ചാർജറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി, ആപ്പിളിന് തിരിച്ചടി, എല്ലാ ഫോണുകൾക്കും ഇനി ചാർജർ ഒന്ന്

യൂറോപ്യൻ പാർലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് വിപണിയിലെ എല്ലാ പുതിയ സ്മാർട് ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും ക്യാമറകൾക്കും 2024 അവസാനം മുതൽ ഒരൊറ്റ സ്റ്റാൻഡേർഡ് ചാർജർ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. സ്മാർട് ഫോൺ, ലാപ്ടോപ്, ക്യാമറ നിർമാണ കമ്പനികൾ യൂറോപ്പിലെങ്കിലും എല്ലാ ഉൽപന്നങ്ങൾക്കും ഒരു സാധാരണ ചാർജർ സ്വീകരിക്കേണ്ടി വരും. ലാപ്ടോപ്പുകളുടെ നിർമാതാക്കൾക്ക് ഇത് നടപ്പിലാക്കാൻ 2026 വരെ അധിക സമയം നൽകിയിട്ടുണ്ട്.
ഈ വർഷം പുറത്തിറക്കിയ ഐഫോൺ 14 സീരീസിൽ പോലും വേഗം കുറവുള്ള ലൈറ്റ്നിങ് കണക്ടറാണ് ആപ്പിൾ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ഇനി യൂറോപ്പിൽ വിൽക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കെല്ലാം യുഎസ്ബി-സി മതി എന്ന തീരുമാനം യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ വോട്ടിനിട്ട് പാസാക്കിയതോടെ ആപ്പിളിന് യൂറോപ്പിൽ 2024 മുതൽ ഐഫോണും മറ്റും വിൽക്കണമെങ്കിൽ യുഎസ്ബി-സി പോർട്ട് വേണ്ടിവന്നേക്കും.

യൂറോപ്യൻ പാർലമെന്റ് വൻ ഭൂരിപക്ഷത്തിലാണ് ഇതു സംബന്ധിച്ച നിയമം പാസാക്കിയത്. 602 പേർ അനുകൂലിച്ചപ്പോൾ 13 പേരാണ് എതിർത്ത് വോട്ടു ചെയ്തത്. യൂണിയനിലുള്ള 27 രാജ്യങ്ങളിൽ പുതിയ നിയമം ബാധകമായിരിക്കും. അടുത്ത വർഷം ആദ്യംതന്നെ നിയമം പ്രാബല്യത്തിൽ വന്നേക്കും. ഇന്ത്യയും ഇത്തരം ഒരു നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് എന്നാണ് സൂചന.

ഓരോ കമ്പനിയും വിവിധ തരം ഡേറ്റാ കേബിളും ചാർജറും ഇറക്കുന്നതു വഴി കുന്നുകണക്കിന് ഇ വെയ്സ്റ്റ് ആണ് ഉണ്ടാകുന്നതെന്നും എല്ലാ ഉപകരണങ്ങൾക്കും ഒരു കണക്ടർ മതിയെന്നുമാണ് ഇയുവിന്റെ നിയമ നിർമാതാക്കൾ പറയുന്നത്. മിക്ക ആൻഡ്രോയിഡ് ഫോൺ നിർമാതാക്കളും നേരത്തേ തന്നെ യുഎസ്ബി-സിയിലേക്ക് മാറിയിരുന്നു.

ആപ്പിളിന്റെ ചില ഐപാഡുകളും എല്ലാ മാക്ബുക്കുകളും യുഎസ്ബി-സിയിലേക്ക് മാറി. ഐഫോണിലും താഴത്തെ നിരയിലുള്ള ഐപാഡുകളിലുമാണ് ആപ്പിൾ യുഎസ്ബി-സി നൽകാത്തത്. ആപ്പിളിന്റെ ഈ വർഷത്തെ ഐഫോൺ 14 പ്രോ സീരീസിൽ റെക്കോർഡ് ചെയ്യുന്ന, വലിയ സൈസിലുള്ള 4കെ പ്രോറെസ് വിഡിയോ കംപ്യൂട്ടറിലേക്കും മറ്റും ലൈറ്റ്നിങ് കണക്ടർ വഴി ട്രാൻസ്ഫർ ചെയ്യാൻ ധാരാളം സമയം വേണ്ടി വരുന്നതായി ചില ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു.

ആപ്പിൾ ഏറ്റവും പുതിയ ഐഫോണുകൾക്കായി വയർലെസ് ചാർജിങ് സംവിധാനവും നൽകുന്നുണ്ട്.ഭാവി ഐഫോൺ മോഡലുകളിൽ കേബിളുകൾക്കുള്ള പോർട്ടുകൾ പൂർണമായും ഒഴിവാക്കിയേക്കുമെന്ന് ഊഹാപോഹമുണ്ട്. എന്നാൽ നിലവിൽ വയർലെസ് ചാർജിങ് ഓപ്ഷൻ യുഎസ്ബി-സിയെക്കാൾ കുറഞ്ഞ പവറും ഡേറ്റാ ട്രാൻസ്ഫർ വേഗവും നൽകുന്നുണ്ട്.

