേക്ക് എത്തിയിരിക്കുകയാണ്. ഇങ്ങനെയുള്ള പ്രശസ്തരായ താമസക്കാരെ എങ്ങനെ മുതലാക്കണമെന്ന് അറിയുന്ന നഗരമാണ് ലണ്ടൻ.

ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്! എന്നായിരുന്നു ലണ്ടനിലേക്ക് പോകുന്നതിന് ഏതാനും ദിവസം മുമ്പ് 24 കാരിയായ ഫ്രഞ്ച് വനിത ലുഡിവിൻ ഡെക്കർ പ്രതികരിച്ചത്. യഥാർത്ഥത്തിൽ വടക്കുകിഴക്കൻ ഫ്രാൻസിലെ മെറ്റ്‌സിൽ നിന്നുള്ള കമ്മ്യൂണിക്കേഷൻ വർക്കറായ ലുഡിവിൻ ഡെക്കർ ബ്രിട്ടീഷ് രാജകുടുംബത്തോടുള്ള ആരാധന കൊണ്ട് ഒറ്റയ്ക്കാണ് ലണ്ടനിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 2011ൽ വില്യമിന്റെയും കേറ്റിന്റെയും വിവാഹം നടക്കുമ്പോൾ ലുഡിവിൻ ഡെക്കർ കുട്ടിയായിരുന്നു. കഴിഞ്ഞ വർഷം എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടക്കുമ്പോഴും ലുഡിവിൻ വിദ്യാർത്ഥിനിയായിരുന്നു. അതുകൊണ്ട് കിരീടധാരണം പോലൊരു രാജകീയ ചടങ്ങിൽ പങ്കെടുക്കാനുള്ള ഈ അവസരം  ‘ഇപ്പോഴല്ലെങ്കിൽ പിന്നെ ഒരിക്കലും കിട്ടില്ല’ എന്നും ലുഡിവിൻ ഡെക്കർ കൂട്ടിച്ചേർത്തു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഭീമാകാരമായ സ്‌ക്രീനുകളിലൊന്നിൽ ചടങ്ങുകൾ കാണാനും രാജാവും അദ്ദേഹത്തിന്റെ കുടുംബവും ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുമ്പിലിരിക്കാനുമാണ് ലുഡിവിന്റെ പദ്ധതി.

സെന്റർ ഫോർ റീട്ടെയിൽ റിസർച്ച് പറയുന്നതനുസരിച്ച്, ലണ്ടൻ ഇതിനകം തന്നെ ഓരോ വർഷവും ദശലക്ഷക്കണക്കിന് അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാൽ കിരീടധാരണ ചടങ്ങുകൾ വീക്ഷിക്കാൻ 2,50,000 ലധികം പേർ കൂടി വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമസം, ഭക്ഷണം, ഷോപ്പിംഗ് എന്നിവയ്ക്കായി ഈ അതിഥികൾ 322 മില്യൺ പൗണ്ടിലധികം (401 മില്യൺ ഡോളർ) ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

നാല്പതുവയസ്സുള്ള ഓസ്‌ട്രേലിയക്കാരിയായ അന്ന ബ്ലൂംഫീൽഡ് കിരീടധാരണ ചടങ്ങിന് മുന്നോടിയായി ലണ്ടനിൽ എത്തിക്കഴിഞ്ഞു. രാജകുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ അദ്ദേഹത്തിന് സഹിക്കേണ്ടി വന്ന എല്ലാത്തിനും അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നായിരുന്നു അന്നയുടെ പ്രതികരണം. കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായ 54 കാരി കാതറിൻ ബ്രിട്ടീഷുകാരുടെ പ്രശസ്തമായ ആഡംബര ചടങ്ങുകൾ കണ്ട് ആസ്വദിക്കാനാണ് എത്തിയിരിക്കുന്നത്.

