ന്യൂസിലൻഡിലെ വോട്ടിങ് പ്രായം കുറയ്ക്കുന്ന കാര്യം പരി​ഗണനയിൽ;16 ആയി പിന്തുണയ്ക്കുന്നവർക്ക് അനുകൂല കോടതിവിധി

ന്യൂസിലൻഡിലെ വോട്ടിങ് പ്രായം കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നവർക്ക് കോടതിയിൽ വിജയം. രാജ്യത്തെ കുറഞ്ഞ വോട്ടിങ് പ്രായം 18 ൽ നിന്നും 16 ആയി കുറക്കണം എന്നാവശ്യവുമായി ഇവർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ വിജയിച്ചു. നിലവിലെ കുറഞ്ഞ വോട്ടിങ് പ്രായമായ 18 വയസ്സ് വിവേചനപരമാണെന്ന് ന്യൂസിലൻഡ് കോടതി തിങ്കളാഴ്ച വിധിച്ചു. ഇതോടെ വോട്ടിങ് പ്രായപരിധി വീണ്ടും കുറയ്ക്കേണ്ടതുണ്ടോ എന്ന കാര്യം പരിഗണിക്കാൻ ന്യൂസിലൻഡ് പാർലമെന്റ് നിർബന്ധിതരായിരിക്കുകയാണ്.

എന്നാൽ, ന്യൂസിലൻഡിലെ വോട്ടിങ് പ്രായം കുറയ്ക്കുന്നതിന് പാർലമെന്റിലെ 75 ശതമാനം അം​ഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാൽ നിലവിൽ ഇത്തരത്തിൽ ഒരു പിന്തുണ ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന് വോട്ടിങ് പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നവർ പോലും സമ്മതിക്കുന്നുണ്ട്. എന്നിരുന്നാലും, ആദ്യപടിയെന്ന നിലയിൽ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ തീരുമാനത്തെ അനുകൂലിക്കുന്നവർ. കാരണം, ആ മാറ്റത്തിന് നിയമസഭാംഗങ്ങളിൽ നിന്നും സാധാരണ ഭൂരിപക്ഷം മാത്രമേ ആവശ്യമുള്ളൂ.

വോട്ടിങ് പ്രായത്തിൽ കുറവ് വരുത്തുന്നത് സംബന്ധിച്ച് പല രാജ്യങ്ങളും ഇപ്പോൾ ചർച്ചകൾ നടന്നു വരികയാണ്. ഓസ്ട്രിയ, മാൾട്ട, ബ്രസീൽ, ക്യൂബ, ഇക്വഡോർ പോലുളള രാജ്യങ്ങൾ 16 വയസ്സു മുതൽ വോട്ട് ചെയ്യാൻ ജനങ്ങളെ നിലവിൽ അനുവദിക്കുന്നുണ്ട്.

കോടതിയുടെ തീരുമാനത്തിൽ താൻ ആവേശഭരിതനാണെന്ന് ന്യൂസിലൻഡിലെ “മേക്ക് ഇറ്റ് 16 കാമ്പെയ്‌നിന്റെ“ സഹ ഡയറക്ടർ സനത് സിംഗ് പറഞ്ഞു. “ഇതൊരു മഹത്തായ ദിവസമാണ്. ഇത് ഞങ്ങളുടെ പ്രചാരണത്തെ സംബന്ധിച്ച് മാത്രമല്ല, രാജ്യത്തെ സംബന്ധിച്ചും ചരിത്രപ്രധാനമായ ദിനമായിരിക്കും.” സിം​ഗ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം പോലുള്ള അസ്തിത്വ പ്രശ്‌നങ്ങളും പകർച്ചവ്യാധിയിൽ നിന്നും മുക്തി നേടുന്നതുപോലുള്ള പ്രശ്നങ്ങളും ജനാധിപത്യ സാഹചര്യങ്ങളും യുവാക്കളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് 18 കാരനായ സിംഗ് അഭിപ്രായപ്പെട്ടു. ന്യൂസിലൻഡിലെ ഭരണകക്ഷിയായ ലിബറൽ ലേബർ പാർട്ടി വോട്ടിങ് പ്രായം കുറയ്ക്കുന്ന കാര്യത്തിൽ ഇതുവരെ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. അതേസമയം രാജ്യത്തെ രണ്ട് പ്രധാന യാഥാസ്ഥിതിക പ്രതിപക്ഷ പാർട്ടികൾക്ക് ഈ തീരുമാനത്തോട് ശക്തമായ എതിർപ്പാണ് ഉള്ളത്.

“ഇത് ഞങ്ങൾ പിന്തുണയ്ക്കുന്ന കാര്യമല്ല, നിലവിലെ പ്രായപരിധിയായ 18 വയസ്സിൽ ഞങ്ങൾ തൃപ്തരാണ് ” പ്രതിപക്ഷ നേതാവ് ക്രിസ്റ്റഫർ ലക്‌സൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം മാറ്റത്തെ പിന്തുണയ്ക്കുന്നതായി ലിബറൽ ഗ്രീൻ പാർട്ടി പറഞ്ഞു. “ഇപ്പോഴും ഭാവിയിലും തങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളിൽ അഭിപ്രായം പറയാൻ യുവാക്കൾക്ക് അർഹതയുണ്ട്. വോട്ടിങ് പ്രായം മാറ്റുന്നതിനായി നിയമ ഭേദ​ഗതി കൊണ്ടുവരാനുള്ള പദ്ധതി പര​​ഗണിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു, ”പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരിഷ്കരണ വക്താവ് ഗോൾറിസ് ഗഹ്‌റാമാൻ പറഞ്ഞു.

സുപ്രീം കോടതിയിൽ, വോട്ടിങ് പ്രായപരിധി കുറയ്ക്കമെന്ന് ആവശ്യപ്പെടുന്ന വിഭാ​ഗത്തിന്റെ അപ്പീലിൽ നാല് ജഡ്ജിമാർ അനുകൂലമായി നിലപാട് സ്വീകരിച്ചു, അതേസമയം അഞ്ചാമത്തെ ജഡ്ജി തീരുമാനത്തിന്റെ ചില വശങ്ങളോട് വിയോജിച്ചു. വോട്ട് ചെയ്യാനുള്ള പ്രായ പരിധിയായി 16 വയസ്സിന് പകരം 18 വയസ്സ് തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്നതിൽ അറ്റോർണി ജനറൽ പരാജയപ്പെട്ടുവെന്ന് ജഡ്ജിമാർ വിധിച്ചു.
കോടതി വിധിയുടെ സ്വഭാവം ന്യൂസിലൻഡിലെ നിയമനിർമ്മാതാക്കളെ ഈ വിഷയം ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുന്നതാണെങ്കിലും ഒരു മാറ്റം വരുത്താൻ ഇത് അവരെ നിർബന്ധിക്കുന്നില്ല. തങ്ങളുടെ ആവശ്യത്തിന് പാർലമെന്റിൽ ആവശ്യമായ 75 ശതമാനം പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അത് നേടാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി സിംഗ് പറഞ്ഞു.
ന്യൂസിലൻഡിലെ വോട്ടിങ് പ്രായം മുമ്പ് 21 വയസ്സായിരുന്നു, 1969 ൽ ആണ് ഇത് 20 ആയി കുറച്ചത്. പിന്നീട് 1974 ൽ വോട്ടിങ് പ്രായപരിധി 18 ആയി നിശ്ചയിച്ചു.

 
Verified by MonsterInsights