ഒറ്റ ചാർജർ നിയമം ജനങ്ങളുടെ ജീവിതം ലളിതമാക്കുമെന്നും ഉപേക്ഷിക്കപ്പെട്ട ചാർജറുകളുടെ എണ്ണം കുറയ്ക്കുമെന്നും ഉപഭോക്താക്കൾക്കുള്ള ചെലവ് കുറയ്ക്കുമെന്നും യൂറോപ്യൻ യൂണിയൻ നയനിർമാതാക്കൾ പറഞ്ഞു. പ്രതിവർഷം കുറഞ്ഞത് 200 ദശലക്ഷം യൂറോ (195 ദശലക്ഷം ഡോളർ) ലാഭിക്കുമെന്നും ഓരോ വർഷവും ആയിരം ടണ്ണിലധികം ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുമെന്നും മാർഗത്ത് വെസ്റ്റേജർ പറഞ്ഞു. യൂറോപ്യൻ യൂണിയനു കീഴിലുള്ള 27 രാജ്യങ്ങളിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ ഉപഭോക്താക്കളിൽ 45 കോടി ജനങ്ങൾ താമസിക്കുന്നുണ്ട്.

ഭൗതിക ശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

സ്റ്റോക്ക്ഹോം: ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പങ്കിട്ട് മൂന്നുപേർ. അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്‍റൺ സിലിംഗർ എന്നിവർക്കാണ് നൊബേൽ. ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്.

ക്വാണ്ടം മെക്കാനിക്സിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ. ക്വാണ്ടം ഇൻഫർമേഷൻ സയൻസ് തുടങ്ങിയ പുതിയ ശാസ്ത്ര ശാഖകൾക്കും ഇവരുടെ പരീക്ഷണം ഊർജം നൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷവും ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടിരുന്നു. സ്യൂകുരോ മനാബെ, ക്ലോസ് ഹാസെൽമാൻ, ജ്യോർജിയോ പാരിസി എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

കഴിഞ്ഞ ദിവസം വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള നിർണായക കണ്ടുപിടിത്തങ്ങൾക്ക് സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്‍റെ പേബുവിനാണ് പുരസ്കാരം. 2022ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഡിസംബർ 10നാണ് പുരസ്കാരങ്ങൾ കൈമാറുക.

10 മില്യൺ സ്വീഡിഷ് ക്രൗണ്‍സ് (900,357 ഡോളര്‍) ആണ് സമ്മാനമായി ലഭിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനമാണിത്. കോവിഡ് മൂലം രണ്ട് വര്‍ഷമായി നടക്കാതിരുന്ന പുരസ്‌കാര ചടങ്ങ് ഈ വര്‍ഷം ആഘോഷപൂര്‍വം നടത്താനാണ് സംഘാടക സമിതി തീരുമാനം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ശസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആഡെം പറ്റപൗഷിയന്‍ എന്നിവര്‍ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത്.

വനിതകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തിച്ചത് കുടുംബശ്രീ

കോട്ടയം: കേരളത്തിലെ വനിതകളെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എത്തിച്ചതിൽ കുടുംബശ്രീ പ്രസ്ഥാനത്തിന് വളരെ വലിയ പങ്കാണുള്ളതെന്ന് സി കെ ആശ എം എൽ എ. കുടുംബശ്രീയുടെ 25-മത് വാർഷികത്തോടനുബന്ധിച്ച് ചെമ്പ് ഗ്രാമപഞ്ചായത്തിൽ നടന്ന കുടുംബശ്രീ സി.ഡി.എസ് വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. കേരളീയ ഗ്രാമീണ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയർത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴിൽ മുതലായ പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീ സ്ത്രീകൾക്ക് വ്യക്തമായ സാമ്പത്തിക ഭദ്രത ഉറപ്പുനൽകി. രൂപീകൃതമായി 25 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്തെ ക്ഷേമവികസന പ്രവർത്തനങ്ങളിൽ ഒഴിവാക്കാനാവാത്ത ശക്തിയായി മാറിയതോടെ  സ്ത്രീ ശക്തീകരണത്തിന്റെ പ്രതീകമായി മാറാൻ കുടുംബശ്രീക്ക് കഴിഞ്ഞെന്നും എം എൽ എ പറഞ്ഞു.

ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 15 വാർഡുകളിലായുള്ള ആറ് വയോജന അയൽക്കൂട്ടങ്ങളിലെ മുതിർന്ന അംഗങ്ങളെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പി എസ് പുഷ്പമണിയുടെ നേതൃത്വത്തിൽ ആദരിച്ചു. കൂടാതെ ദേശീയ വിദ്യാഭ്യാസ പുരസ്‌കാര നേതാവ് ധന്യ പി വാസു, ഗായകനും അഭിനേതാവുമായ കണ്ണൻ ബ്രഹ്മമംഗലം, ഫ്ളവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം അഖിൽ എന്നിവരെ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ അനുമോദിച്ചു. കേരള പോലിസ് ജനമൈത്രി ട്രെയിനർ കെ പി അനീഷിന്റെ നേതൃത്വത്തിൽ ആനുകാലിക പ്രസക്തമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്ലാസ് നടന്നു. ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത അനിൽകുമാർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശാ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം കെ ശീമോൻ, ജസീല നവാസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ അരുൺ പ്രഭാകർ, പഞ്ചായത്ത് അംഗങ്ങളായ സുനിൽ മുണ്ടയ്ക്കൽ, രമണി മോഹൻദാസ്, റെജി മേച്ചേരി, രാഗിണി ഗോപി, ഉഷ പ്രസാദ്, രഞ്ജിനി ബാബു, സി ഡി എസ് ചെയർപേഴ്സൺ സുനിത അജിത്ത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ പി ജയൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി അജൈബ് ചന്ദ്രൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മഞ്ജുള ഷിബിൻ, സി.ഡി.എസ് അക്കൗണ്ടന്റ് ബിന്ദു സക്കറിയ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.സി ഷണ്മുഖൻ, നയനകുമാർ, പി.വി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ പ്രവാസിയും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 80 വയസായിരുന്നു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറ്റ്ലസിന്റെ ചെയർമാൻ ആണ്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പം ദുബായിലായിരുന്നു താമസം. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ശനിയാഴ്ച്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

http://www.globalbrightacademy.com/

വൈശാലി , വാസ്തുഹാര , സുകൃതം തുടങ്ങി ഇരുപതിലധികം ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡിങ് തുടങ്ങിയ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന എന്ന പരസ്യവാചകത്തിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.

തൃശ്ശൂർ ജില്ലയിൽ 1942 ജൂലൈ 31 നായിരുന്നു ജനനം. മത്തുക്കര മൂത്തേടത്ത് വി. കമലാകര മേനോന്റേയും രുഗ്മിണി അമ്മയുടേയും എട്ട് മക്കളിൽ മൂന്നാമനയാരുന്നു. കവിയായിരുന്ന പിതാവിന്റെ നേതൃത്വത്തിൽ പതിവായി അക്ഷരശ്ലോകം പാരായണ മത്സരങ്ങൾ കേട്ടായിരുന്നു രാമചന്ദ്രന്റെ കുട്ടിക്കാലം.

ബാങ്ക് ഉദ്യോഗസ്ഥനായാണ് അറ്റ്ലസ് രാമചന്ദ്രൻ കരിയർ ആരംഭിച്ചത്. തൃശ്ശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിരുന്നു. കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്തിൽ ജോലി ചെയ്യുമ്പോഴാണ് സ്വർണ വിപണയിലേക്ക് ചുവടുവെക്കുന്നത്. ഇതോടെയാണ് അറ്റ്ലസ് ഗ്രൂപ്പിന്റെ ആരംഭം. ഗൾഫ് യുദ്ധത്തിൽ ബിസിനസ് പൂർണമായും തകർന്നപ്പോൾ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങി വിജയിച്ചു. ഇതിനിടയിൽ മലയാളത്തിൽ നിരവധി മികച്ച ചിത്രങ്ങളും നിർമിച്ചു. പതിനാലോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2015-ൽ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാമചന്ദ്രൻ ദുബായിൽ 3 വർഷത്തെ ജയിൽവാസത്തിന് ശേഷം 2018 ലാണ് ജയിൽ മോചിതനായത്. ബിസിനസ്സ് രംഗത്ത് വീണ്ടും സജീവമാകാനുള്ള ശ്രമങ്ങൾക്കിടയിലാണ് വിയോഗം.

മഞ്ഞിന്റെ ഊര്’; ഊട്ടിയെ പ്രണയിക്കുന്നവർ തീർച്ചയായും ഇവിടം കണ്ടിരിക്കണം

ഊട്ടിയെ പ്രണയിക്കുന്നവർ തീർച്ചയായും മഞ്ഞിന്റെ ഊര് എന്നറിയപ്പെടുന്ന മഞ്ഞൂരിലേയ്ക്കും എത്തിച്ചേരണം. സഞ്ചാരികളെ കാത്ത് പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.മഞ്ഞൂരിലെത്തുന്നത് മുപ്പത്തിനാലു ഹെയർപിൻ വളവുകൾ താണ്ടിയാണ്. കുന്താ ഡാമിന്റെ ഉയരക്കാഴ്ച ആ വഴിയിൽനിന്നു ആസ്വദിക്കാം.

