നാലുവരി-ആറുവരി പാതകളിലെ ലെയിൻ ട്രാഫിക് ലംഘനത്തിന് ഇന്നുമുതൽ പിഴ ഈടാക്കും. ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് അറിയിച്ചതാണ് ഇക്കാര്യം. 1000 രൂപയാണ് പിഴ തുക. സംസ്ഥാനത്ത് ലെയിൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കർശന നടപടി എടുക്കാൻ അധികൃതർ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തിൽ ആയിരത്തിലേറെ ലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാൽ മറ്റു ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും പരിശോധന കർശനമാക്കും.

നിർദ്ദേശിച്ചിരിക്കുന്ന നാലുവരി / ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗത കുറഞ്ഞ വാഹനങ്ങൾ എന്നിവ ഇടതുവശം ചേർന്ന് മാത്രമേ പോകാവൂ. വലതുവശത്തെ ലൈനിലൂടെ ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നത് പിന്നിലുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും അവർക്ക് ഓവർടേക്ക് ചെയ്തു പോകാൻ കഴിയാതെ വരുകയും ചെയ്യുന്നു. മാത്രമല്ല, ഇതുമൂലം ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാനുള്ള പ്രവണത കാണപ്പെടുകയും ആയത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
ലൈൻ ട്രാഫിക്കിനെ കുറിച്ചുള്ള അജ്ഞത മൂലം വളരെ സാവധാനത്തിൽ യാത്ര ചെയ്യുന്ന ചില ഇരുചക്രവാഹന / കാർ യാത്രക്കാരും വലതുവശത്തെ ട്രാക്ക് തിരഞ്ഞെടുക്കുന്നു. ഇത് പുറകിൽ നിന്ന് നിശ്ചിത വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സമാകുന്നു. വലിയ വാഹനങ്ങൾ ഇടതു വശം ചേർന്ന് മാത്രം സഞ്ചരിക്കുക.