2023ലെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കുന്ന വെടിമരുന്ന് ഉള്‍പ്പെടെയുള്ള എല്ലാ ആയുധങ്ങളും തദ്ദേശീയമായി നിര്‍മ്മിച്ചവയാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ ആര്‍മി ഉപകരണങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചവയാണ് എന്ന് ഇന്ത്യന്‍ ആര്‍മി അറിയിച്ചു. തദ്ദേശീയമായി നിര്‍മ്മിച്ച 105 എംഎം ഇന്ത്യന്‍ ഫീല്‍ഡ് ഗണ്‍സ് (ഐഎഫ്ജി) ഉപയോഗിച്ചാണ് 21 ഗണ്‍ സല്യൂട്ട് നല്‍കുക. റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ത്തവ്യ പഥില്‍ ഈജിപ്ഷ്യന്‍ സൈനിക സംഘവും പങ്കെടുക്കും.
2023 ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 17 ഉം, വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നുമായി ആറുമായി ആകെ 23 ടാബ്ലോകളാണ് പരേഡില്‍ ഉണ്ടായിരിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, സാമ്പത്തികവും സാമൂഹികവുമായ പുരോഗതി, ശക്തമായ ആന്തരികവും ബാഹ്യവുമായ സുരക്ഷ എന്നിവയാണ് പരേഡില്‍ കാണിക്കുക.
അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍, ലഡാക്ക്, ദാദര്‍ നഗര്‍ ഹവേലി, ദാമന്‍ ദിയു, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ടാബ്ലോകളാണ് പരേഡില്‍ പ്രദര്‍ശിപ്പിക്കുക.

ജന്‍ ഭാഗിദാരി (Jan Bhagidari) എന്ന പ്രധാനമന്ത്രിയുടെ ആശയം അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമന പറഞ്ഞിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ആരംഭിച്ച് രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30 നാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ അവസാനിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാര്‍ക്കും ജനങ്ങള്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കും നന്ദിസൂചകമായാണ് ആഘോഷങ്ങള്‍ നടത്തുന്നത്.
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പുതിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ മിലിട്ടറി ടാറ്റൂ & ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റിവല്‍, വീര്‍ ഗാഥ 2.0; വന്ദേ ഭാരതം നൃത്ത മത്സരത്തിന്റെ രണ്ടാം പതിപ്പ്, നാഷണല്‍ വാര്‍ മെമ്മോറിയലില്‍ മിലിട്ടറി & കോസ്റ്റ് ഗാര്‍ഡ് ബാന്‍ഡുകളുടെ പ്രകടനങ്ങള്‍, എന്‍ഡബ്ല്യൂഎം-ല്‍ അഖിലേന്ത്യാ സ്‌കൂള്‍ ബാന്‍ഡ് മത്സരം, ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിനിടെയുള്ള ഡ്രോണ്‍ ഷോ എന്നിവയാണിത്.