സ്വര്‍ണവില കയറി, ആശങ്ക വേണ്ട.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. നേരിയ വര്‍ധനവ് മാത്രമാണുള്ളത്. എന്നാല്‍ വരും ദിവസം വില കുറയാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. ക്രൂഡ് ഓയില്‍ വില കുതിക്കുന്നത് വിപണിക്ക് മൊത്തം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അവശ്യവസ്തുക്കളുടെ വില കയറുമോ എന്നാണ് ആശങ്ക. നിലവില്‍ പലചരക്ക്, പച്ചക്കറി ഉള്‍പ്പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും വില താങ്ങാവുന്നതിലും അപ്പുറമാണ്.വലിയ കുതിപ്പും സമാനമായ രീതിയില്‍ ഇടിവും കഴിഞ്ഞ മാസത്തെ സ്വര്‍ണവിപണിയില്‍ പ്രകടമായിരുന്നു. ഈ മാസവും സ്വര്‍ണത്തിന് ചാഞ്ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. നേരിയ തോതിലുള്ള വര്‍ധനവും ഒരുപക്ഷേ, ഇടിവിനുമാണ് സാധ്യത. ജൂലൈ ഒന്നിന് പവന്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് 80 രൂപ മാത്രമാണ് വര്‍ധിച്ചത്. അറിയാം സ്വര്‍ണവിലയുടെ പൂര്‍ണ വിവരം.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6635 രൂപയും നല്‍കണം. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലിയും നികുതിയും ചേര്‍ത്താണ് വില ഈടാക്കുക. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. ജ്വല്ലറി ഉടമകളോട് സംസാരിച്ച് പണിക്കൂലി കുറച്ചാല്‍ ആനുപാതിക കിഴിവ് മൊത്തം വിലയിലുണ്ടാകും.

അതേസമയം, സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ നേരിയ വിലക്കുറവിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. ഡോളര്‍ മൂല്യം വര്‍ധിപ്പിക്കുന്നതാണ് ഈ പ്രചാരണത്തിന് കാരണം. വലിയ തോതിലുള്ള വിലയിടിവ് പ്രതീക്ഷിക്കരുത്. ഏറിയും കുറഞ്ഞുമാകും സ്വര്‍ണവില മുന്നോട്ട് പോകുക. അതേസമയം, അമേരിക്കന്‍ ഫെഡ് റിസര്‍വീസ് പലിശ നിരക്ക് സംബന്ധിച്ച വിവരം പുറത്തുവിട്ടാല്‍ സ്വര്‍ണവില മാറും.ഡോളര്‍ സൂചിക 105.90 എന്ന നിരക്കിലാണുള്ളത്. നേരത്തെ 106ന് മുകളിലെത്തിയ വേളയില്‍ സ്വര്‍ണവില പവന് 52600ലേക്ക് കുറഞ്ഞിരുന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.54 എന്ന നിരക്കിലാണുള്ളത്. രൂപ കഴിഞ്ഞ ദിവസത്തേക്കാള്‍ കരുത്ത് കുറഞ്ഞിട്ടുണ്ട്. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ഇത് നേട്ടമാകും. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യം കൂടും.വിപണിയെ അസ്വസ്ഥപ്പെടുത്തുന്നത് ക്രൂഡ് ഓയില്‍ വില വര്‍ധനവാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 86.80 ഡോളറാണ് പുതിയ വില. അമേരിക്കന്‍ ക്രൂഡ് ആയ ഡബ്ല്യുടിഐ ബാരലിന് 83.52 ഡോളറും യുഎഇ ക്രൂഡ് ആയ മര്‍ബണ്‍ ബാരലിന് 86.63 ഡോളറുമാണ് ഏറ്റവും പുതിയ വില. എണ്ണ വില കൂടുന്നത് ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.അമേരിക്കയില്‍ നിന്ന് എണ്ണയ്ക്ക് ആവശ്യം ഏറുന്നതാണ് വില കൂടാന്‍ കാരണം. ആഗോള വിപണിയില്‍ എണ്ണവില കയറുന്നത് അവശ്യ വസ്തുക്കളുടെ വിലക്കയറ്റതിന് ഇടയാക്കും. ചരക്കു കൂലി വര്‍ധിക്കാനും ആനുപാതികമായി ഭക്ഷ്യവസ്തു വില കൂടാനും ഇതിടയാക്കും. അതേസമയം, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വില കുറയ്ക്കാന്‍ തയ്യാറായാല്‍ ആശ്വാസമാകും.

Verified by MonsterInsights