മഞ്ഞൂരിലെ മഞ്ഞവിടെപ്പോയെന്ന് ഇനിയന്വേഷിക്കേണ്ട കാര്യമുണ്ടോ? ചുരം കയറുമ്പോൾ ഇടതുവശത്ത് താഴ്വാരങ്ങളിൽ കാരറ്റ് കൃഷിയുണ്ട്. തട്ടുതട്ടായ കൃഷിയിടങ്ങൾ ഊട്ടിയുടെ പ്രതീകങ്ങളാണെന്നറിയാമല്ലോ? നീലഗിരിയുടെ അസ്സൽ ഭംഗി ഇപ്പോൾ കാണണമെങ്കിൽ മഞ്ഞൂരിലേക്കു വരിക. ശാന്തമായ അന്തരീക്ഷം. താമസം. നാടൻ ഭക്ഷണം. നീലഗിരിയുടെ ആദ്യ സഹകരണ തേയില ഫാക്ടറിയായ കുന്താ ഇൻഡ്കോ ടീ ഫാക്ടറിയിൽ നിന്നു നല്ലയിനം തേയില കുറഞ്ഞ വിലയ്ക്കു വാങ്ങാം. ബഡുഗ എന്ന വിഭാഗക്കാരാണ് ഇത് ആരംഭിച്ചതെന്ന് കൗണ്ടറിലെ ഉദ്യോഗസ്ഥർ. സുവർണജൂബിലി ആഘോഷിക്കുന്ന ഫാക്ടറിയിലെ ചായപ്പൊടി കൊള്ളാം. ഊട്ടിയിൽ നിന്നു മഞ്ഞൂരിലേക്ക് 34 കിലോമീറ്റർ ദൂരം.

മഞ്ഞൂരിൽനിന്നു മുള്ളി എന്ന കേരള-തമിഴ്നാട് അതിർത്തിയിലേക്കുള്ള വഴി ചെറുതാണ്. പാലക്കാട് ജില്ലയിടെ അട്ടപ്പാടിയിലേക്കാണ് നാം ഇറങ്ങുന്നത്. അവിടെയുമുണ്ട് ഗംഭീരമായ ഹെയർപിൻ വളവുകൾ. നാല്പത്തിമൂന്നെണ്ണം! റോഡിനപ്പുറം കൊടും താഴ്ച. ചോലക്കാടുകളാൽ സമ്പന്നമായ മലനിരകൾ. പുൽമേടുകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്.

സായാഹ്നത്തിൽ ഈ വഴി വരികയാണു രസകരമെങ്കിലും ആനകളും മഞ്ഞും ചേരുമ്പോൾ അപകടസാധ്യത ഏറെയാണ്. മുള്ളി-മഞ്ഞൂർ വഴിയിൽ ഗെദ്ദ ഡാം, പെൻസ്റ്റോക്ക് പൈപ്പുകൾ, പവർ ഹൗസ് എന്നിവ കാണാം.

അട്ടപ്പാടി റിസർവ് ഫോറസ്റ്റിന്റെ അതിരായ തമിഴ്നാട് കാട്ടിലൂടെയാണ് സഞ്ചാരം. പാതയുടെ ഇരുവശത്തും മുൾക്കൈതകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. അവ ആനകളെ തുരത്താനുള്ള ജൈവവേലിയാണെന്നു വനംവകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞുതന്നിരുന്നു. പക്ഷേ, ആനകൾക്ക് ഈ വഴിയിൽ പഞ്ഞമുണ്ടാകില്ലെന്ന് ടീ ഷോപ്പിൽ വച്ചുകണ്ട, ബൈക്ക് യാത്രികരായ ക്രിസ്റ്റോയും ചങ്ങാതിയും ഉറപ്പുനൽകി. ഓരോ വളവും സൂക്ഷിച്ചാണ് ഇറങ്ങിയത്. ഒന്ന് ആനകളെ പേടിക്കണം. രണ്ട് എതിരെ വണ്ടികൾ വന്നാൽ ഒന്നു സൈഡ് കൊടുക്കാൻ പോലും സഥലമില്ല. ആനകളുടെ പബ്ലിക് ടോയ് ലെറ്റ് ആണോ എന്നു തോന്നുംവിധം റോഡിലെങ്ങും ആനപിണ്ഡങ്ങൾ നിരന്നിട്ടുണ്ട്. ചിലനേരങ്ങളിൽ ഈ വഴിയിൽ കനത്ത കോടയുമുണ്ടാകുമത്രേ. സംഗതി എന്തായാലും സാഹസിക യാത്ര തന്നെ.

ഒരു സെന്റിൽ നിന്ന് ഒരു ടൺ പച്ചക്കറി; സ്ഥലപരിമിതി ഉൽപാദനത്തിനു തടസമല്ലെന്നു കർഷകൻ

ആകെ പത്തേക്കർ കൃഷിയിടമാണ് ഉണ്ണിക്കൃഷ്ണനുള്ളത്. മൂന്നരയേക്കറിൽ നെൽകൃഷിയും അഞ്ചേക്കറോളം തെങ്ങ്, കമുക്, അടയ്ക്ക, വാഴ എന്നിവയുമുണ്ട്. എന്നാൽ ബാക്കി ഒന്നരയേക്കറിലെ ഒരേക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷിയാണ് തന്റെ മുഖ്യവരുമാനമെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കുറച്ചു സ്ഥലത്തുനിന്ന് പ്രതിവ ർഷം 30 ടൺ പച്ചക്കറിയാണ് വിപണിയിലെത്തിക്കുന്നത്. അതും പ്രീമിയം വിലയ്ക്ക്. കിലോയ്ക്ക് കുറഞ്ഞത് 30 രൂപ ശരാശരി വില കണക്കാക്കിയാൽ പോലും 9 ലക്ഷം രൂപ വരുമാനം കിട്ടുന്നുണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ, ഉൽപാദനച്ചെലവാകട്ടെ, 2 ലക്ഷം രൂപ മാത്രം.