അതുല്യമായ അനുഭവം

യു.എസ്. സെർച്ച് എഞ്ചിനായ കയാക്കിൽ നിന്നുള്ള ഡാറ്റ പ്രകാരം കിരീടധാരണം നടക്കുന്ന ആഴ്ചയിൽ ലണ്ടനിലേക്കുള്ള വിമാനങ്ങൾക്ക് വേണ്ടി യൂറോപ്യൻ യാത്രക്കാർ നടത്തിയ ഇന്റർനെറ്റ് സേർച്ചുകൾ 2022 ലെ ഇതേ ആഴ്ചയേക്കാൾ 65 ശതമാനം കൂടുതലാണ്. അതുപോലെ തന്നെ ഹോട്ടലുകളിലെ ബുക്കിങ് ശരാശരിയും 105 ശതമാനം അധികരിച്ചിട്ടുണ്ട്. യൂറോപ്പിന് പുറത്ത് നിന്നുള്ള സന്ദർശകരിൽ ഭൂരിഭാഗവും അമേരിക്കക്കാരാണ്.

പിന്നോട്ടടി നേരിടുന്ന രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് കിരീടധാരണ ചടങ്ങ് നൽകുന്ന ഉത്തേജനം വളരെ വലുതാണ് വിസിറ്റ് ബ്രിട്ടന്റെ ഡയറക്ടർ ജനറൽ പട്രീഷ്യ യേറ്റ്സിന്റെ അഭിപ്രായപ്പെട്ടു. കെൻസിംഗ്ടൺ കൊട്ടാരത്തിലെ രാജകീയ വസ്ത്രങ്ങളും മാഡം തുസാഡ്സിലെ പ്രത്യേക മെഴുക് പ്രതിമകളും വിനോദ സഞ്ചാരികളുടെ കാഴ്ചകളിൽ ഉൾപ്പെടുന്നു. അന്നേ ദിവസം പല കടകളിലും രാജകുടുംബത്തിന്റെ ചിത്രം ഉൾക്കൊള്ളുന്ന സുവനീറുകൾ വിൽപനയ്‌ക്കെത്തും. വില്യമിന്റെയും കേറ്റിന്റെയും വിവാഹത്തിന് ശേഷം ബ്രൈഡൽ ഗൗൺ പ്രദർശിപ്പിച്ചത് കാണാൻഏകദേശം 600,000 ആളുകൾബക്കിംഗ്ഹാം കൊട്ടാരം സന്ദർശിച്ചത് യേറ്റ്സ് അനുസ്മരിച്ചു. രു രാജാവിനെ കിരീടമണിയിക്കുന്നത് കാണുന്നതിനേക്കാൾ മികച്ച അനുഭവം എന്താണ് ഉള്ളത് എന്നും അവർ കൂട്ടിച്ചേർത്തു.

ചാള്‍സ് രാജാവിന്റെ കിരീടധാരണം; പ്രധാനമന്ത്രി ഋഷി സുനക് ബൈബിള്‍ വായിക്കും

ലണ്ടന്‍: ചാള്‍സ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് ബൈബിൾഭാഗം വായിക്കും. മെയ് ആറിനാണ് കിരീടധാരണ ചടങ്ങ്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യപരിപാടികള്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

മറ്റ് മതവിശ്വാസ പാരമ്പര്യത്തിലുള്ള അംഗങ്ങളും ചടങ്ങില്‍ പ്രധാന പങ്കു വഹിക്കുമെന്ന് കാന്റര്‍ബൈറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി അറിയിച്ചു. ഇതാദ്യമായാണ് മറ്റ് മതസ്ഥരുടെ സേവനം ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ചില കാര്യങ്ങൾ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ കിരീടധാരണ ചടങ്ങ് നടത്തുക. കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ വിഭാഗം ആളുകളുടെയും മേല്‍ ക്രിസ്തുവിന്റെ അനുഗ്രഹം ചൊരിയാൻ ഇത് സഹായിക്കുമെന്ന് ലാംബെത്ത് പാലസ് വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ ഋഷി സുനക് ബൈബിൾ വായിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ക്രിസ്തീയ വിശ്വാസപ്രകാരമാണ് ചടങ്ങ് നടക്കുന്നതെങ്കിലും എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസത്തിന് ചടങ്ങില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ വിശ്വാസത്തിലും അനുഭാവം പ്രകടിപ്പിക്കും. കാലങ്ങളായി പിന്തുടരുന്ന മൂന്ന് പ്രതിജ്ഞകള്‍ക്ക് മുമ്പായി പുതിയ വിശ്വാസ വാക്യം വായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സേവനം എന്ന പ്രമേയത്തിലാണ് ചടങ്ങ് മുന്നോട്ട് കൊണ്ടുപോകുന്നത്.” നമ്മുടെ രാജ്യത്തിന്റെ മഹത്തായ ചരിത്രത്തോടും പാരമ്പര്യത്തോടും നീതി പുലര്‍ത്തുന്ന ചടങ്ങായിരിക്കുമിത്. അതില്‍ ഞാന്‍ സന്തുഷ്ടവാനാണ്. സമകാലിക സമൂഹത്തിലെ എല്ലാ വൈവിധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ചടങ്ങാണ് സംഘടിപ്പിക്കുക,” ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.

