: കോഴിക്കോട്∙ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് ക്ലോക്ക് ടവറും മറയുന്നു. നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷൻ കെട്ടിടങ്ങൾ പൊളിക്കുന്നതോടൊപ്പമാണ് ക്ലോക്ക് ടവറും അപ്രത്യക്ഷമാകുന്നത്. ടവർ കെട്ടിടത്തിൽനിന്ന് ഭീമൻ ക്ലോക്ക് അഴിച്ചുമാറ്റി. ഇനി കെട്ടിടവും പൊളിച്ചുനീക്കും. നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷനിലെ 90% കെട്ടിടങ്ങളും പൊളിച്ചു പുതിയതു പണിയും.
137 വർഷം പിന്നിടുന്ന കോഴിക്കോട് സ്റ്റേഷനിൽ ബ്രിട്ടിഷ് കാലത്തേ ക്ലോക്ക് ടവർ നിലവിലുണ്ടായിരുന്നു. അതു മാറ്റി ഇപ്പോഴത്തെ ഇലക്ട്രോണിക് ക്ലോക്ക് സ്ഥാപിച്ചത് 2000ൽ ആണ്. കൊച്ചിയിലെ ജോയൽ ടൈംസ് ആണ് കരാറെടുത്തു സ്ഥാപിച്ചത്. 15 വർഷമായിരുന്നു കാലാവധിയെങ്കിലും കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇതു പ്രവർത്തിക്കുന്നുണ്ട്. പുതിയ കെട്ടിടത്തിൽ ക്ലോക്ക് ടവർ ഉൾപ്പെടുത്തിയിട്ടില്ല. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ ഇനി മംഗളൂരുവിൽ മാത്രമാണ് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ അവശേഷിക്കുന്നത്..
