60 വയസ്സ് പിന്നിട്ടവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുണ്ടായത്. കോവിഡ് മോണിറ്ററിങ് സെല്‍ പുനരാരംഭിക്കാനും യോഗം തീരുമാനിച്ചു. റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്ത് ശരാശരി 7,000 പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ 474 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐ.സി.യുവില്‍ ഉണ്ട്. ആവശ്യത്തിന് ഓക്സിജന്‍ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മരുന്നുകള്‍, മാസ്‌ക്, പി.പി.ഇ. കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐ.ഇ.സി. ബോധവല്‍ക്കരണം ശക്തമാക്കിയെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
എ.സി. മുറികള്‍, പൊതുയിടങ്ങള്‍, ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ഭത്തിനനുസരിച്ച് മാസ്‌ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ ജാഗ്രതയും കരുതലും വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ കൂടുതൽ ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പു കൂടി ജാഗരൂഗരാകണം. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.