ചാള്‍സ് രാജാവിന്റെ അമ്മ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം മുതലുള്ള യുകെയുടെ എല്ലാ മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ചടങ്ങായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും സേവിക്കാനുള്ള പരമാധികാര കടമയും പ്രതിഫലിപ്പിക്കുന്നതിനായി പ്രത്യേകം എഴുതി തയ്യാറാക്കിയ വാക്യങ്ങളും ചൊല്ലുമെന്ന് വെല്‍ബി കൂട്ടിച്ചേര്‍ത്തു.ജെയ്ന്‍, മുസ്ലിം, സിഖ്, ജൂത മതം എന്നിവയിലെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരാകുമെന്ന് ചര്‍ച്ച് പ്രതിനിധികള്‍ അറിയിച്ചു.

84കാരനായ നരേന്ദ്ര ബാബുഭായ് പട്ടേല്‍ എന്നയാളാണ് ഹിന്ദു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നത്. ഇദ്ദേഹം പരമാധികാര മോതിരം ചാള്‍സ് രാജാവിന്നല്‍കും. സിഖ് വിഭാഗത്തെ പ്രതിനിധീകരിച്ച് ലോര്‍ഡ് ഇന്ദ്രജിത്ത് സിംഗ് കിരീടധാരണത്തിനുള്ള ഗ്ലാവ് ചാള്‍സിന് സമ്മാനിക്കും. മുസ്ലീംവിഭാഗത്തെ പ്രതിനിധീകരിച്ച് എത്തുന്നത് ലോര്‍ഡ് സെയ്ദ് കമാല്‍ ആണ്. ഇദ്ദേഹം ചാള്‍സ് രാജാവിന് ബ്രേസ്ലൈറ്റ്‌സ് നല്‍കുമെന്നും ബക്കിംഗ്ഹാം പാലസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

ആയിരക്കണക്കിന് പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബേ പരിസരത്ത് എത്തുക. ലക്ഷക്കണക്കിന് പേര്‍ ചടങ്ങ് തത്സമയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്’? പച്ചപ്പ് ആസ്വാദിച്ച് മെസി; സ്വാഗതം ചെയ്ത് സൗദി

കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തി അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും കുടുംബവും എത്തിയിരിക്കുന്നത്. ഇവരെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി ടൂറിസം അംബാസഡർ പറഞ്ഞു.

മെസ്സി തന്റെ രണ്ടാമത്തെ സന്ദർശനത്തിൽ രാജ്യത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു വർഷം മുൻപ് തന്റെ ആദ്യ സന്ദർശന വേളയിൽ ചെങ്കടലിന്റെ തീരത്തുള്ള ജിദ്ദയിലെ പുരാധന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
സൗദിയിലേയ്ക്ക് എത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് മെസ്സി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈന്തപ്പനത്തോട്ടത്തിന്റെ ചിത്രം പങ്കിട്ടിരുന്നു.
“സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്? സാധിക്കുമ്പോഴെല്ലാം അതിന്റെ അപ്രതീക്ഷിത അദ്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം കുറിച്ചു.