ഒരേക്കർ എട്ടരയേക്കറിനെ തോൽപിക്കുന്നതു പോളിഹൗസോ ഹൈഡ്രോപോണിക്സോ വഴിയല്ല, തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷിയിലൂടെ. സാങ്കേതികത്തികവാണ് ഉണ്ണിക്കൃഷ്ണന്റെ പച്ചക്കറിക്കൃഷിയുടെ മുഖമുദ്ര. കേവലം ഒന്നരയേക്കറിലെ കൃഷിയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച പച്ചക്കറിക്കർ ഷകനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രഹസ്യവും ഈ മികവുതന്നെ. കംപ്യൂട്ടർ ഹാർഡ് വേർ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഉണ്ണിക്കൃഷ്ണൻ അച്ഛനിൽനിന്നു കൃഷി ഏറ്റെടുത്തിട്ട് 12 വർഷമേ ആയിട്ടുള്ളൂ. ആദ്യ വർഷങ്ങളിൽ കൃഷി തുടർച്ചയായി നഷ്ടത്തിൽ കലാശിച്ചു. അപ്പോഴാണ് കേരള കാർഷിക സർവകലാശാലയിലെ ഡോ. സി.നാരായണൻകുട്ടിയെ പരിചയപ്പെട്ടത്. അദ്ദേഹമാണ് കൃത്യതാകൃഷിയുടെ സാധ്യതകൾ ഉണ്ണിക്കൃഷ്ണനെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ അതേപടി നടപ്പാക്കിയ ഉണ്ണിക്കൃഷ്ണനു പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

എന്നും വിൽക്കാൻ ഉൽപന്നം

കൃഷിയിടം രണ്ടായി തിരിച്ചാണ് ഇവിടെ കൃഷി. ഒരു ഭാഗത്തെ കൃഷി അവസാനിക്കുമ്പോഴേക്കും അടുത്ത ഭാഗം പൂവിട്ടിരിക്കും. ഓരോ ഭാഗത്തും കുറഞ്ഞത് 10 വിളകൾക്ക് സ്ഥലം കണ്ടെത്തും. ഒരു വിളയും അമിത തോതിൽ ചെയ്യില്ല. അതുകൊണ്ടുതന്നെ വിപണിയിൽ ഏതെങ്കിലും പച്ചക്കറിയിനത്തിന്റെ പ്രളയമുണ്ടാകുന്നത് ഉണ്ണിക്കൃഷ്ണനെ ബാധിക്കില്ല. ഇവിടെനിന്നു പതിവായി പച്ചക്കറിയെടുക്കുന്ന സൂപ്പർ മാർക്കറ്റുകൾ വിപണിവിലയെക്കാൾ അധികവില നൽകുകയും ചെയ്യും. ചില കടകളിൽ ഉണ്ണിക്കൃഷ്ണന്റെ കൃഷിയിടത്തിലെ പച്ചക്കറിയാണെന്നു പ്രത്യേകം ബാനർ കെട്ടാറുണ്ട്. ഇപ്രകാരം 3 സീസണുകളിലായി 6 തവണയാണ് കൃഷിയിറക്കുക.

കൃഷിച്ചെലവ് ഓരോ വർഷവും വർധിക്കുന്നുണ്ടെങ്കിലും പച്ചക്കറിവില ആനുപാതികമായി കൂടുന്നില്ല. മാത്രമല്ല, പല ഇനങ്ങൾക്കും 10 വർഷം മുൻപുള്ള വിലയാണ് ഇപ്പോഴും. അതിനാൽ പരമാവധി ഉൽപാദനക്ഷമത നേടിയാലേ കൃഷിക്കാരനു പിടിച്ചുനിൽക്കാനാകൂ എന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു. ഇതിന് ഫെർട്ടിഗേഷനും പുതയിടലും മാത്രം മതിയാകില്ല. ഓരോ ഇനം പച്ചക്കറിക്കുമുള്ള പോഷകലഭ്യതക്കുറവ് അവയുടെ ബാഹ്യലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ കഴിയും. പ്രധാന മൂലകങ്ങൾ മുതൽ സൂക്ഷ്മ മൂലക ങ്ങൾവരെയുള്ളവയുടെ അപര്യാപ്തത നിരീക്ഷണത്തിലൂടെ തിരിച്ചറിയാൻ കർഷകരെ പ്രാപ്തരാക്കിയാൽ കൃത്യതാക്കൃഷി വൻവിജയമാകുമെന്ന് ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി. പച്ചക്കറികൾ നടാൻ മണ്ണൊരുക്കുന്നതു മുതൽ വിളവെടുപ്പു വരെ കൃത്യമായ കണക്കുകൂട്ടലുകളിലൂടെയാണ് ഏതൊരു കർഷകനും അദ്ദേഹത്തിന്റെ കൃഷി. ഉണ്ണികൃഷ്ണൻ മുൻപോട്ടുപോകുന്നത്.
മാതൃകയാക്കാവുന്ന രീതിയിലാണ്.

