സംസ്ഥാനത്തെ 2,023 പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനം. കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തില്‍ പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കെ-വൈഫൈ പദ്ധതി പ്രകാരമാണ് ഇത്. എറണാകുളം ജില്ലയിലെ 221 ലൊക്കേഷനുകളിലാണ് സൗജന്യ വൈഫൈ സേവനം ലഭ്യമാകുന്നത്.
എങ്ങനെ കിട്ടും
കേരള വൈഫൈ കണക്ഷന്‍ ലഭിക്കുന്നതിനായി കേരള ഗവണ്മെന്റ് വൈഫൈ സെലക്ട് ചെയ്യണം. തുടര്‍ന്ന് കെ ഫൈ എന്ന് സെലക്ട് ചെയ്യുമ്പോള്‍ ലാന്‍ഡിങ്ങ് പേജില്‍ മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ ഒ.ടി.പി ജനറേറ്റാകും. ഇതോടെ ഒരു ദിവസത്തേക്ക് 1 ജിബി സൗജന്യ വൈഫൈ ലഭിക്കും. ഇതിന് ശേഷമുള്ള ഉപയോഗത്തിന് നിശ്ചിത ചാര്‍ജ് നല്‍കിയാല്‍ മതിയാകും. സെക്കന്റില്‍ 10 എം.ബി വേഗതയിലാണ് ഇന്റര്‍നെറ്റ് ലഭിക്കുക. ഈ ലിങ്കില്‍ കയറിയാല്‍ എവിടെയൊക്കെയാണ് സൗജന്യ വൈഫൈ ലഭിക്കുന്നതും മനസിലാക്കാം.
എല്ലാ ജില്ലകളിലും കിട്ടും
എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത പൊതുഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭിക്കും. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, കോടതികള്‍, ജനസേവന കേന്ദ്രങ്ങള്‍ തുടങ്ങി ജില്ലാ ഭരണകൂടങ്ങള്‍ തിരഞ്ഞെടുത്ത ഇടങ്ങളില്‍ ആണ് വൈഫൈ സംവിധാനം നടപ്പാക്കുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തീരദേശ മേഖലയിലും സേവനം ലഭിക്കും.
ഒരേ സമയം 100 പേര്‍ക്ക് ഉപയോഗിക്കാം
പൊതു ജനങ്ങള്‍ക്ക് മൊബൈലിലും ലാപ് ടോപ്പിലും സൗജന്യമായി ദിവസേന ഒരു ജിബി വരെ 10 എം.ബി.പി.എസ് വേഗതയോടു കൂടി ഉപയോഗിക്കാം. ഈ പരിധി കഴിഞ്ഞാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ റീചാര്‍ജ് കൂപ്പണ്‍ /വൗച്ചര്‍ ഉപയോഗിച്ച് വൈ -ഫൈ സേവനം തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ 1 ജിബി ഡാറ്റാ പരിധി കഴിഞ്ഞാലും സര്‍ക്കാര്‍ സേവനങ്ങള്‍ പരിധിയില്ലാതെ സൗജന്യമായി തന്നെ ലഭിക്കും. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ രണ്ട് വൈ -ഫൈ അക്‌സസ്സ് പോയിന്റുകളും 10 എം.ബി.പി.എസ് ബാന്‍ഡ് വിഡ്ത്തുമാണ് നല്‍കിയിരിക്കുന്നത്. ഉപയോഗം വിലയിരുത്തിയ ശേഷം ഇതില്‍ പിന്നീട് വര്‍ധന വരുത്തും. ഒരേ സമയം ഒരു ഹോട്ട് സ്‌പോട്ടില്‍ നിന്നും 100 പേര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരണം.
സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ സൗജന്യമായി
സംസ്ഥാന ഡാറ്റ സെന്ററില്‍ ലഭ്യമാക്കിയിട്ടുള്ള എല്ലാ സര്‍ക്കാര്‍ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്‌ളിക്കേഷനുകളും പരിധി ഇല്ലാതെ ലഭിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ സംബന്ധമായ വിവരങ്ങള്‍ തുടങ്ങിയവയും ലഭിക്കും. വ്യത്യസ്ത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ / ലാപ്‌ടോപ്പ് ഉപകരണങ്ങളില്‍ വയര്‍ലെസ് ആക്‌സസ് ലഭ്യമാണ്. സൗജന്യ വൈഫൈയിലേക്ക് ലോഗിന്‍ ചെയ്യാന്‍ ലളിതവും ഉപയോക്തൃ സൗഹൃദവുമായ ഇന്റര്‍ഫേസും നല്‍കിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ പിന്തുണയോടെ ഹെല്‍പ്പ്‌ഡെസ്‌കും ലഭ്യമാണ്. കൂടാതെ, സേവനത്തിന്റെ ലഭ്യതയും ഗുണനിലവാരവും അവലോകനം ചെയ്യുന്നതിനുള്ള നിരീക്ഷണ സംവിധാനമുണ്ട്.
പ്രതിദിനം ഉപയോഗിക്കുന്നത് 40,000 സന്ദര്‍ശകര്‍
സംസ്ഥാനത്തൊട്ടാകെ ഒരേസമയം 1,00,000 ലധികം ഉപയോക്താക്കള്‍ക്ക് പബ്ലിക് വൈഫൈയിലൂടെ സേവനങ്ങള്‍ ലഭിക്കും. പ്രതിദിനം ശരാശരി 40,000 സന്ദര്‍ശകര്‍ ഈ സേവനം ഉപയോഗിക്കുന്നു.ഡാറ്റാ ചാര്‍ജുകളുമായി ബന്ധപ്പെട്ട സുസ്ഥിരതയാണ് പ്രോജക്ടിന്റെ പ്രത്യേകത. നിലവിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ ബാന്‍ഡ് വിഡ്ത്തും ആക്സസ്സ് പോയിന്റുകളുടെ എണ്ണവും വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ഇന്റര്‍നെറ്റ് എല്ലാവരുടെയും അവകാശമാക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ആയാസ രഹിതവുമാക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന സൗജന്യ വൈഫൈ പദ്ധതിയാണ് കെ- ഫൈ.