ദുബായിയുടെ രണ്ടാം ഉപഭരണാധികാരിയായി അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിതനായി

ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മകനായ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ എമിറേറ്റിന്റെ ഡെപ്യൂട്ടി ഭരണാധികാരിയായി നിയമിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനും ദീർഘകാലം ഉപ ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം 2021ൽ മരണപെട്ടിരുന്നു. അതിനെ തുടർന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ മകനെ ദുബായിലെ രണ്ടാമത്തെ ഉപ ഭരണാധികാരിയായി നിയമിച്ചതെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുബായിൽ ഇപ്പോൾ രണ്ട് ഡെപ്യൂട്ടി ഭരണാധികാരികൾ ഉണ്ട്.

2008 മുതൽ ഡെപ്യൂട്ടി ഭരണാധികാരിയും നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ധനമന്ത്രിയുമാണ് ഷെയ്ഖ് മുഹമ്മദിന്റെ മക്കളിൽ ഒരാളായ മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ആദ്യം ഇദ്ദേഹമാണ് ഡെപ്യൂട്ടി ഭരണാധികാരിയായി നിയമിതനായത്. ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു മകനും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയുടെ ചുമതലയിലേക്ക് ഇപ്പോൾ നിയമിതനായിരിക്കുന്നത്.

സൗദിയിൽ ഇനി പാസ്പോർട്ടിൽ വിസ സ്റ്റാമ്പിങ് ഇല്ല; പകരം ക്യൂ ആർ കോഡ്​ പതിച്ച ​പ്രിന്റൗട്ട് മതി

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡന്റ്​ വിസകൾ ഇനി പാസ്പ്പോർട്ടിൽ പതിക്കേണ്ടതില്ല. അനുവദിച്ച വിസയുടെ ക്യൂ ആർ കോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിന്റ്​ ചെയ്​ത പേപ്പറുമായി എയർപോർട്ടിൽ എത്തിയാൽ മതി എന്ന്​ സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ (ഗാക) പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

2023 മെയ് ഒന്നു മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക. ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കാണ്​ ഇത്​ ബാധകം.

പാസ്​പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കുന്നതാണ്​ ഒഴിവാക്കിയത്​. പകരം പ്രത്യേക എ 4 സൈസ് പേപ്പറിൽ വിസ വിവരങ്ങളടങ്ങിയ ക്യൂ ആർ കോഡ് പതിക്കും. ഇതാണ്​ എയർപോർട്ടുകളിൽ സ്​കാൻ ചെയ്യുക. വിമാന കമ്പനികൾ ഈ തീരുമാനം അനുസരിക്കണമെന്നും ഇല്ലെങ്കിൽ നിയമലംഘനമായി കണക്കാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഫ്രാൻസിൽ പെൻഷൻ പ്രായം 64 വയസ്; നിയമത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒപ്പിട്ടു

ഫ്രാൻസിലെ പെൻഷൻ പരിഷ്കരണ നിയമത്തിൽ ഒപ്പിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാജ്യത്തെ പെൻഷൻ പ്രായം 62 ൽ നിന്ന് 64 ആക്കി ഉയർത്തുന്നതാണ് പുതിയ നിയമം. നിയമം നടപ്പാക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധങ്ങളെ അവഗണിച്ചാണ് സർക്കാരിന്റെ നടപടി. പുതിയ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധക്കാരിൽ ചിലർ പാരീസിലെ ചിലയിടങ്ങളിൽ തീയിട്ടു. 112 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

പുതിയ പെൻഷൻ പരിഷ്കാരങ്ങളെ എതിർക്കുന്നത് തുടരുമെന്ന് രാജ്യത്തെ വിവിധ യൂണിയനുകൾ അറിയിച്ചിട്ടുണ്ട്. നിയമം പിൻവലിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. മെയ് ഒന്നിന് ഫ്രാൻസിലുടനീളമുള്ള തൊഴിലാളികളോട് പ്രതിഷേധത്തിനായി ഒത്തുകൂടണമെന്നും ഇവർ ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാൽ, നിലവിലെ പെൻഷൻ സമ്പ്രദായത്തിൽ ചില പരിഷ്കാരങ്ങൾ അനിവാര്യമാണെന്നാണ് പ്രസിഡന്റ് മാക്രോണിന്റെ വാദം. ഇക്കഴിഞ്ഞ മാർച്ചിൽ, ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സർക്കാർ വോട്ടെടുപ്പില്ലാതെ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഈ നിർദേശത്തിന് വെള്ളിയാഴ്ചയാണ് കോടതിയുടെ അംഗീകാരം ലഭിച്ചത്. പിന്നാലെ, ശനിയാഴ്ച രാവിലെ പുതിയ നിയമത്തിൽ പ്രസിഡന്റ് ഒപ്പു വെച്ചു.