മികച്ച വിപണി

കേരളത്തിൽ ഏറ്റവും ഉല്പാദനക്കമ്മിയുള്ളതും ഉപഭോഗമുള്ളതുമായ കാർഷികോൽപന്നം ഏതാണ്? സംശയം വേണ്ട- പച്ചക്കറി തന്നെ. ഇവിടെയുള്ളതു തികയില്ല, മറുനാടനോടു താൽപര്യവുമില്ല. ഇതാണ് സ്ഥിതി. ഡിമാൻഡ് സപ്ലൈ തത്വപ്രകാരം വിപണിയിൽ എന്നും നേട്ടത്തിന്റെ കൊയ്ത്തുകാലമാവണം പച്ചക്കറിക്കർഷകർക്ക്. എന്നാൽ അങ്ങനെ സംഭവിക്കുന്നുണ്ടോ? കൃഷിക്കാരോടു ചോദിച്ചപ്പോൾ ലഭിച്ച മറുപടി, പച്ചക്കറിക്കൃഷിയെ അഗ്രിബിസിനസ് സംരംഭമായി കണ്ടാൽ സംതൃപ്തിയും സമ്പാദ്യവും നേടാമെന്നുതന്നെ. എന്നാൽ കൃഷിയോടു നല്ല താൽപര്യവും സ്ഥിരോത്സാഹവും കഠിനാധ്വാനവും കൂടി യേ തീരൂ. 

സമീപകാലത്ത് വാണിജ്യപച്ചക്കറിക്കൃഷിയിലേക്കു വന്ന ഒട്ടേറെ ചെറുപ്പക്കാർ കേരളത്തിൽ പുതിയൊരു കാർഷികസംസ്കാരത്തിനു തുടക്കം കുറിച്ചിട്ടുണ്ട്. വേണ്ടത കൃഷിഭൂമി കിട്ടാനില്ലെന്ന പ്രശ്നത്തിനു പാട്ടക്കൃഷിയിലൂടെ പരിഹാരം കണ്ടെത്തിയ അവർ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചു കൂലിച്ചെലവും സമയവും ലാഭിക്കുകകൂടി ചെയ്തപ്പോൾ ടൺകണക്കിനു നാടൻ പച്ചക്കറികളാണിപ്പോൾ നമ്മുടെ വിപണിയിലെത്തുന്നത്. ആനുപാതികമായി അവർ സാമ്പത്തികനേട്ടവുമുണ്ടാക്കുന്നു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പച്ചക്കറിക്കൃഷി അഗ്രിബിസിനസായി വികസിപ്പിച്ചു വിജയികളായ ചിലരെ ഒക്ടോബർ ലക്കം കർഷകശ് മാസികയിൽ പരിചയപ്പെടാം. കൃഷിയിലും വിപണനത്തിലും അവർ സ്വീകരിക്കുന്ന പുതുരീതികളും തന്ത്രങ്ങളും അറിയാൻ കർഷകശ്രീ മാസിക മറക്കാതെ സ്വന്തമാക്കുക.

വയസ് 19, സമ്പത്ത് 1,000 കോടി; അറിയാം കൈവല്യയുടെ വല്യ കളികൾ

ടീനേജിൽ തന്നെ 1,000 കോടി രൂപയുടെ സമ്പത്തെല്ലാം നേടുന്നവരുടെ കഥകൾ വിദേശങ്ങളിൽ നിന്നും നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഇന്ത്യക്കാരെന്താ മോശക്കാരാണോ? അല്ലെന്ന് വിളിച്ചുപറയും കൈവല്യ വോറയെന്ന യുവസംരംഭകന്റെ ഗംഭീര വിജയകഥ. വയസ് 19 മാത്രമേയുള്ളൂ കൈവല്യക്ക്, എന്നാൽ വല്യ കളികളാണ് അവന്റേത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നനാണ് വോറ, അതും സ്വയം വളർന്ന് കരസ്ഥമാക്കിയത്. അടുത്തിടെ പുറത്തുവന്ന ഐഐഎഫ്എൽ വെൽത്ത് ഹുറൺ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് 1,000 കോടി രൂപയാണ് കൈവല്യ വോറയുടെ സമ്പത്ത്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇ-ഗ്രോസറി സ്റ്റാർട്ടപ്പായ സെപ്റ്റോയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് കൈവല്യ വോറ.

