രാജ്യത്ത് 5G സേവനങ്ങളുടെ ലഭ്യത വേഗത്തിലാക്കി റിലയന്‍സ് ജിയോ. ലോഞ്ച് ചെയ്ത് 4 മാസങ്ങള്‍ക്കുള്ളില്‍ തന്നെ 250ല്‍ അധികം നഗരങ്ങളില്‍ 5G സേവനം ലഭ്യമാക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേയ്ക്ക് 5G സേവനം വ്യാപിപ്പിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, ഋഷികേശ്, ഷിംല എന്നിവയുള്‍പ്പെടെ 17 നഗരങ്ങളില്‍ കൂടി 5G സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ജിയോ അറിയിച്ചു.
ഏറ്റവും പുതിയ പട്ടികയില്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഇതോടെ ജിയോ 5G ലഭ്യമായ ഇന്ത്യന്‍ നഗരങ്ങളുടെ എണ്ണം 257 ആയി. 7 സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് പുതുതായി 5G സേവനങ്ങള്‍ ലഭ്യമായത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
അങ്കലേശ്വര്‍, സവര്‍കുണ്ഡ്‌ല (ഗുജറാത്ത്), ബിലാസ്പൂര്‍, ഹമീര്‍പൂര്‍, നദൗന്‍, ഷിംല (ഹിമാചല്‍ പ്രദേശ്), ചിന്ദ്വാര, രത്ലം, റെവ, സാഗര്‍ (മധ്യപ്രദേശ്), അകോല, പര്‍ഭാനി (മഹാരാഷ്ട്ര), ബതിണ്ട, ഖന്ന, മാണ്ഡി ഗോബിന്ദ്ഗഡ് (പഞ്ചാബ്), ഭില്‍വാര, ശ്രീ ഗംഗാനഗര്‍, സിക്കാര്‍ (രാജസ്ഥാന്‍), ഹല്‍ദ്വാനി-കഠ്‌ഗോദം, ഋഷികേശ്, രുദ്രപൂര്‍ (ഉത്തരാഖണ്ഡ്) എന്നീ നഗരങ്ങളിലാണ് ഏറ്റവും ഒടുവിലായി 5G സേവനങ്ങള്‍ ലഭ്യമായിരിക്കുന്നത്.
ജിയോയുടെ പുതിയ 5G സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി ഉപയോക്താക്കള്‍ പുതിയ 5G സിം വാങ്ങേണ്ടതില്ല. എന്നാല്‍, ഉപയോക്താക്കള്‍ 5G പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്ഫോണാണ് ഉപയോഗിക്കുന്നതെന്നും Jio SA (സ്റ്റാന്‍ഡ് എലോണ്‍) 5G നെറ്റ്വര്‍ക്കിനെ പിന്തുണയ്ക്കുന്നതിനുള്ള സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്.
സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പരിശോധിക്കാനായി മൊബൈലിലെ Settings> About Device> Software Update> അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുക. ജിയോ 5G വെല്‍ക്കം ഓഫറിന്റെ ഭാഗമായി സൗജന്യമായാണ് ജിയോ 5G സേവനങ്ങള്‍ നല്‍കുന്നത്. ഇതിനായി ടെലികോം ഓപ്പറേറ്ററില്‍ നിന്ന് ഇന്‍വിറ്റേഷന്‍ ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്.