കോഴിക്കോട് IIMൽ ബിസിനസ് പഠിച്ച ഷെല്ലി ഒബ്റോയി ഡൽഹി കോർപ്പറേഷൻ മേയർ

ഡൽഹിയുടെ ആദ്യ വനിതാ മേയറായാണ് ഷെല്ലി ഒബ്റോയ്

ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്റോയി. ബിജെപി സ്ഥാനാർത്ഥി രേഖ ഗുപ്തയെ 34 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് 39 കാരിയായ ഷെല്ലിയുടെ വിജയം.

ഡൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഷെല്ലി ഒബ്റോയി കോഴിക്കോട് ഐഐഎമ്മിലെ പൂർവവിദ്യാർത്ഥി കൂടിയാണ്.

ഡൽഹിയുടെ ആദ്യ വനിതാ മേയറായാണ് ഷെല്ലി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് തവണ മാറ്റിവെക്കപ്പെട്ട തെരഞ്ഞെടുപ്പ് അനിശ്ചിതത്വങ്ങൾക്കൊടുവിൽ നടന്നപ്പോൾ വിജയം ഷെല്ലിക്കും ആംആദ്മിക്കുമൊപ്പമായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടന്നത്. ഈസ്റ്റ് പട്ടേൽ നഗറിൽ നിന്നാണ് ഷെല്ലി വിജയിച്ചത്. 2014 മുതൽ ആം ആദ്മി പാർട്ടിയുടെ സജീവ പ്രവർത്തകയാണ് ഷെല്ലി ഒബ്റോയി. 2020 പാർട്ടിയുടെ മഹിളാ മോർച്ച പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ഡോക്ട്രേറ്റും നേടിയിട്ടുണ്ട്.

ഡൽഹിയിലെ മാലിന്യപ്രശ്നങ്ങളെ കുറിച്ചായിരുന്നു മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഷെല്ലിയുടെ ആദ്യ പ്രഖ്യാപനം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ പരിശോധിക്കുമെന്ന് മേയർ പ്രഖ്യാപിച്ചു.

മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും ആം ആദ്മിയുടെ പ്രധാന പ്രചരണ വിഷയം ഡൽഹിയിലെ മാലിന്യ നിർമാർജനത്തെ കുറിച്ചായിരുന്നു. ഡൽഹിയിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായ ഗാസീപൂർ, ഓഖ്ല, ബൽസ്വ എന്നിവിടങ്ങൾ ശുചീകരിക്കുമെന്നായിരുന്നു വാഗ്ദാനം.