സെപ്തംബർ ആദ്യത്തോടെ പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിൽ മന്ത്രി ഒലിവിയർ ഡസ്സോപ്റ്റ് പറഞ്ഞു. പുതിയ നിയമം 50 വയസിനു മുകളിലുള്ളവരുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന നിയമത്തിൽ ഒപ്പിടരുതെന്ന് ട്രേഡ് യൂണിയനുകൾ പ്രസിഡന്റിനോട് ആവർത്തിച്ച് അഭ്യർത്ഥന നടത്തിയെങ്കിലും സർക്കാർ നിയമവുമായി മുന്നോട്ടു പോകുകയായിരുന്നു. പുതിയ പരിഷ്‌കാരങ്ങളിൽ ചേർത്തിട്ടുള്ള ആറ് ഇളവുകൾ കോടതി നിരസിച്ചു,

തങ്ങളുടെ അഭിപ്രായം സർക്കാർ പരി​ഗണിക്കുന്നില്ല എന്നതിൽ താൻ നിരാശയാണെന്ന് പാരിസിലെ സിറ്റി ഹാളിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരിൽ ഒരാളും 21 കാരിയുമായ ലൂസി ബിസിസിയോട് പറഞ്ഞു. തങ്ങൾ ഇത്രത്തോളം ശബ്ദമുയർത്തിയിട്ടും ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നും എങ്കിലും ഇനിയും പ്രതിഷേധം തുടരുമെന്നും ലൂസി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോർത്ത് തനിക്ക് ആശങ്കയുണ്ടെന്ന് 27 കാരനായ ലൂക്കാസ് പറഞ്ഞു. ”രാജ്യത്തെ ജനങ്ങളെക്കാൾ പ്രസിഡന്റിന്റെ രാജവാഴ്ചയ്ക്ക് അനുസരിച്ചാണ് ഭരണഘടനാ കൗൺസിൽ തീരുമാനങ്ങൾ എടുക്കുന്നത്”, അദ്ദേഹം കൂട്ടിച്ചേർ‌ത്തു. “ഇതിൽ ആരും ജയിച്ചിട്ടില്ല, ആരും പരാജയപ്പെട്ടിട്ടുമില്ല”, എന്നാണ് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്.

പെൻഷൻ പരിഷ്കരണത്തിനെതിരെ കഴിഞ്ഞ മൂന്ന് മാസമായി ഫ്രാൻസിൽ ഉടനീളം നടക്കുന്ന പ്രതിഷേധങ്ങൾ ഉടൻ അവസാനിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകൻ അന്റോയിൻ ബ്രിസ്റ്റിൽ ബിബിസിയോട് പറഞ്ഞു. നിയമം നടപ്പിലാക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വരും ദിവസങ്ങളിൽ രാജ്യത്ത് ധാരാളം കലാപങ്ങളും ഹർത്താലുകളുമെല്ലാം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു, കാരണം ഫ്രഞ്ച് ജനസംഖ്യയുടെ 70 ശതമനവും ഇപ്പോഴും പെൻഷൻ പരിഷ്കരണത്തിന് എതിരാണ്”, അന്റോയിൻ ബ്രിസ്റ്റിൽ പറഞ്ഞു.

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് പൗരനായി ചരിത്രം കുറിയ്ക്കാൻ യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി

അബുദാബി: ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ യുഎഇ സ്വദേശി സുല്‍ത്താന്‍ അല്‍ നെയാദി. ഏപ്രില്‍ 28നാണ് നെയാദിയുടെ യാത്ര.

