ഒന്നരവർഷത്തിൽ കായ്ക്കും, 12 അടിമാത്രം വളർച്ച.

“നല്ല ഉയരത്തിൽ പടർന്നുവളരുന്ന പ്ലാവ്, ഇന്നത്തെ സ്ഥലപരിമിതിയിൽ നമ്മുടെ നാടിന് അനുയോജ്യമല്ലാതായി. ഇതിന് പരിഹാരമാണ് വിയറ്റ്നാം സൂപ്പർ ഏർലി. ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന, പന്ത്രണ്ട് അടി ഉയരത്തിൽ വളരുന്ന, വർഷത്തിൽ രണ്ട് തവണ വിളവ് തരുന്ന, രുചിയും മണവുമുള്ള ഈ പ്ലാവിനം നമ്മുടെ മണ്ണിൽ നന്നായി വളരും. ചൂടുകൂടിയ വേനൽക്കാലവും നല്ല സൂര്യപ്രകാശവുമാണ് വിയറ്റ്നാം സൂപ്പർ ഏർലിക്കു വേണ്ടത്. അതിനാൽ നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് മാത്രമേ നടാവൂ

നടീലും പരിചരണവും

രണ്ടടി വലുപ്പമുള്ള കുഴിയിൽ പത്ത് കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മേൽമണ്ണും ചേർത്ത് കുഴി നിറയ്ക്കണം. മധ്യഭാഗത്തായി വൈകുന്നേരങ്ങളിൽ ഗ്രാഫ്റ്റ് തൈ നടാം. ഒട്ടിയ ഭാഗം മണ്ണിന് മുകളിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൈ ഒടിഞ്ഞുപോകാതിരിക്കാൻ കെട്ടിക്കൊടുക്കാം. ആദ്യഘട്ടങ്ങളിൽ വേനലിൽ തൈകൾക്ക് തണൽ നൽകുന്നതിനും നനയ്ക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.

 

ആറു മാസത്തിലൊരിക്കൽ തടം നന്നായി നനച്ചതിനുശേഷം അരക്കിലോഗ്രാം പൊടിഞ്ഞ കുമ്മായം ചേർത്ത് മണ്ണുമായി ഇളക്കണം. 15 ദിവസത്തിനുശേഷം പത്ത് കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കാലിവളം ചേർക്കാം. കളകൾ നീക്കി ശീമക്കൊന്നകൊണ്ട് പുതനൽകണം. രാസവളമായി അരക്കിലോഗ്രാം യൂറിയയും രാജ്ഫോസും മുക്കാൽ കിലോഗ്രാം പൊട്ടാഷും ആദ്യ വർഷങ്ങളിൽ നൽകാം. രണ്ടാഴ്ചയ്ക്കുശേഷം 40 ഗ്രാം ബോറാക്സ് രണ്ട് കിലോഗ്രാം പൊടിഞ്ഞ കാലിവളത്തിനൊപ്പം ചേർക്കുന്നത് ഗുണം ചെയ്യും.

കായ ചീയൽ

ചക്ക ധാരാളമായി ഉണ്ടാകുമെങ്കിലും ചില സ്ഥലങ്ങളിൽ കായ ചീയൽ വ്യാപകമായി കാണുന്നു. ആദ്യഘട്ടങ്ങളിൽ കുഞ്ഞിച്ചക്കയിൽ ചെറിയ തവിട്ടു നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടും. തുടർന്ന് തവിട്ട് നിറം വ്യാപിക്കുകയും കറുത്ത നിറത്തിലുള്ള ഫംഗസ് വളർന്ന് ചക്ക പൊഴിഞ്ഞുപോകുകയും ചെയ്യും. രണ്ടാഴ്ചയിലൊരിക്കൽ മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തടത്തിൽ ഒഴിച്ചുകൊടുക്കുന്നതും ചെടിയിൽ തളിക്കുന്നതും കായ ചീയൽ ഒഴിവാക്കാൻ സഹായിക്കും.

Verified by MonsterInsights