മാനന്തവാടി: നിയന്ത്രണങ്ങള്‍ക്കിടയിലും കുറുവാദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. രാവിലെ പത്തുമണിക്കുശേഷം എത്തുന്ന ഒട്ടേറെ പേരാണ് ടിക്കറ്റ് ലഭിക്കാതെ നിരാശരായി മടങ്ങുന്നത്. മധ്യവേനലവധിയില്‍ മാത്രം കുറുവാ ദ്വീപിലെത്തിയത് 55,573 പേരാണ്. പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് 2019 മാര്‍ച്ച് 22ന് ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. പിന്നീട് പ്രദേശവാസികളായ മുപ്പത്തെട്ടോളംപേര്‍ചേര്‍ന്ന് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് കോടതി നിര്‍ദേശപ്രകാരം നിയന്ത്രണങ്ങളോടെ 2021 ഒക്ടോബര്‍ രണ്ടു മുതല്‍ വീണ്ടും ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി.