മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം കാണാൻ 19000 വനിതാ ആരാധകർ എത്തിയിരുന്നു. റിലയൻസ് ഫൗണ്ടേഷന്റെയും മുംബൈ ഇന്ത്യൻസിന്റെയും എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് ഫോർ ഓൾ (ഇഎസ്‌എ) പദ്ധതിയുടെ ഭാഗമായാണ് 19000 പെൺകുട്ടികളെ കളി കാണാനെത്തിച്ചത്. ഓരോ ഐപിഎൽ സീസണിലും, മത്സരം തത്സമയം കാണാനും താരങ്ങളെ പ്രോൽസാഹിപ്പിക്കാനുമായി മുംബൈ നഗരത്തിലുടനീളമുള്ള എൻജിഒകളിൽ നിന്നുള്ള കുട്ടികൾക്ക് അവസരം നൽകാറുണ്ട്. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണും മുംബൈ ഇന്ത്യൻസിന്റെ ഉടമയുമായ നിത അംബാനി പെൺകുട്ടികൾക്കൊപ്പം ഗ്രാൻഡ് സ്റ്റാൻഡിൽ ഇരുന്ന് കളി കണ്ടു.
“സ്റ്റേഡിയത്തിലെ ഊർജ്ജവും ആവേശവും നോക്കൂ. ഇഎസ്എ പദ്ധതിയുടെ ഭാഗമായി കളി കാണാനെത്തുന്ന പെൺകുട്ടികൾ ഏറെ ആവേശത്തിലാണ്. ഈ വർഷം, വിവിധ എൻജിഒകളിൽ നിന്നുള്ള 19,000 പെൺകുട്ടികൾ സ്റ്റേഡിയത്തിലുണ്ട്. ഇവരിൽ പലരും ആദ്യമായാണ് ക്രിക്കറ്റ് മത്സരം നേരിട്ട് സ്റ്റേഡിയത്തിൽ ഇരുന്ന് കാണുന്നത്. നമുക്കെല്ലാവർക്കും ഇത് വളരെ വൈകാരികമായ കാര്യമാണ്, ഇവരിൽ ഒരു ജൂലനോ ഹർമാനോ ഉണ്ടാകും,” നിത അംബാനി പറഞ്ഞു.
കായികരംഗത്തെ വനിതകളെ അനുസ്മരിക്കുകയും പെൺകുട്ടികൾക്ക് കായികരംഗത്തും വിദ്യാഭ്യാസത്തിലും അവകാശമുണ്ടെന്ന് ഊന്നിപ്പറയുകയുമാണെന്ന് നിതാ അംബാനി പറഞ്ഞു. പെൺകുട്ടികൾ അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുമുള്ള ധൈര്യം വളർത്തിയെടുക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
“ഇന്നത്തെ മത്സരം കായികരംഗത്തെ സ്ത്രീകളുടെ ആഘോഷമാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനും സ്പോർട്സിനും അവകാശമുണ്ടെന്ന് എടുത്തുകാണിക്കാൻ ആഗ്രഹിച്ചു. ഈ പെൺകുട്ടികൾക്കും ടിവിയിൽ കാണുന്നവർക്കും അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും അവർ ആഗ്രഹിക്കുന്നതെന്തും നേടാനും ധൈര്യമുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനാലാണ് ഞങ്ങൾ ഇന്ന് അവരെയെല്ലാം വിളിച്ചത്.”- നിതാ അംബാനി പറഞ്ഞു.