ഏപ്രില്‍ 28ന് ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശ നടത്തം നടത്തുമെന്ന് ‘ ദുബായ് കീരിടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അറിയിച്ചു.

കൂടാതെ ബഹിരാകാശ നടത്തത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌പേസ് സ്യൂട്ട് നെയ്ദി പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ട്വീറ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ബഹിരാകാശ യാത്രികര്‍ നടക്കുന്ന ചിത്രവും അതോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീഫന്‍ ബോവനോടൊപ്പം ബഹിരാകാശ നടത്തം നടത്തുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ തനിക്ക് വളരെയധികം സന്തോഷവും അഭിമാനവും ഉണ്ടെന്ന് നെയാദി ട്വീറ്റ് ചെയ്തു.

ആ ചരിത്ര മുഹൂര്‍ത്തത്തിനായി ഞാന്‍ കാത്തിരിക്കുന്നു. ജോണ്‍സണ്‍ സ്‌പേസ് സെന്ററിലായി ഇതിനായുള്ള കഠിന പരിശീലനത്തിലായിരുന്നു ഞാന്‍. പ്രതീക്ഷയോടെ കാത്തിരിക്കുന്നു,’ നെയാദി ട്വീറ്റ് ചെയ്തു.

ഈ ഉദ്യമം വിജയകരമായാല്‍ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന് പുറത്ത് ബഹിരാകാശ നടത്തം നടത്തുന്ന പത്താമത്തെ രാജ്യമായി യുഎഇ മാറും.

വളരെ കഠിനമായ തെരഞ്ഞെടുപ്പിലൂടെയാണ് ബഹിരാകാശ നടത്തത്തിനായുള്ള വ്യക്തികളെ തെരഞ്ഞെടുത്തത്. അവരുടെ കഴിവുകള്‍ , അനുഭവം , കഠിനമായ ബഹിരാകാശ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് ബഹിരാകാശ യാത്രികരെ തെരഞ്ഞെടുത്തത് എന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിനെ  ഉദ്ധരിച്ച് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ശാരീരിക വഴക്കം, മാനസിക ക്ഷമത എന്നിവയ്ക്ക് പുറമെ എഞ്ചീനിയറിംഗ് , റോബോട്ടിക്‌സ്, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയ മേഖലകളിലെ യാത്രികരുടെ കഴിവും തെരഞ്ഞെടുപ്പിനിടെ പരിശോധിച്ചിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തന ക്ഷമത പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനും ബഹിരാകാശ നടത്തങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിനെ എക്‌സ്ട്രാ വെഹിക്കുലാര്‍ ആക്ടിവിറ്റി എന്നും അറിയപ്പെടുന്നു.

വ്യത്യസ്തമായ ടാസ്‌കുകള്‍ ചെയ്യാന്‍ ബഹിരാകാശ സഞ്ചാരികളെ ഈ മിഷന്‍ സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്റെ അടിസ്ഥാന സംവിധാനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. പുതിയ ടെക്‌നോളജിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കുക, എന്നിവ ബഹിരാകാശ നടത്തത്തിനിടെ ചെയ്യാവുന്നതാണ്.

കൂടാതെ ആഗോളതലത്തിലുള്ള സഹകരണവും ഇതിലൂടെ ഉറപ്പാക്കാനാകും. വിവിധ രാജ്യങ്ങളെ ബഹിരാകാശ യാത്രികര്‍ ബഹിരാകാശ നടത്തത്തിനായി എത്തുന്നതും സഹകരണവും അറിവും വര്‍ധിപ്പിക്കുന്നതാണ്. ഏകദേശം 6.5 മണിക്കൂര്‍ ആണ് ഈ രണ്ട് യാത്രികര്‍ക്കും ലഭിക്കുക. ഇത് സ്‌പേസിന്റെ പരിസ്ഥിതി മനസ്സിലാക്കാന്‍ ഇരുവര്‍ക്കും തുല്യ അവസരം നല്‍കുന്നതാണ്.

Verified by MonsterInsights