വിപണിയില്‍ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി സംഭരിച്ച് വിലക്കയറ്റം കൂടുതലുള്ള സ്ഥലങ്ങളിലെത്തിക്കാന്‍ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (NAFED), നാഷണല്‍ കോ-ഓപ്പറേറ്റിവ് കണ്‍സ്യൂമേര്‍സ് ഫെഡറേഷന്‍ (NCCF) എന്നിവയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
ഇതേതുടര്‍ന്ന് ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് വെള്ളിയാഴ്ച മുതല്‍ കുറഞ്ഞ വിലയ്ക്ക് തക്കാളി ലഭ്യമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിയുടെ ചില്ലറ വില്‍പന വില കൂടിയ ഇടങ്ങളിലായിരിക്കും ഇത്തരത്തില്‍ ശേഖരിച്ച പുതിയ സ്റ്റോക്ക് തക്കാളി എത്തിക്കുകയെന്ന് ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും തക്കാളി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ തെക്കന്‍, പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് 56%-58% വരെ ഉല്‍പ്പാദനം നടക്കുന്നത്. ഇവിടങ്ങളില്‍ അധികമായി ഉത്പാദിപ്പിക്കുന്ന തക്കാളിയാണ് മറ്റിടങ്ങളിലേക്ക് എത്തിക്കുന്നത്.
ഓരോ മേഖലയിലെയും വിളവെടുപ്പുകാലവും വ്യത്യസ്തമാണ്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വയെയുള്ള മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിളവെടുപ്പ് നടക്കുന്നത്. ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തക്കാളിയുടെ ഉത്പാദനം കുറവുള്ള മാസങ്ങളാണ്. ജൂലൈയില്‍ മണ്‍സൂണ്‍ കൂടി എത്തിയതോടെ ഇത്തവണ വില കുതിച്ചുയരാൻ കാരണമായി. തക്കാളി നടീലിന്റെയും വിളവെടുപ്പിന്റെയും സീസണുകളും പ്രദേശങ്ങളിലുടനീളമുള്ള കാലാവസ്ഥ വ്യതിയാനവുമാണ് തക്കാളിയുടെ വില വര്‍ധനവിന് കാരണം. സാധാരണ വിലക്കയറ്റത്തിന് പുറമെ, താത്കാലിക വിതരണ ശൃംഖലയിലെ തടസ്സങ്ങളും പ്രതികൂല കാലാവസ്ഥ മൂലമുള്ള വിളനാശവും പലപ്പോഴും പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമാകാറുണ്ട്.