പാസ്‍പോർട്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ വരുന്നൂ; പുതിയ ചട്ടം ബാധകമാവുന്നത് കുട്ടികൾക്ക്.

പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവരുടെ ജനന തീയ്യതി തെളിയിക്കാൻ മറ്റൊരു രേഖയും സ്വീകാര്യമല്ലെന്നാണ് അറിയിപ്പ്. ജനന തീയ്യതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി.

ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച പുതിയ ചട്ടം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും. ഫെബ്രുവരി 24ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പാസ്‍പോർട്ട് അപേക്ഷയോടൊപ്പം ജനന തീയ്യതി തെളിയിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകളുടെ കാര്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റോ 1969ലെ ജനന – മരണ രജിസ്ട്രേഷൻ നിയമം അനുസരിച്ച് അധികാരപ്പെടുത്തിയ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റോ മാത്രമായിരിക്കും പാസ്പോർട്ട് അപേക്ഷകൾക്ക് ജനന തീയ്യതി സ്ഥിരീകരിക്കുന്നതിനായി സ്വീകരിക്കുന്നത്.

അതേസമയം 2023 ഒക്ടോബർ ഒന്നിന് മുമ്പ് ജനിച്ചവർക്ക് പുതിയ നിബന്ധന ബാധകമല്ല. ഇവർക്ക് മറ്റ് രേഖകളും ജനന തീയ്യതി സ്ഥിരീകരണത്തിന് ഉപയോഗിക്കാം. അംഗീകൃത സ്കൂൾ സർട്ടിഫിക്കറ്റോ ട്രാൻസ്ഫർ സർഫിക്കറ്റോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സർവീസ് റെക്കോർഡിന്റെ എക്സ്ട്രാക്ട് തുടങ്ങിയവയൊക്കെ ജനന തീയ്യതിയ്ക്കുള്ള തെളിവായി അംഗീകരിക്കും.

വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാനായി അവരുടെ സ്ഥിര മേൽവിലാസം ഇനി പാസ്പോർട്ടിന്റെ അവസാന പേജിൽ പ്രിന്‍റ് ചെയ്യില്ല. പകരം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ടിലെ ബാർകോഡ് സ്കാൻ ചെയ്ത് വിലാസം മനസിലാക്കാനാവും. പാസ്‍പോർട്ടുകളുടെ നിറങ്ങളിലും പുതിയ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. സാധാരണ വ്യക്തികൾക്ക് നിലവിലുള്ള നീല പാസ്‍പോർട്ടുകൾ തന്നെ തുടർന്നും ലഭിക്കും. നയതന്ത്ര ഉദ്യോഗസ്ഥർക്ക് ചുവന്ന നിറത്തിലുള്ള പാസ്‍പോർട്ടുകളും സർക്കാർ പ്രതിനിധികൾക്ക് വെള്ള പാസ്പോർട്ടുകളുമായിരിക്കും നൽകുക.

പാസ്പോർട്ടിലെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ പേരുകൾ നീക്കം  ചെയ്യുന്നതാണ് മറ്റൊരു പ്രധാന മാറ്റം. സാധാരണ ഗതിയിൽ ആവശ്യമില്ലാത്ത ഇത്തരം വിവരങ്ങൾ നീക്കുന്നതോടെ വേർപിരിഞ്ഞ് ജീവിക്കുന്ന ദമ്പതികളുടെ മക്കളുടെ കാര്യത്തിൽ സഹായകമാവുമെന്ന നിലയ്ക്കാണ് മാറ്റം കൊണ്ടുവരുന്നത്.

പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം, ആകർഷകമായ ശമ്പളം; അപേക്ഷ ക്ഷണിച്ചു.

കേന്ദ്രസർക്കാരിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിലേയ്ക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മിനിമം ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി മാർച്ച് 21 വരെ അപേക്ഷിക്കാം. പോസ്റ്റ് ഓഫീസ് ബാങ്കിൽ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിൽ മൊത്തം 51 ഒഴിവുകളാണുള്ളത്. 30,000 രൂപയാണ് തുടക്ക ശമ്പളം. 21 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 150 രൂപയാണ് ഫീസ്. നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. ഫീസ് അടയ്ക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ഛത്തീസ്ഗഡ്, അസം, ബിഹാർ, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, കേരളം (ലക്ഷദ്വീപ്), മഹാരാഷ്ട്ര, ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, പുതുച്ചേരി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പോസ്റ്റ്‌ ഓഫീസ് ബാങ്കില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

അപേക്ഷിക്കേണ്ട വിധം ഇന്ത്യ പോസ്റ്റ് പേയ്‌മെന്റെ ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ https://www.ippbonline.com/ സന്ദർശിക്കുക ഹോം പേജിൽ നിന്ന് റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്ന തസ്തികയുടെ യോ​ഗ്യതകൾ പരിശോധിക്കുക അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക അപേക്ഷ പൂർത്തിയാക്കുക ഫീസടച്ച ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.

കുട്ടികളുടെ വളര്‍ച്ചയ്ക്ക് മാതാപിതാക്കള്‍ക്ക് ഇടയില്‍ ഉണ്ടാവേണ്ട നല്ല ശീലങ്ങള്‍

“ആരോഗ്യകരമായ രക്ഷാകര്‍തൃത്വമാണ് ഒരു കുട്ടിയുടെ വിധി നിര്‍ണയിക്കുന്നത്. നല്ല ശീലങ്ങള്‍ ചെറുപ്പത്തിലേ കുട്ടികളില്‍ വളര്‍ത്തിയാല്‍ വലിയ ഗുണം ചെയ്യും. അവരുടെ ക്രിയാത്മക വളര്‍ച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും ആരോഗ്യകരമായ ജീവിതത്തിനും ഇത് സഹായിക്കും  കുട്ടികളിലെ ആകാംക്ഷ, വൈകാരിക ഘടകങ്ങള്‍, പഠനം എന്നിവ വളര്‍ത്തിയെടുക്കുന്നതും ആത്മവിശ്വാസം, സമ്മര്‍ദ്ദം, പ്രതിരോധ ശേഷി, മാനസിക വികാസം എന്നിവ വളരാനും ഇത് കുട്ടികളെ ജീവിതത്തില്‍ വിജയിക്കാനും പ്രാപ്തരാക്കുകയും ചെയ്യുന്നു.

സര്‍ഗാത്മകത, സാമൂഹിക ബുദ്ധി, സ്വാതന്ത്ര്യം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ വര്‍ധിപ്പിക്കുന്നു. ഇത് കുട്ടികളില്‍ പ്രശ്‌നപരിഹാര കഴിവുകളും വൈകാരിക പ്രതിരോധശേഷിയും രസകരവും ആകര്‍ഷകവുമായ രീതിയില്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നു. സ്വതന്ത്രമായി കളിക്കാനും ചിന്തിക്കാനും അവരെ അനുവദിക്കുക. നല്ല രീതിയില്‍ പെരുമാറുന്ന കുട്ടികളെ പ്രശംസിക്കുകയും കുട്ടികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ദയയുള്ള വാക്കുകളും സ്വരങ്ങളും ആംഗ്യങ്ങളുമാവാം.

കുട്ടികളിലെ ചോദ്യങ്ങളെ പ്രോല്‍സാഹിപ്പിക്കുക

ചോദ്യങ്ങളോട് മാതാപിതാക്കള്‍ ക്ഷമയോടെ പ്രതികരിക്കുന്നത് കുട്ടിയുടെ സഹജമായ ജിജ്ഞാസയെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. ഇത് പ്രശ്‌നപരിഹാര ശേഷിയും സര്‍ഗാത്മകതയും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പഠനത്തോടുള്ള അഭിനിവേശവും വികസിപ്പിക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നു. അവരുടെ മാനസികവും വൈകരികവുമായ വളര്‍ച്ചയെ രൂപപ്പെടുത്തുന്നു.

കുട്ടികളെ ദിവസവും വായിച്ചു കേള്‍പ്പിക്കുക, ഉറക്കെ വായിപ്പിക്കുക, പദാവലി ചെയ്യിപ്പിക്കുക തുടങ്ങിയവ കുട്ടികളുടെ  ഗ്രാഹ്യശേഷി, ഭാവന എന്നിവ മെച്ചപ്പെടുത്താനും വൈകാരിക ബന്ധങ്ങള്‍ വളര്‍ത്താനും വൈജ്ഞാനിക കഴിവുകള്‍ വികസിപ്പിക്കാനും ചെറുപ്പം മുതലേ കുട്ടികളെ അക്കാദമിക് വിജയത്തിനായി സജ്ജമാക്കുകയും ചെയ്യുന്നു. 

അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ നടത്തുക

ആശയങ്ങള്‍, വികാരങ്ങള്‍, അനുഭവങ്ങള്‍ എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുന്നത് മാതാപിതാക്കളും കുട്ടികളും തമ്മിലുളള ആഴത്തിലുള്ള ബന്ധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.

സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക. പസിലുകളും കഥപറച്ചിലും പ്രായോഗിക അനുഭവങ്ങളും പോലുള്ളവ പ്രോല്‍സാഹിപ്പിച്ചാല്‍ വിമര്‍ശനാത്മക ചിന്തയും ശ്രദ്ധയും വൈജ്ഞാനിക കഴിവുകളും വര്‍ധിക്കുകയും ഡിജിറ്റല്‍ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.

“ആരോഗ്യകരമായ ജീവിതശൈലിയെ പ്രോല്‍സാഹിപ്പിക്കുക, സമീകൃതാഹാരം കഴിക്കുക,  പതിവായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക,  ഓര്‍മ നിലനിര്‍ത്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ ആജീവനാന്ത ആരോഗ്യകരമായ ശീലങ്ങള്‍ക്ക് അടിത്തറയിടുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള കടങ്കഥകള്‍ യഥാര്‍ഥ ലോകത്തിലെ പ്രശ്‌നങ്ങള്‍ എന്നിവ സ്വതന്ത്രമായി പരിഹരിക്കാന്‍ പറഞ്ഞുകൊടുക്കുക. ഇത് ആത്മവിശ്വാസവും യുക്തിസഹമായ ചിന്ത, പൊരുത്തപ്പെടല്‍, തീരുമാനമെടുക്കല്‍ എന്നീ കഴിവുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

വികാരങ്ങളെ തിരിച്ചറിയാനും ആശയവിനിമയം നടത്താനും നിയന്ത്രിക്കാനും കുട്ടികളെ സഹായിക്കുന്നത് അവരിലെ സഹാനൂഭൂതി, ക്ഷമ, ആത്മവിശ്വാസം എന്നിവ വളര്‍ത്താനും ജീവിതത്തിലും ജോലിയിലും അവരെ വിജയത്തിലേക്കെത്തിക്കാനും സഹായിക്കുന്നു.


Verified by MonsterInsights