 

ക്വിക്ക് കൊമേഴ്സ് എന്ന ബിസിനസ് അവസരം

ഇ-കൊമേഴ്സ് എന്ന ബിസിനസ് രീതി തുറന്നിട്ട അവസരങ്ങളും അത് മുതലെടുത്ത സ്റ്റാർട്ടപ്പ് സംരംഭങ്ങളും വൻവിജയം കൊയ്യുന്നത് നമ്മൾ കണ്ടുകഴിഞ്ഞു. ഇനി അതിനുമപ്പുറം ക്വിക്ക് കൊമേഴ്സിന്റെ കാലമാണ്. അതിവേഗത്തിൽ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ. ഈ അവസരം മുൻകൂട്ടിക്കണ്ടാണ് സ്റ്റാൻഫോഡ് സർവകലാശാല ഡ്രോപ്പ് ഔട്ടുകളായ കൈവല്യ വോറയും സുഹൃത്ത് ആദിത് പാലിച്ചയും സെപ്റ്റോയ്ക്ക് തുടക്കമിട്ടത്. അതും കോവിഡ് കാലത്ത്, എന്താണ് സെപ്റ്റോയുടെ പ്രത്യേകതയെന്നല്ലേ…വെറും 10 മിനിറ്റിനുള്ളിൽ നിങ്ങൾ ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തും. കൈവല്യക്ക് പത്തൊമ്പതും ആദിത്തിന് ഇരുപതുമാണ് പ്രായമെന്നത് ഈ സംരംഭത്തിന്റെ മാറ്റ് കൂട്ടുന്നു.

പാൽ, ഫ്രഷ് വെജിറ്റബിൾസ്, പഴങ്ങൾ, ഹെൽത്ത്, ഹൈജീൻ ഉൽപ്പന്നങ്ങളൾ തുടങ്ങി 3,000ത്തിലധികം പ്രൊഡക്റ്റുകൾ 10 മിനിറ്റിനകം വീട്ടുപടിക്കലെത്തുമെന്നതാണ് സെപ്റ്റോയുടെ സവിശേഷത. കൈവല്യയുടെ ഈ സംരംഭത്തിന്റെ ഇന്നത്തെ മൂല്യം ഏകദേശം ഒരു ബില്യൺ ഡോളറിന് തൊട്ടടുത്ത്. അധികം വൈകാതെ തന്നെ യൂണികോൺ എന്ന നാഴികക്കല്ല് പിന്നിടും സൊ. അതിവേഗം ഒരു ബില്യൺ ഡോളർ മൂല്യം കൈവരിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങളെയാണ് യൂണികോൺ എന്ന് വിശേഷിപ്പിക്കുന്നത്.

മൂല്യമിനിയും കൂടും.വലിയ വികസനപദ്ധതികളാണ് സെപ്റ്റോ ഉന്നം വെക്കുന്നത്. 2023 ഒക്റ്റോബർ മാസത്തോടെ 1 ബില്യൺ ഡോളർ വിൽപ്പന കൈവരിക്കുകയെന്നതാണ് അതിൽ പ്രധാനം. 2021 ഏപ്രിലിൽ മുംബൈ കേന്ദ്രീകരിച്ചാണ് കൈവല്യയുടെയും ആദിത്തിന്റെയും സ്റ്റാർട്ടപ്പ് പ്രവർത്തനമാരംഭിച്ചത്. ഇന്ന് ഇന്ത്യയിലെ പത്തിലധികം നഗരങ്ങളിൽ സെപ്റ്റോയ്ക്ക് സാന്നിധ്യമുണ്ട്. മുംബൈ, പുണെ, ബംഗളൂരു, ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത തുടയിടങ്ങളിലാണ് ഇവർക്ക് വിതരണ സംവിധാനങ്ങളുള്ളത്. വൈകാതെ കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വികസിപ്പിക്കാനാണ് പദ്ധതി.

കൂട്ടിനെത്തി നിരവധി മാലാഖമാർ

ഉപഭോക്തൃ ബിസിനസിലെ ഏതെങ്കിലും പ്രശ്നത്തിനുള്ള പരിഹാരമാകണം തങ്ങളുടെ സ്റ്റാർട്ടപ്പെന്ന് സ്റ്റാൻഫോഡിൽ പഠിക്കുമ്പോൾ തന്നെ കൈവല്യയും ആദിത്തും തീരുമാനിച്ചിരുന്നു. പഠിത്തം മതിയാക്കി മുംബൈയിലെത്തിയപ്പോൾ ക്വിക്ക് കൊമേഴ്സായിരുന്നു ഇരുവരുടെയും മനസിൽ. തുടക്കത്തിൽ ഡെലിവറി സമയവും റൂട്ടുമെല്ലാം മനസിലാക്കുന്നതിന് ഇരുവരും നേരിട്ട് രംഗത്തെത്തിയിരുന്നു. തങ്ങളുടെ ആശയം എയ്ഞ്ചൽ നിക്ഷേപകരെ ബോധ്യപ്പെടുത്താൻ സാധിച്ചു എന്നതാണ് ഇരുവരുടേയും വിജയം. നെക്സസ് വെഞ്ച്വർ പാർട്ണേഴ്സ്, വൈ കോമ്പിനേറ്റർ കണ്ടിന്യൂറ്റി ഫണ്ട്, ഗ്രേഡ് ബ്രൂക്ക് കാപിറ്റൽ, ലാച്ചി ഗ്രൂം, നീരജ് അറോറ, മാനിക് ഗുപ്ത, ബയർ കാപിറ്റൽ, ഗ്ലോബൽ ഫൗണ്ടേഴ്സ് കാപിറ്റൽ, കോൺടറി കാപിറ്റൽ തുടങ്ങിയവരാണ് സെപ്റ്റോയിലെ പ്രധാന നിക്ഷേപകർ 2021 ജൂൺ മാസത്തിലെത്തിയ നെക്സസ് വെഞ്ചേഴ്സാണ് ആദ്യ നിക്ഷേപകർ.

ഇന്ത്യ 5ജിയിലേക്ക്; പ്രധാനമന്ത്രി ഇന്ന് തുടക്കമിടും: കേരളത്തിൽ അടുത്ത വർഷം

ന്യൂഡൽഹി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്കു തുടക്കമിടും ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ-ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിർള എന്നിവർ പങ്കെടുക്കുന്നുണ്ട്.

കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സേവനങ്ങൾ മലരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും ഭൂരിഭാഗവും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. അനുകൂല അന്തരീക്ഷം മുതലെടുക്കാൻ കേരളത്തിലെ സാഹചര്യങ്ങളിൽ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു. ദീപാവലിക്ക് (ഒക്ടോബർ അവസാനത്തോടെ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ 5ജി എത്തുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. എയർടെല്ലും ഉടൻ 5ജി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

ആശുപത്രികളില്‍ വയോജനങ്ങള്‍ക്ക് രണ്ടാഴ്ച വിവിധ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ക്ക് 30 ലക്ഷം രൂപ

ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം

അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 1 മുതല്‍ 14 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും വയോജനങ്ങള്‍ക്ക് മാത്രമായി വിവിധ സ്‌പെഷ്യാലിറ്റിയിലുള്ള സേവനങ്ങള്‍ നല്‍കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന ആരോഗ്യ മേഖലയില്‍ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. വയോജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ പ്രാഥമികതലം മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയും മെഡിക്കല്‍ കോളേജുകളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി കൊണ്ട് താഴെതലം വരെ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കി കൊണ്ടും ആശുപത്രികളുടെ ഭൗതിക സാഹചര്യത്തില്‍ വയോജന സൗഹൃദ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടും ആരോഗ്യ രംഗത്തെ വയോജന സൗഹൃദമാക്കുവാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

 

ജില്ലാ ആശുപത്രികളില്‍ ജറിയാട്രിക് വാര്‍ഡുകളും ജറിയാട്രിക് ഒപിയും ഫിസിയോതെറാപ്പിയും നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി വരുന്നു. പക്ഷാഘാത ക്ലിനിക്ക്, കാത്ത്‌ലാബ്, കൊറോണറികെയര്‍ യൂണിറ്റ്, ശ്വാസ് ക്ലിനിക്ക്, ഡയാലിസിസ് യൂണിറ്റുകള്‍ എന്നിവ സാധ്യമാക്കിക്കൊണ്ട് വയോജനങ്ങള്‍ക്കുള്ള സേവനം ഉറപ്പാക്കി വരുന്നു. താലൂക്കാശുപത്രികളിലും വയോജന സൗഹൃദ ശൗചാലയങ്ങളും സാന്ത്വന പരിചരണവും മറ്റ് സ്‌പെഷ്യാലിറ്റി സേവനങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഫിസിയോ തെറാപ്പിസ്റ്റുകളെയും നഴ്‌സുമാരെയും വയോജന ചികിത്സ നല്‍കുന്നതിന് നിയമിച്ചിട്ടുണ്ട്. കൃത്രിമ ദന്തങ്ങള്‍, ശ്രവണ സഹായി, വൈകല്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയും വയോജന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത് വരുന്നു.

അന്താരാഷ്ട്ര വയോജന ദിനം സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ന് (ഒക്ടോബര്‍ 1 )  രാവിലെ 11.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ‘മാറുന്ന ലോകത്ത് മുതിര്‍ന്ന പൗരന്‍മാരുടെ അതിജീവനം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജനദിന സന്ദേശം. ഈ വര്‍ഷത്തെ വയോജനാരോഗ്യ ദിനം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയായാണ് ആരോഗ്യവകുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

 

ഗാന്ധി ജയന്തിദിനത്തിൽ ദേശീയ ഉദ്യാനങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവടങ്ങളിൽ പ്രവേശനം സൗജന്യം

വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഗാന്ധിജയന്തിദിനത്തിൽ ദേശീയ ഉദ്യാനങ്ങൾകടുവ സംരക്ഷണ കേന്ദ്രങ്ങൾവന്യജീവി സങ്കേതങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല. വന്യജീവി വാരാഘോഘങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് ഒക്ടോബർ മുതൽ ഒരു വർഷം പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വന്യജീവി വകുപ്പ് അറിയിച്ചു.

Verified by MonsterInsights