ലോകത്തിലെ ഏറ്റവും കഠിനമായ ഏകദിന കായിക ഇനമായി കണക്കാക്കപ്പെടുന്ന ‘അയണ്‍മാന്‍ ട്രയാത്തലോണ്‍’ പൂര്‍ത്തിയാക്കി ചരിത്രമെഴുതി ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസ് (ഐ.ആര്‍.എ.എസ്) ഓഫീസറായ ശ്രേയസ് ജി. ഹൊസുര്‍. 3.8 കി.മീ നീന്തലും 180 കി.മീ സൈക്ലിങ്ങും 42.2 കി.മീ ഓട്ടവും (അല്ലെങ്കില്‍ ഒരു മുഴുവന്‍ മാരത്തോണ്‍) ഒരേ ദിവസം തന്നെ പൂര്‍ത്തിയാക്കേണ്ടുന്ന കായിക ഇനമാണ് അയണ്‍മാന്‍ ട്രയാത്തലോണ്‍. ജര്‍മനിയിലെ ഹാംബര്‍ഗില്‍ ഞായറാഴ്ച നടന്ന മത്സരം 13 മണിക്കൂര്‍ 26 മിനിറ്റ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് ശ്രേയസ് ചരിത്രമെഴുതിയത്. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇന്ത്യന്‍ റെയില്‍വേ തന്നെയാണ് ശ്രേയസിന്റെ നേട്ടം പുറംലോകത്തെ അറിയിച്ചത്. അയണ്‍മാന്‍ ട്രയാത്തലോണ്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം.