കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കായണ്ണ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ചു.
പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിലയങ്ങൾ എന്നത് ഏറെ നൂതനമായ ആശയമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കായണ്ണ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി കേരളത്തിലെ ഇരുന്നൂറ്റി നാൽപത് പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികൾ പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സ്കൂളുകളിൽ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ കാലാവസ്ഥയെ കുറിച്ച് പാഠപുസ്തകങ്ങളിൽ നിന്ന് പഠിച്ചത് നേരിൽ കണ്ട് മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. ഇതിലൂടെ ഓരോ കുട്ടിയെയും കാലാവസ്ഥാ നിരീക്ഷകരാക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലൂടെ ഓരോ ദിവസത്തെയും അന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ഡാറ്റകൾ പിന്നീടുള്ള ഗവേഷണങ്ങൾക്ക് പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.
പ്രളയം ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തലമുറയെ കാലാവസ്ഥാമാറ്റം അറിയാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും പരിശീലിപ്പിക്കുന്നത്. റെയ്ൻഗേജ്, തെർമോമീറ്റർ, മോണിറ്റർ, വെതർ ഡാറ്റാ ബാങ്ക് തുടങ്ങി 13 ഉപകരണങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും ഉണ്ടാവുക. ജിയോഗ്രഫി ഐച്ഛിക വിഷയമായുള്ള ജില്ലയിലെ 18 സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമർദ്ദം എന്നിവ നിരീക്ഷിച്ച് കുട്ടികൾ പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തും. സ്കൂൾ വെതർ സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന ഡാറ്റ വിദ്യാർത്ഥികൾ തന്നെ പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തും. പ്രാഥമിക ഡാറ്റ സ്കൂൾ വിക്കിയിലും വിശദഡാറ്റ എസ്.എസ്.കെയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. കാലാവസ്ഥയിൽ വരാവുന്ന മാറ്റം നിർണ്ണയിച്ച് ജനങ്ങൾക്ക് വിവരം കൈമാറാനും ഇതിലൂടെ സാധിക്കും. പദ്ധതിയുടെ ഭാഗമായി ജ്യോഗ്രഫി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പരിശീലനം നൽകും.
ചടങ്ങിൽ കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം പദ്ധതി വിശദീകരണം നടത്തി. ചക്കിട്ടപാറയിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥി അഭികൃഷ്ണ വരച്ച ചിത്രം മന്ത്രിക്ക് സമ്മാനിച്ചു. ജോഗ്രഫിയിൽ ഡോക്ടറേറ്റ് നേടിയ ശ്രീലു ശ്രീപതിയെയും സബ്ജില്ലാ കലോത്സവത്തിൽ വിജയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.കെ രജിത, കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, വെെസ് പ്രസിഡന്റ് ഷീബ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ നാരായണൻ, ബിൻഷ, പഞ്ചായത്തംഗംജയപ്രകാശ്, പേരാമ്പ്ര ബിപിസി വി.പി നിത, ബിപിസി ട്രെയിനർ കെ സത്യൻ, ഹെഡ്മാസ്റ്റർ വി.കെ പ്രമോദ്, പ്രിൻസിപ്പൽ ഇ.കെ ഷാമിനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ സംസാരിച്ചു.