എടാ മോനേ… സ്വര്‍ണവില മലക്കം മറിഞ്ഞു! കേരളത്തില്‍ ഇന്ന് വില കൂടി; വെള്ളിയും മേലോട്ട്

ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വന്‍ ആശ്വാസം പകര്‍ന്ന് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് നിരാശപടര്‍ത്തി മലക്കം മറിഞ്ഞു. ഗ്രാമിന് ഇന്ന് 45 രൂപ വര്‍ധിച്ച് 6,660 രൂപയായി. പവന് 360 രൂപ ഉയര്‍ന്ന് വില 53,280 രൂപയിലുമെത്തി.

ഇന്നലെ പവന് 1,120 രൂപയും ഗ്രാമിന് 120 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഏറെക്കാലത്തിന് ശേഷം 52,000 രൂപ നിലവാരത്തിലേക്ക് ഇന്നലെ ഇടിഞ്ഞവില ഇന്ന് വീണ്ടും 53,000 രൂപയ്ക്ക് മുകളില്‍ എത്തുകയും ചെയ്തു.

18 കാരറ്റും വെള്ളിയും

18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 5,570 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 88 രൂപയുമായി. കഴിഞ്ഞവാരം ഗ്രാമിന് 90 രൂപയെന്ന റെക്കോഡ് കുറിച്ചശേഷം 87 രൂപ വരെ വെള്ളിവില താഴ്ന്നിരുന്നു. തുടര്‍ന്നാണ്, ഇന്ന് വീണ്ടും വില കയറിയത്.

എന്തുകൊണ്ട് ഇന്ന് വില കൂടി?

മധ്യേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍ യുദ്ധഭീതി ഒഴിഞ്ഞതും ഓഹരി-കടപ്പത്ര വിപണികള്‍ മെച്ചപ്പെട്ടതുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ ഇടിയാന്‍ സഹായിച്ചത്. എന്നാല്‍, ഇത് ഉയര്‍ന്ന വില മുതലെടുത്തുള്ള സ്വാഭാവിക ലാഭമെടുപ്പ് മാത്രമായിരുന്നു എന്നാണ് വിലയിരുത്തലുകള്‍.

ഇന്നലെ ഔണ്‍സിന് 2,310 ഡോളറിന് താഴേക്കുപോയ രാജ്യാന്തരവില ഇന്ന് 2,328 ഡോളറിലേക്ക് തിരിച്ചുകയറിയിട്ടുമുണ്ട്.

എന്താണ് തിരിച്ചടി?

സ്വര്‍ണവില കുത്തനെ ഇടിഞ്ഞത് സുവര്‍ണാവസരമാക്കി ഇന്നലെ അഡ്വാന്‍സ് ബുക്കിംഗ് നടത്തിയവര്‍ക്ക് വലിയ നേട്ടം ലഭിച്ചു. ഇന്നും വില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ്, അപ്രതീക്ഷിതമായി വില കൂടിയത്. നികുതികളും പണിക്കൂലിയുമടക്കം ഏറ്റവും കുറഞ്ഞത് 57,700 രൂപ കൊടുത്താലേ ഇന്നൊരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.

Verified by MonsterInsights