ക്ഷേമപെൻഷൻ പ്രതിസന്ധി: നൽകാനുള്ളത് 6 മാസത്തെ തുക, കുടിശ്ശിക നിലനിർത്തി മാസംതോറും ഒരു ഗഡു നൽകാൻ ശ്രമം.

സാധാരണക്കാരായ ലക്ഷങ്ങളുടെ ആശ്രയമായ സാമൂഹികസുരക്ഷാ പെൻഷൻ വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. ഈമാസംകൂടിയാകുമ്പോൾ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും. ഇത് കൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം. സാമ്പത്തികസ്ഥിതി ഗുരുതരമായി തുടരുമ്പോൾ പണം എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രശ്നം.

ഈ സാമ്പത്തികവർഷംമുതൽ എല്ലാമാസവും പെൻഷൻ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിൽ തിരഞ്ഞെടുപ്പിനുമുമ്പ് ഒരു ഗഡുവായ 1600രൂപനൽകി. എന്നാലിത് കഴിഞ്ഞവർഷം നവംബറിൽ കുടിശ്ശികയായിരുന്നു. ഈ മാസവും അടുത്ത ആഴ്ചയോടെ ഒരു ഗഡു നൽകാൻ ധനവകുപ്പ് തയ്യാറെടുക്കുന്നുണ്ട്. അത് ഡിസംബറിൽ നൽകേണ്ടതായിരുന്നു.


ക്ഷേമപെൻഷൻ നൽകുന്നതിന് രൂപവത്കരിച്ച കമ്പനി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് വായ്പയെടുത്താണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. കമ്പനിയുടെ കൈയിൽ മിച്ചമുണ്ടായിരുന്ന പണം ഒരു ഗഡുകൂടി നൽകാൻ തികയുമായിരുന്നു.

എന്നാൽ, സാമ്പത്തികവർഷാവസാനം ട്രഷറിയിൽ പണമില്ലാതെ വന്നപ്പോൾ ഈ പണം അവിടേക്കുമാറ്റി. ട്രഷറി ഇപ്പോൾ ഓവർ ഡ്രാഫ്റ്റിലാണ്. ഈ പണം തിരിച്ചെടുക്കാനാവില്ല. മറ്റേതെങ്കിലും സ്രോതസ്സിൽനിന്ന് വരുമാനം എത്തിയാലേ ഈ പണം കമ്പനിക്ക് തിരിച്ചുകിട്ടൂ. എന്നിട്ടുവേണം ഈ മാസം പെൻഷൻ നൽകാൻ. 

Verified by MonsterInsights